Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദയവായി നിർത്തൂ, ഇങ്ങനെ വിചാരണ ചെയ്യരുതേ: യാചിച്ച് ചിൻമയി

chinmayi-metoo

മീടു ക്യാംപെയ്നിന്റെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിൽ ഇങ്ങനെ വിചാരണ ചെയ്യരുതെന്നു പ്രശസ്ത ഗായിക ചിൻമയി. ദയവായി ഇത് നിർത്തണമെന്നും ചിൻമയി യാചിച്ചു. തമിഴ്നാട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 

ചിൻമയി അടക്കം മൂന്ന് വനിതകളാണു വാർത്താ സമ്മേളനത്തിന് എത്തിയത്. വിവിധ മേഖലയിൽ തങ്ങൾക്കു നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ നേരത്തെ ഇവർ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചിൻമയി അടക്കമുള്ളവർ വാർത്താ സമ്മേളനത്തിന് എത്തിയത്. എന്നാൽ അവരെ മാനസികമായി തളർത്തുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു ചില മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

അത്യന്തം സെൻസിറ്റീവായ ചോദ്യങ്ങൾ തമിഴ് വാർത്താലേഖകർ ചിൻമയിയോടു ചോദിച്ചു. ദയാവായി നിർത്തു, ഇങ്ങനെ വിചാരണചെയ്യരുതെന്നു പറഞ്ഞ് ചിൻമയി അവരോടു കൈകൂപ്പി യാചിച്ചു. ചിൻമയിയുടെ വാക്കുകൾ ഇങ്ങനെ: ' ഞങ്ങൾക്കു നേരിടേണ്ടി വന്ന അതിക്രമങ്ങളെ പറ്റിയാണു തുറന്നു പറഞ്ഞത്. ഈ രാജ്യത്തെ എല്ലാ പുരുഷൻമാരെയും മോശക്കാരായി ചിത്രീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരിതങ്ങളുടെ വലിയ കഥകള്‍ തന്നെ ഈ സ്ത്രീകൾക്കുണ്ട്. ഇത്തരം അക്രമങ്ങളെ നേരിടാൻ പുരുഷൻമാര്‍ക്കു സഹായിക്കാൻ കഴിയുമോ എന്നാണു ചോദിക്കാനുള്ളത്. പക്ഷേ, അതിക്രമത്തിന് ഇരയായവരെ നിശബ്ദരാക്കാനാണു നിങ്ങൾ ശ്രമിക്കുന്നത്.'

മീടു ക്യാംപെയ്നിൽ രാജ്യമൊട്ടാകെ നിരവധി സ്ത്രീകളാണു തങ്ങൾക്കു നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ പറ്റി തുറന്നു പറഞ്ഞു. തമിഴ് സിനിമ മേഖലയിൽ ചിൻമയി അടക്കമുള്ളവരാണു ലൈംഗിക അതിക്രമങ്ങളെ പറ്റി ആദ്യം തുറന്നു പറഞ്ഞത്. പ്രശസ്ത കവി വൈരമുത്തുവിനെതിരെയും ഗായകൻ കാർത്തികിനെതിരെയും ചിൻമയി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.