Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ ഇവളുടെ വിരൽത്തുമ്പിലുണ്ട് ആ വയലിൻ സംഗീതം...!

aparna-violin

വയലിൻ എന്നു കേൾക്കുമ്പോൾ മലയാളി മനസ്സിൽ തെളിയുന്നത് ബാലഭാസ്കറിന്റെ രൂപം മാത്രമാണ്. പകരം വെക്കാൻ മറ്റൊരാൾ ഇല്ലെന്നു തന്നെ പറയാം. ബാലഭാസ്കറിന്റെ വായലിൻ സംഗീതത്തോടു തോന്നിയ പ്രണയമാണു പലരെയും വയലിൻ പഠിക്കാൻ പ്രേരിപ്പിച്ചതു പോലും . അങ്ങനെ വയലിൻ പഠിച്ച വ്യക്തിയാണ് എറണാകുളം മുളംതുരുത്തി സ്വദേശി അപർണ ബാബു. അപര്‍ണയുടെ വയലിൻ വായന ആസ്വദിക്കുകയാണ് മലയാളി ഇപ്പോൾ. 

മഴവിൽ മനോരമയുടെ തകര്‍പ്പൻ കോമഡിയുടെ വേദിയിലാണു ആസ്വാദക മനം കവരുന്ന വയലിൻ സംഗീതവുമായി അപർണ എത്തിയത്. പതിനഞ്ചു വർഷമായി അപർണ വയലിൻ പഠിക്കുന്നുണ്ട്. ബാലഭാസ്കറിന്റെ വയലിൻ സംഗീതം കേട്ടാണു വയലിൻ പഠിക്കാൻ ആഗ്രഹം തോന്നിയതെന്ന് അപർണ പറഞ്ഞു. എറണാകുളം ആസ്പദമാക്കി പ്രവർത്തിക്കുന്ന ഓക്മെന്റ് എന്ന ബാന്റും നടത്തുന്നത് അപർണയാണ്. 

അപർണയുടെ വാക്കുകൾ ഇങ്ങനെ: 'പെൺകുട്ടികൾ അധികം കടന്നു വരാത്ത മേഖലയാണ് വയലിൻ. ഞാനിതിലോട്ടു വരാനുണ്ടായ പ്രചോദനം എന്തെന്നാൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ബാലഭാസ്കറിന്റെ ഒരു പരിപാടി ദൂരദർശനിൽ കണ്ടു. അങ്ങനെ ഇതിനോട് ഒരു ഇഷ്ടം തോന്നി പഠിക്കുകയായിരുന്നു. ആദ്യം പാട്ടാണു പഠിച്ചു തുടങ്ങിയത്. പിന്നെയാണു വയലിൻ പഠിക്കാൻ തുടങ്ങിയത്. ഒരു വയലിനിസ്റ്റാകാനാണു ആഗ്രഹം.'

തുടർന്ന് വേദിയിൽ വയലിനിൽ വിസ്മയം തീർക്കുകയായിരുന്നു അപർണ. ബാലഭാസ്കറിനുള്ള ആദരമാണ് ഈ വയലിൻ വായന. കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന ഗാനത്തോടെയാണ് അപർണ വയലിൻ സംഗീതം തുടങ്ങിയത്. പുതുവെള്ളൈ മഴൈ, സൂര്യ തീം മ്യൂസിക്, മലർകൊടി പോലെ എന്നീ ഗാനങ്ങളും അപർണ വയലിനിൽ വായിച്ചു. 

അപർണയുടെ വയലിൻ കേട്ട ഗിന്നസ് പക്രുവിന്റെ വാക്കുകൾ ഇങ്ങനെ: 'അപർണയുടെ വയലിൻ വായന ഗംഭീരമായിട്ടുണ്ട്. വയലിൻ കേൾക്കുമ്പോൾ ബാലുവിനെ തന്നെയാണു ഓർമവരുന്നത്. നമുക്ക് വലിയൊരു നഷ്ടമാണ് ബാലു. ഇഷ്ടപ്പെടുന്ന ഒരു കലാകാരനെയാണു നഷ്ടമായത്. ഒരുപാടു വേദികളിൽ ബാലുവിനെ കണ്ടിട്ടുണ്ട്. പല വേദികളിലും ഒരുമിച്ചുണ്ടായിട്ടുണ്ട്. ആ ഓർമകളിലേക്ക് ഒന്നു സഞ്ചരിച്ചു. അപർണയ്ക്ക് കൂടുതൽ വേദികൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.'

തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ ബിഎ അവസാന വർഷ വിദ്യാർഥിനിയാണ് അപർണ. അവതാരകയായ സരയൂവിന്റെ അഭ്യർഥന മാനിച്ചു തുമ്പീ വാ എന്ന ഗാനവും വയലിനിൽ വായിച്ചാണു അപർണ മടങ്ങിയത്.