Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീടു: സമൂഹമാധ്യമങ്ങൾ ചിലപ്പോൾ ദുരുപയോഗം ചെയ്യപ്പെടാമെന്ന് റഹ്മാൻ

ar-rahman

മീടു ക്യാംപെയ്നിനെ തുടർന്ന് രാജ്യമെമ്പാടും സ്ത്രീകൾ നടത്തിയ ലൈംഗിക അതിക്രമ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നിലപാടു വ്യക്തമാക്കി സംഗീത സംവിധായകന്‍ എ. ആർ. റഹ്മാൻ. വെളിപ്പെടുത്തലുകളുടെ ഭാഗമായി ചിലപേരുകൾ കേട്ടു ഞെട്ടിപ്പോയി എന്ന് റഹ്മാൻ പറഞ്ഞു. ഇരകൾ നേരിട്ട അതിക്രമങ്ങൾ വിവരിക്കാൻ സമൂഹമാധ്യമങ്ങളിൽ വലിയ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ പുതിയ ഇന്റർനെറ്റ് നീതി വ്യവസ്ഥ നമ്മൾ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ചിലപ്പോൾ ഈ വേദി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും റഹ്മാൻ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു

റഹ്മാന്റെ കുറിപ്പിന്റെ പുർണ രൂപം: ' മീടു  ക്യാംപെയ്ന്‍ രാജ്യത്ത് സൃഷ്ടിക്കുന്ന ചലനങ്ങൾ നിരീക്ഷിച്ചു വരികയാണ്. വെളിപ്പെടുത്തലിന്റെ ഭാഗമായി ചിലപേരുകൾ കേട്ട് ഞാൻ ഞെട്ടി. ഇരകളുടെയും കുറ്റാരോപിതരുടെയും പേരുകൾ കണ്ടു ഞാൻ അമ്പരന്നു. നമ്മുടെ സംഗീത മേഖല പരിശുദ്ധമായിരിക്കണം എന്നു കരുതുന്ന വ്യക്തിയാണ് ഞാൻ. അതുപോലെ തന്നെ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു മേഖലയാകണം. ഇരകളായവർക്കു തിരിച്ചുവരാൻ കൂടുതല്‍ ശക്തിയുണ്ടാകട്ടെ. ഈ മേഖലയിലുള്ള എല്ലാവരും സുരക്ഷിതരായി ഇരിക്കാൻ നമുക്ക് പ്രവർത്തിക്കാം. സമൂഹമാധ്യമങ്ങൾ ഇരകൾക്കു നേരിട്ട അതിക്രമങ്ങൾ തുറന്നു പറയാൻ വലിയ വേദിയാണു നൽകുന്നത്. ഒരു പുതിയ ഇന്റർനെറ്റ് നീതി വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ നമ്മൾ കുറച്ചുകൂടി ശ്രദ്ധചെലുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ചിലപ്പോൾ ഇത് ദുരുപയോഗം ചെയ്യപ്പെടാം.' 

സംഗീത രംഗത്തുള്ള പ്രമുഖർക്കെതിരെ ഗുരുതരമായ  വെളിപ്പെടുത്തലുകളാണു മീടു ക്യാംപെയ്നിന്റെ ഭാഗമായി ഉണ്ടായത്. ഗായിക ചിൻമയിയാണു പ്രശസ്ത കവി വൈരമുത്തുവിനെതിരെ ലൈംഗിക പീഡന വെളിപ്പെടുത്തലുമായി എത്തിയത്. ഗായകൻ കാർത്തികിനെതിരെയും ചിൻമയി വെളിപ്പെടുത്തലുകൾ നടത്തി. എന്നാൽ ചിൻമയി ഉന്നയിച്ച ആരോപണങ്ങൾ കവി വൈരമുത്തു തള്ളി. 

rahman

സംഗീതസംവിധായകനും ഗായകനുമായ അനു മാലിക്കിനെതിരെയും ഗുരുതരമായ വെളിപ്പെടുത്തലുകളാണു നടന്നത്. ഗായികമാരായ സോന മോഹപത്രയും ശ്വേത പണ്ഡിറ്റും അനു മാലിക് പീഡിപ്പിച്ചതായി വെളിപ്പെടുത്തി. തുടർന്നു പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ടു യുവതികളും അനുമാലിക്കിനെതിരെ പരാതിയുമായി എത്തി. സ്ത്രീകളുടെ വെളിപ്പെടുത്തലിനെ തുടർന്നു സോണി എന്റർടെയ്ൻമെന്റിന്റെ സംഗീത റിയാറ്റി ഷോയിൽ നിന്നും അനു മാലിക്കിനെ പുറത്താക്കിയിരുന്നു.