Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജാത ചേച്ചി, ഇനിയും ഹിന്ദി പാട്ടുകൾ പാടിക്കൂടെ? ആരാധകന്റെ ചോദ്യം

sujatha

മലയാളികളുടെ പ്രിയശബ്ദമാണ് സുജാത മോഹൻ. മാധുര്യവും കുസൃതിയുമാണ് സുജാതയെ സംഗീതാസ്വദകർക്ക് പ്രിയങ്കരിയാക്കുന്നത്. തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിരിക്കുന്ന സുജാത, ബോളിവുഡിൽ വിരലിലെണ്ണാവുന്ന ഹിന്ദി ഗാനങ്ങൾ മാത്രമാണ് പാടിയിരിക്കുന്നത്. സുജാത ഇനിയും ഹിന്ദി ഗാനങ്ങൾ പാടണമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം. അതിന് കാരണമായത് സുജാത തന്റെ ഔദ്യോഗിക പേജിൽ പങ്കു വച്ച പഴയ വിഡിയോ ആണ്. 

വർഷങ്ങൾക്കു മുൻപ് ഗായകൻ ഹരിഹരനൊപ്പം ഒരു സ്റ്റേജ് ഷോയിൽ രംഗീലയിലെ 'ഹൈ രാമാ യേ ക്യാ ഹുവാ' എന്ന ഗാനം പാടുന്ന വിഡിയോ ആണ് സുജാത പങ്കു വച്ചത്. സിനിമയിൽ ഹരിഹരിനൊപ്പം ഈ ഗാനം ആലപിച്ചത് സ്വർണലത ആയിരുന്നു. സ്റ്റേജ് ഷോയ്ക്കു വേണ്ടിയാണ് സുജാത ഈ ഗാനം പാടിയത്. സുജാതയുടെ ശബ്ദത്തിലും ഗാനം മനോഹരമായിരിക്കുന്നുവെന്നാണ് ആരാധകരുടെ പക്ഷം. കൂടുതൽ ഹിന്ദി ഗാനങ്ങൾ സുജാത പാടണമെന്നും സ്നേഹപൂർവം ആരാധകരുടെ അഭ്യർത്ഥന എത്തി. 

ഹിന്ദിയിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിലാണ് സുജാത ഏറ്റവും അധികം ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. താൽ എന്ന ചിത്രത്തിലെ 'ഇശ്ഖ് ബിനാ ക്യാ ജീനാ' എന്ന ഗാനമാണ് സുജാതയുടെ ഹിന്ദിയിലെ ഏറ്റവും പ്രശസ്തമായ ഗാനം. അനുരാധാ ശ്രീരാം, ശ്രീനിവാസ് എന്നിവർക്കൊപ്പമാണ് ആ ഗാനം സുജാത ആലപിച്ചത്. 1995ൽ പുറത്തിറങ്ങിയ ചോർ ചോർ എന്ന ചിത്രത്തിലെ 'ദിൽ ഹേ സനം ദിൽ' എന്നു തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. 2004ലാണ് ഏറ്റവും അവസാനമായി സുജാത ഹിന്ദിയിൽ പാടിയത്. പ്രിയദർശന്റെ ഹൽചൽ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു അത്. വിദ്യാസാഗറായിരുന്നു സംഗീതം.   

ഒരുപാടു ഓർമകളുടെ പങ്കുവയ്ക്കൽ കൂടിയായി സുജാതയുടെ പഴയ വീഡിയോ. പ്രിയഗായകരുടെ വർഷങ്ങൾക്കു മുൻപുള്ള വിഡിയോ കൗതുകത്തോടെയാണ് സംഗീതപ്രേമികളഉം സ്വീകരിച്ചത്. പുതിയ കാലത്തെ ബഹളങ്ങളില്ലാതെ ശാന്തമായുള്ള സ്റ്റേജ് ഷോ പോയ വർഷങ്ങളെ അടയാളപ്പെടുത്തുന്ന ഒന്നായി.