Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ക്ലാസ്മേറ്റ്സി'ലെ പാട്ടുപാടി വീണ്ടും സിഎംഎസ്സിൽ ഇന്ദ്രജിത്ത്; വൈറലായി വിഡിയോ

indrajith

സിനിമാപ്രേമികൾ ഹൃദയത്തിലേറ്റിയ ചിത്രമായിരുന്നു 2006ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ്. മലയാള സിനിമ അന്നുവരെ കാണാത്ത രീതിയിലുള്ള ക്ലൈമാക്സ് ഒരുക്കി ലാൽജോസ് മലയാളി സിനിമാ പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രം. ഇന്ദ്രജിത്തും പൃഥ്വിരാജും മത്സരിച്ച് അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ആസ്വാദക മനം കവർന്നിരുന്നു. പൂർണമായും ക്യാംപസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിലെ 'കാറ്റാടി തണലും' എന്ന ഗാനവുമായി വീണ്ടും സിഎംഎസ് കോളജിൽ എത്തിയിരിക്കുകയാണ് പ്രിയതാരം ഇന്ദ്രജിത്ത്. 

'താക്കോൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണു ഇന്ദ്രജിത്ത് സിഎംഎസ്സിൽ എത്തിയത്. തുടർന്നു കോളജിലെ ഒരു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ദ്രജിത്ത് ഗാനം ആലപിക്കുകയായിരുന്നു. ഇന്ദ്രജിത്തിനൊപ്പം കോളജ് വിദ്യാർഥികളും ഗാനം ഏറ്റുപാടി. രാജ്യത്തിന്റെ പുരോഗതിക്കായി യുവതീ യുവാക്കൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ഇന്ദ്രജിത്ത് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. 

ക്ലാസ്മേറ്റ്സ് ചിത്രീകരിച്ചതും സിഎംസ് കോളജിലായിരുന്നു. ചിത്രത്തിലെ  ഇന്ദ്രജിത്തിന്റെ പയസ് എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. വിധുപ്രതാപ് ആണ് ക്ലാസ്മേറ്റ്സിലെ 'കാറ്റാടി തണലും' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. വർഷങ്ങൾക്കു ശേഷം സിഎംഎസ് കോളജിൽ‌ എത്തി ഗാനം ആലപിക്കുന്ന ഇന്ദ്രജിത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.