Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക സംഗീതത്തിൽ മയങ്ങി കൊച്ചി

kochi-music സംഗീത ലോകം: ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

നൂറു കണക്കിന് ആസ്വാദകർ ശ്വാസം അടക്കിയിരുന്ന നിശബ്ദമായ സംഗീത വേദി. ലോക വേദികളിൽ വിസ്മയം തീർത്ത സംഗീതജ്ഞർ മുന്നിൽ. ഉച്ചഭാഷിണിയുടെ പോലും സഹായമില്ലാതെ തെളിനീരു പോലുള്ള ശുദ്ധ സംഗീതം ഒഴുകിപ്പരന്നു. സംഗീതം ഇഫക്ടുകളോടെ പൊലിപ്പിക്കുന്ന പുതുകാലത്തു പാശ്ചാത്യ സംഗീതത്തിന്റെ തനിമ ഉപകരണങ്ങളിൽ നിന്നും ഗായികയിൽ നിന്നും സൂക്ഷ്മതയോടെ കാതുകളിലേക്കും മനസ്സുകളിലേക്കും പ്രവഹിക്കുന്ന അവാച്യമായ സംഗീത വിരുന്ന്.

ലോകപ്രശസ്തരായ ഓസ്ട്രേലിയൻ സംഗീതജ്ഞരുടെ കൂട്ടായ്മയായ ഓസ്ട്രേലിയൻ വേൾഡ് ഓർക്കസ്ട്ര കേരളത്തിലേക്കുള്ള ആദ്യ വരവിൽ തന്നെ ആസ്വാദകരുടെ ഹൃദയം കീഴടക്കി. എഡബ്ല്യുഒ ആർട്ടിസ്റ്റിക് ഡയറക്ടറായ അലക്സാണ്ടർ ബ്രിഗർ ചീഫ് കണ്ടക്ടറായ സിംഫണിയിൽ വിഖ്യാത വയലിനിസ്റ്റും ഫെസ്റ്റിവൽ സ്ട്രിങ്സ് ലൂസേൺ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ഡാനിയേൽ ഡോഡ്സ് ആയിരുന്നു ശ്രദ്ധാകേന്ദ്രം.

1717ൽ നിർമിച്ച കോടികൾ വിലകൽപ്പിക്കുന്ന സ്ട്രഡിവാരിയസ് വയലിനിലാണ് അദ്ദേഹം സംഗീത വിസ്മയം തീർത്തത്. പാരീസിൽ നിന്നുള്ള ഗായിക കാരോലിൻ മെൻഗിനും ഫ്രഞ്ച് ഗാനവുമായി വേദി കീഴടക്കി. മൊസാർട്ട് സംഗീതവുമായിട്ടായിരുന്നു തുടക്കം. ഫ്രഞ്ച് കംപോസറായ കാമിൽ സെന്റ് സാൻസ് 1863ൽ ഒരുക്കിയ റോൺഡോ കാപ്രിസിസോ, ജോർജസ് ബിസെറ്റിന്റെ ഏരിയാസ് ഫ്രം കാർമാൻ എന്നിവയായിരുന്നു അടുത്തത്.

ബിഥോവന്റെ സിംഫണിയുടെ മാന്ത്രിക ലഹരി നിറച്ചാണ് ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട സംഗീത വിരുന്ന് അവസാനിച്ചത്. പരിപാടിക്കു മുന്നോടിയായി സെന്റർ ഫോർ ഓട്ടിസം ഇന്ത്യയുടെ പുരസ്ക്കാരങ്ങൾ ഗായിക കെ.എസ്. ചിത്ര ഉൾപ്പെടെയുള്ളവർക്കു മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. അധ്യക്ഷ ഡോ. മിനി കുര്യൻ ആണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംഗീത പരിപാടിയിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിൽ ഒരു പങ്കു മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കും മറ്റൊരു പങ്കു തിരുവല്ലയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഓട്ടിസം ഇന്ത്യ സ്പെഷൽ സ്കൂളിനായും നൽകും.

ബാൻഡ് അംഗങ്ങൾ ഇന്നു തിരുവല്ലയിൽ സ്പെഷൽ സ്കൂൾ സന്ദർശിക്കുന്നുമുണ്ട്. സംഘത്തിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം വേദിയായിരുന്നു കൊച്ചിയിലേത്. 28നു മുംബൈയിലാണ് അവസാന വേദി. ബാൻഡിനെ കേരളത്തിലെത്തിച്ചത് ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി വ്യവസായിയായ ഓസ്കർ ഗ്രൂപ്പ് ഡയറക്ടർ ജേക്കബ് ചെറിയാനാണ്. ഇംപ്രസാരിയോ ആയിരുന്നു കൊച്ചിയിലെ സംഘാടകർ.