Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം വയസ്സിലെ കളിപ്പാട്ടം; കഥ പറയുന്ന വയലിനുകൾ; ഒടുങ്ങാത്ത ഓർമ

bala-new

ബാലഭാസ്കറിനെ കുറിച്ച് എഴുതിയും പറഞ്ഞും ഇനിയും മതിയായില്ലേ എന്നു ചോദിക്കുന്നവരോടു ഒരു ഉത്തരമേ പ്രിയപ്പെട്ടവർക്കുള്ളൂ. 'ഇല്ല... ഒരു ജൻമത്തിന്റെ ഓർമകൾ സമ്മാനിച്ചാണ് ബാലു മടങ്ങിയത്. ആ ഓർമകൾക്കു മരണമില്ല.' പുതുതലമുറയിലെ സംഗീത സ്നേഹികള്‍ക്ക് വയലിൻ എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ടാകും. കാരണം ബാലഭാസ്കറിനെ ഓർക്കുമ്പോൾ തന്നെ ഒരു ഫ്രെയിമിൽ എന്ന പോലെ വയലിനും ഒപ്പമുണ്ടാകും. മൂന്നാം വയസിൽ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിൻ. പിന്നീട് അത് ജിവിതത്തിനോട് ഇഴചേരുകയായിരുന്നു, ശരീരത്തിലെ ഒരവയവം പോലെ. തിരുവനന്തപുരത്തെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ബാലുവിന്റെ ഗുരു അമ്മാവൻ ബി.ശ്രീനിവാസായിരുന്നു.

ബാലഭാസ്കറിന്റെ കയ്യിലിരുന്നാവും പലരും വ്യത്യസ്തമായ വയലിനുകൾ കാണുന്നത്. വേദികളിൽ ബാലു ഇന്ദ്രജാലം തീർക്കുമ്പോൾ ആ നിർവൃതിയിൽ കണ്ണുനിറയുന്ന എത്രയോ കാണികളെ കാണാം. അത്രമാത്രം ഹൃദ്യമായിരുന്നു ബാലുവിന്റെ സംഗീതം. അത് ഹൃദയങ്ങളെയാണ് ചെന്നുതൊട്ടത്. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ ആയിരുന്നു. ഫ്യൂഷൻ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളിൽ വിരിഞ്ഞത്. എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ ബാലു വയലിനിൽ മീട്ടുമ്പോൾ അതിൽ അലിഞ്ഞ് ഇല്ലാതെയാകുന്നു.

എത്ര സങ്കീർണമായ സംഗീതവും നിഷ്പ്രയാസം എന്നു തോന്നിപ്പിക്കുന്ന ഭാവത്തോടെയാണ് ബാലഭാസ്കർ അവതരിപ്പിച്ചിരുന്നത്. അതിന് അദ്ദേഹം കാരണമായി പറയുന്നത് വയലിനെ തനിക്ക് പേടിയില്ല എന്നാണ്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന വിശേഷണവും ബാലഭാസ്കറിന് സ്വന്ത‌മായതും ആ അനായാസഭാവം കാരണമാകും. 'മംഗല്യപ്പല്ലക്ക്' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കുമ്പോൾ പ്രായം 17. ഈസ്റ്റ് കോസ്റ്റിനുവേണ്ടി ഹിറ്റ് റൊമാന്റിക് ആൽബങ്ങൾ. എന്നാൽ വെള്ളിത്തിര ഒരിക്കലും ബാലഭാസ്കറിനെ ഭ്രമിപ്പിച്ചില്ല. വയലിനിലെ അനന്തസാധ്യതകൾ തന്നെയായിരുന്നു ബാലുവിന്‍റെ സ്വപ്നം. യേശുദാസ്, കെ എസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി പ്രമുഖർക്കൊപ്പം ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകൾ പിന്നിട്ടു. 40 വയസിനുള്ളിൽ ഒരു കലാകാരൻ എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ എല്ലാം കീഴടക്കി മുന്നേറുകയായിരുന്നു.

balabhaskar-with-violin

കണ്ണുകൾ പൂട്ടി ചെറുചിരിയോടെ ബാലഭാസ്കർ വേദിയിൽ സംഗീതത്തിന്റെ മായാലോകം തീർക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമൊട്ടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്. പക്ഷേ പറയാനുള്ളത്  പലതും തുറന്നു പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടിവന്ന പലതിനെ പറ്റിയും ബാലഭാസ്കർ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ആനന്ദിപ്പിച്ച, അമ്പരപ്പിച്ച കലാകാരനാണ് ഇപ്പോൾ അറിയുന്ന ഓരോരുത്തരുടെയും മനസിൽ നോവായി മടങ്ങിയത്. മരണശേഷം ആണ് ഓരോ മലയാളിക്കും അദ്ദേഹം എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് മലയാളം തന്നെ തിരിച്ചറിയുന്നത്. ഇപ്പോൾ ആ വയലിൻ സംഗീതം കേൾക്കുമ്പോൾ ഉള്ളൊന്നു പിടയാത്ത കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല തന്നെ. ഇനി ആ പാട്ടുകൾ കേൾക്കുമ്പോൾ വിങ്ങലാകും ബാക്കി. യൂട്യബിലും മറ്റും ആ ഗാനങ്ങളുടെ കമന്റ് ബോക്സിൽ കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ വന്നു നിറഞ്ഞ കമന്റുകളും അതിന്‍റെ സാക്ഷ്യമാകുന്നു.

ബാലഭാസ്കറിന്റെ നേട്ടങ്ങളും പ്രണയവും ജീവിതവും ഒടുവിൽ മരണവുമെല്ലാം എന്നും ഓർമിക്കപ്പെടുക തന്നെ ചെയ്യും. 15 വർഷം കാത്തിരുന്ന് കിട്ടിയ മകൾ തേജസ്വിനിക്ക് പിന്നാലെ ബാലുവും മടങ്ങി. താൻ ജീവനേക്കാളേറെ സ്നേഹിച്ച വയലിനെ മാറോടണക്കിയാണ് ബാലു യാത്രയായത്. ഒടുവിൽ വേദനയായി ബാലഭാസ്കറിന്റെ പ്രിയതമ ലക്ഷ്മി നില്‍ക്കുന്നത് ആ നോവിന്‍റെ ഭാരമേറ്റുന്നു