Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്പായിയുടെ മരിക്കാത്ത ഓർമകളുമായി കൊച്ചി

umbayeenew

‘നയാ പൈസയില്ലാ കൈയിലൊരു നയാ പൈസയില്ല. നഞ്ചു വാങ്ങി തിന്നാൻ പോലും നയാ പൈസയില്ല ’

ഒട്ടേറെ നൊസ്റ്റാൾജിക് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന കൊച്ചിയുടെ സ്വന്തം ഗായകൻ ഉമ്പായി ഒരുപക്ഷേ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ഈ രണ്ടു വരികളായിരിക്കും. ഇല്ലായ്മയും വല്ലായ്മയും നിറഞ്ഞ ജീവിതത്തിലെ ദുഃഖങ്ങളെ ഉമ്പായി മറന്നതു സംഗീതത്തിലൂടെയാണ്  കൊച്ചിയെ സംഗീതമായി കണ്ട പാട്ടുകാരനാണ് ഉമ്പായി. അതിരുകളില്ലാത്ത സംഗീത പ്രണയത്തിന്റെ ഗായകനായ അദ്ദേഹത്തിന്റെ ജീവിതം കെടുതികളും കൊടിയ ദാരിദ്ര്യവും നിറഞ്ഞതായിരുന്നു. കൊച്ചിയുടെ സംഗീതത്തിന്റെയും കലാകാരന്മാരുടെയും ജീവിതം കൂടിയാണത്.

പശ്ചിമ കൊച്ചിയിലെ നെല്ലുകടവ് എന്ന ദേശത്താണ് ജനനം. സാധാരണക്കാരും കൂലിവേലക്കാരും തിങ്ങിത്താമസിക്കുന്ന പ്രദേശം. അവരിൽ സംഗീതം കുടികൊണ്ടിരുന്നു. കൊച്ചിയുടെ സംഗീത പാരമ്പര്യത്തിന്റെ വേരുകൾ തേടി ചെല്ലുമ്പോൾ എത്തിച്ചേരുക ഇത്തരം സാധാരണക്കാരിലായിരിക്കും. ഇവരിലാണ് സംഗീതത്തിന്റെ ഓജസും തേജസും തെളിഞ്ഞു കാണുന്നത്. അവരെ മറന്ന് കൊച്ചിയുടെ കഥ പറയാൻ ആവില്ല. ‘‘രാഗം ഭൈരവി’’ എന്ന ആത്മകഥയിൽ ഉമ്പായി തന്റെ സംഗീതയാത്ര വിവരിക്കുന്നുണ്ട്. 

മെഹബൂബ് സംഗീത രംഗത്ത് സജീവമായ കാലം കൊച്ചിയിൽ സംഗീതത്തിന്റെ സുവർണകാലമെന്ന് വിശേഷിപ്പിക്കാം. മെഹബൂബിന്റെ സംഗീത യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കാനായതാണ് തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് ഉമ്പായി സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിയിലെ സൗഹൃദങ്ങളിലെ ഒരു കണ്ണിയാണ് ജോൺ ഏബ്രഹാം. ഉമ്പായി എന്ന പേര് ജനകീയമാക്കിയത് ജോണാണ്. ഒരു ഗസൽ ആലാപനത്തിനിടയിൽ ഞാനൊരു പാട്ടു കേട്ടോട്ടെ എന്നു ചോദിച്ചു വന്നയാളാണ് ജോൺ ഏബ്രഹാം. ആ സൗഹൃദം പിന്നെ തഴച്ചുവളർന്നു. തെരുവു നാടകങ്ങളിലും അമ്മ അറിയാൻ സിനിമയിലുമെല്ലാം ഉമ്പായി പാടി.

സ്വന്തം പാട്ട് ആദ്യമായി ഉമ്പായി തന്നെ കേൾക്കുന്നതിനു റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ വഴിയൊരുക്കിയത് ജോണാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട ‘കിസ്ശാൻ സെ വൊ ആജ്’ എന്ന ഗസൽ ജോൺ പലകുറി ഉമ്പായിക്കൊണ്ടു പാടിച്ചിട്ടുണ്ട്. കൊച്ചിയിലെ ഓർമകളിൽ ഒരിക്കലും മറക്കാനാകാത്തതാണ് തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രാങ്കണത്തിലെ സംഗീത സദസ്. അന്നത്തെ സിറ്റി പൊലീസ് കമ്മിഷണർ പി. വിജയന്റെയും സുഹൃത്ത് പ്രദീപ് കുമാറിന്റെയും ശ്രമഫലമായിരുന്നു അത്. സംഗീതം ജാതി, വർഗ, വർണ, ഭാഷാ, വേഷങ്ങൾക്കെല്ലാം ഉപരിയാണെന്ന് അതു തെളിയിച്ചു.

ഒരിക്കൽ ചന്തിരൂരിലെ ഒരു കല്ല്യാണ വീട്ടിൽ ഉമ്പായി പാടുകയാണ്. ധാരാളം ശ്രോതാക്കൾ. കച്ചേരിക്കിടയിൽ ബിരിയാണി വിളമ്പി. കൂടി നിന്നവരെല്ലാം ബിരിയാണിയുടെ പിറകെ പോയി. ഉമ്പായി ഒറ്റയ്ക്കിരുന്ന് പാടുകയാണ്. പാട്ടു കഴിഞ്ഞപ്പോൾ ഇക്കാര്യം അദ്ദേഹത്തോടു സൂചിപ്പിച്ചു. ജനത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എല്ലാവരെയും പിടിച്ചിരുത്തുവാനാകുമ്പോഴാണ് ഒരു പാട്ടുകാരൻ വിജയിക്കുന്നത് എന്നായിരുന്നു ഉമ്പായിയുടെ മറുപടി.

സംഗീത പ്രേമികളെ ഗസൽ മഴയിൽ കുളുർപ്പിച്ച ആ ആലാപനത്തിനു പിന്നിൽ ദാരിദ്ര്യത്തിന്റെ തിക്താനുഭവങ്ങളുണ്ടായിരുന്നു. സ്വന്തമായി ഒരു വീടു വാങ്ങാൻ, മകളെ വിവാഹം ചെയ്ത് അയയ്ക്കാൻ ഉമ്പായി സഹിച്ച കഷ്ടപ്പാടുകൾ ചില്ലറയല്ല. സംഗീതത്തെ പ്രണയിച്ച കൊച്ചിയുടെ സൗഹൃദവലയങ്ങൾ അപ്പോഴെല്ലാം തുണയായി. ആത്മാർഥ സുഹൃത്ത് പി.ഇ. ഹമീദ്, അബാദ് എം.ഡി. റിയാസ് അഹമ്മദ് തുടങ്ങിയവർ ചെയ്ത സഹായങ്ങൾ ഉമ്പായി എപ്പോഴും സ്മരിക്കുമായിരുന്നു.

ഉമ്മ എന്നും ഒരു സാന്ത്വനമായിരുന്നു ഉമ്പായിക്ക്. അവർ സ്നേഹ വാത്സല്യങ്ങളും ലാളനയും വാരിക്കോരി കൊടുത്തു. ഉമ്പായിക്കു മുൻപേ പിറന്ന നാല് ആൺകുട്ടികളും പിറന്ന് അധികം വൈകാതെ മരിച്ചുവത്രേ. ഇബ്രാഹിം എന്ന പേരു തന്നെയാണ് ബാപ്പ അവർക്കെല്ലാം നൽകിയിരുന്നത്. ആ പേരിന് എന്തോ ദുർനിമിത്തം ഉണ്ടെന്നും അതുകൊണ്ട് അത് ഒഴിവാക്കണമെന്നും പലരും ഉപദേശിച്ചെങ്കിലും കമ്യൂണിസ്റ്റായിരുന്ന ബാപ്പ അന്ധവിശ്വാസമാണെന്നു പറഞ്ഞ് ഒന്നും ചെവിക്കൊണ്ടില്ല. ഇബ്രാഹിം എന്നു തന്നെ വിളിച്ചു. പിന്നീട് ഉമ്മ വാത്സല്യപൂർവം വിളിച്ച പേരാണ് ഉമ്പായി.

‘‘പാടുക സൈഗാൾ പാടൂ...’’  ഉമ്പായിയുടെ പാട്ടുകൾ അവസാനിക്കുന്നില്ല. വേറെ ഏതോ ലോകത്തിരുന്ന് അദ്ദേഹം പാടുകയാണ്. ആ സംഗീതം മഴയായി പെയ്തിറങ്ങുന്നു.