Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരു വിളിക്കില്ല, പകരം പാട്ടു പാടി വിളിക്കും

village-2

പാട്ടുപേരുള്ളവരുടെ ഒരു നാടുണ്ട്, അങ്ങു കിഴക്ക്. കോങ്തോങ് എന്നാണ് ഈ നാടിനു പേര്. മേഘാലയയിലെ വനഗ്രാമം. ഇവിടെ ആരും ആരെയും പേരുചൊല്ലി വിളിക്കാറില്ല. പകരം പാട്ടിലൂടെയാണു വിളിക്കുക. ഓരോരുത്തർക്കും പേരു പോലെ ഓരോ പാട്ട്. പാട്ടിലൂടെ അവർ നീട്ടി വിളിക്കും. 

കു‍‌ഞ്ഞുങ്ങള്‍ ജനിക്കുന്നതിന് എത്രയോ മുൻപുതന്നെ ഈ ഗ്രാമത്തിലെ അമ്മമാർ മക്കൾക്കായി പാട്ടൊരുക്കാറുണ്ട്. കുഞ്ഞു ജനിക്കുമ്പോൾ ആ പാട്ടുചൊല്ലി വിളിക്കും. പിന്നെ, ജീവിതകാലം മുഴുവൻ അവർ ആ ഈണത്തിനു വിളി കേൾക്കും. തലമുറകളായി കോങ്തോങ് ഗ്രാമവാസികൾ പിന്‍തുടർന്നു വരുന്നൊരു ആചാരം. 

ഗ്രാമത്തിൽ എല്ലാവർക്കും പേരുണ്ട്. പക്ഷേ, വളരെ അപൂർവമായി മാത്രമേ വിളിക്കാറുള്ളൂ.ചുരുങ്ങിയതു മുപ്പതു നിമിഷമെടുക്കും ഒരാളുടെ പേരു വിളിക്കാൻ. 

കോങ്തോങ് ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോൾത്തന്നെ അതിഥികളെ സ്വാഗതം ചെയ്യുക സംഗീതമാണ്. വഴിയരികിലെ വീടുകളിൽ നിന്നെല്ലാം പല രാഗത്തിൽ, പല ഭാവത്തിൽ സംഗീതം കേള്‍ക്കും. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ കുട്ടികളെ അമ്മമാർ വിളിക്കുന്നതായിരിക്കും. മറ്റു ചിലപ്പോൾ കളിസ്ഥലങ്ങളിൽ കുട്ടികൾ പരസ്പരം പേരു വിളിച്ചു സംസാരിക്കുന്നതായിരിക്കും. കാരണം സംഗീതമാണ് അവരുടെ ഭാഷ. സർവം സംഗീതമയം. 

ഖാസി വിഭാഗത്തിൽപ്പെടുന്നവരാണു ഗ്രാമവാസികൾ. പാട്ടുപേരിനെപ്പറ്റി മൂന്നുകുട്ടികളുടെ അമ്മയായ യുവതിയുടെ വാക്കുകൾ ഇങ്ങനെ: ‘മക്കളെ വിളിക്കാനുള്ള പാട്ടു പിറന്നത് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണ്. അവരോടുള്ള എന്റെ സ്നേഹവും സന്തോഷവും എല്ലാം ഈ സംഗീതത്തിൽ ഉണ്ട്.’

‘എന്റെ മകൻ വികൃതി കാണിക്കുമ്പോൾ ചിലപ്പോള്‍ അതിയായി ദേഷ്യം വരും. ആ സമയത്തു മാത്രമാണു ഞാൻ ദേഷ്യത്തോടെ അവന്റെ യഥാർഥ പേരു വിളിക്കാറുള്ളത്. അല്ലാത്ത സമയങ്ങളിലെല്ലാം, അവന്‍ ജനിച്ചപ്പോൾ അവനായി ഞാൻ തയാറാക്കിയ പാട്ടിലൂടെയാണു വിളിക്കുന്നത്. അതാണ് എനിക്കിഷ്ടവും.’-  ഗ്രാമത്തിലെ പ്രദേശിക നേതാവു കൂടിയായ റോത്തൽ കോങ്സിറ്റ് എന്ന സ്ത്രീ പറഞ്ഞു. 

village-1

പ്രകൃതിയുടെ വരദാനം ഈ സംഗീത ഗ്രാമം

വനത്താലും കുന്നുകളാലും ചുറ്റപ്പെട്ട ശാന്തമായ ഗ്രാമമാണു കോങ്തോങ്. അടുത്തുള്ള പട്ടണത്തിൽനിന്നു മണിക്കൂറുകളെടുക്കുന്ന ട്രെക്കിങ്ങിലൂടെ മാത്രമേ ഗ്രാമത്തിലെത്താൻ സാധിക്കൂ. 2000 ലാണ് ഈ വനഗ്രാമത്തിൽ വൈദ്യുതി എത്തുന്നത്, 2013ല്‍ പട്ടണവുമായി ബന്ധിപ്പിക്കുന്ന ഒരു ചെറിയ റോഡും. അതൊഴിച്ചാൽ പിന്നെ യാതൊരു വികസനവും  ഈ ഗ്രാമത്തിൽ എത്തിയിട്ടില്ല. വനത്തെ ആശ്രയിച്ചാണ് ഇവിടത്തെ ജനജീവിതം. കന്നുകാലി വളർത്തലാണു  ഗ്രാമീണരിൽ ഭൂരിഭാഗത്തിന്റെയും വരുമാനമാർഗം. 

കോങ്തോങ്ങിന്റെ പ്രകൃതിയോട് ഇണങ്ങി നിൽക്കുംവിധമാണ് ഈ സംഗീതമെന്നതാണു മറ്റൊരു പ്രത്യേകത. ഈ പാട്ടുപേരുകളെക്കുറിച്ചു ഗ്രാമവാസിയായ ഖോങ്സിത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘ഈ കുന്നുകളും വനവുമുള്ള ഇവിടുത്തെ പ്രകൃതിയാണു ഞങ്ങളുടെ ജീവിതം. അതിനു ദോഷം വരുന്ന ഒന്നും ഞങ്ങൾ ചെയ്യുകയില്ല. കാടിനു ഞങ്ങളെയും ഞങ്ങൾക്കു കാടിനെയും നന്നായി അറിയാം. ഇവിടുത്തെ പക്ഷിമൃഗാദികൾക്കും ഭാഷയുണ്ടെന്നാണു ഗ്രാമവാസികളുടെ വിശ്വാസം. അതും സംഗീതമാണെന്നും വിശ്വസിക്കുന്നു. പക്ഷികളുടെ ശബ്ദം കേട്ടിട്ടില്ലേ. അതൊരു പാട്ടാണ്. അവർ പരസ്പരം വിളിക്കുന്നതാണ്. അതുപോലെയാണ് ഇവിടുത്തെ ഗ്രാമവാസികളായ ഞങ്ങളും.'

ഗോത്ര വനിതയുടെ സംഗീതം

ഖാസി വിഭാഗക്കാർ പരമ്പരാഗതമായി തുടർന്നു വരുന്ന ഒരു ആചാരമാണ് ഈ പാട്ടുപേര്.  ജിംഗ്രവെയ് ലോബെ എന്ന പേരിലാണ് ഈ ആചാരം അറിയപ്പെടുന്നത്. ഗോത്ര വനിതയുടെ സംഗീതം എന്നാണു ഈ പദത്തിന് അർഥം. ഇന്ത്യയിലെ മറ്റു സമുദായങ്ങളിൽനിന്നു വ്യത്യസ്തമായി, ഈ വിഭാഗക്കാർക്കിടയിൽ സ്വത്തവകാശം സ്ത്രീകൾക്കാണ്. ‘സ്ത്രീയാണ് കുടുംബത്തിന്റെ ദേവത’ എന്നാണ് ഇവരുടെ വിശ്വാസം. ‘അമ്മയുടെ സ്വത്തിലെ അവകാശം മകൾക്ക്’ അതാണ് ഇവരുടെ രീതി. സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെ ഈ സ്വത്തുക്കൾ അവളുടെ ഭർത്താവിനും ഉപയോഗിക്കാം. പക്ഷേ, സ്വത്തിന്റെ അവകാശി സ്ത്രീ തന്നെയായിരിക്കും. എന്നാൽ അധികാരികൾ പുരുഷൻമാരും.

village-3

 

തലമുറകൾ വഴിമാറുന്ന സംഗീതം

കാലഘട്ടത്തിന് അനുസരിച്ച് കോങ്തോങ്ങിലെ ഗ്രാമീണരുടെ പേരുകളിലെ സംഗീതത്തിലും മാറ്റമുണ്ട്. എങ്കിലും  നൂറ്റാണ്ടുകൾക്കു മുൻപു തുടങ്ങിവച്ചൊരു ആചാരം പുതിയ തലമുറയും പിന്തുടരുന്നു. അവരുടേതായ രീതിയിലാണെന്നു മാത്രം. ഇന്നത്തെ തലമുറയിലെ പല പേരുകളും ബോളിവുഡ് ഗാനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നവയാണ്. ടെലിവിഷനും മൊബൈൽ ഫോണും എല്ലാം ചെറിയ തോതിലെങ്കിലും ഇവരെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ടെന്നു പറയാതെ വയ്യ. എങ്കിലും ജീവിതം മുഴുവന്‍ സംഗീതം നിറയ്ക്കാൻ തയാറാകുന്ന പുതുതലമുറയുടെ മനോഭാവം ഒരു മെലഡി കേൾക്കുമ്പോലെ മനോഹരമാണ്.