Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഗായകരെ തേടി റഹ്മാൻ; റിയാലിറ്റി ഷോ വമ്പൻ ഹിറ്റ്

zero-movie-ar

സംഗീതലോകത്തിലെ ഏറ്റവും പുതിയ സ്പന്ദനങ്ങൾ അറിയുന്ന സംഗീതജ്ഞനാണ് എ.ആർ റഹ്മാൻ. സംഗീതത്തിലെ പോലെ സംഗീത റിയാലിറ്റി ഷോകളിലും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് അദ്ദേഹം. പുതിയ കാലത്തെ പാട്ടുകാർക്കായി സമ്പൂർണ ഡിജിറ്റൽ മ്യൂസിക് റിയാലിറ്റി ഷോയുമായാണ് റഹ്മാന്റെ രംഗപ്രവേശം. 'എറൈവ്ഡ്' എന്ന് പേരിട്ടിരിക്കുന്ന റിയാലിറ്റി ഷോയുടെ ആദ്യഭാഗം യുട്യൂബിലെത്തി. 

Ep 1 | A. R. Rahman, Clinton Cerejo, Shaan, Vidya Vox

അതിനാടകീയത ഇല്ല, അനാവശ്യ വലിച്ചു നീട്ടലുകളുമില്ല. ചടലവും ആകർഷകവുമാണ് അരമണിക്കൂർ നീളുന്ന ആദ്യ എപ്പിസോഡ്. ഗായകൻ ഷാൻ, യുട്യൂബ് താരം വിദ്യാ വോക്സ്, സംഗീത സംവിധായകൻ ക്ലിന്റൺ എന്നിവരാണ് റഹ്മാനൊപ്പം റിയാലിറ്റി ഷോയിൽ വിധികർത്താക്കളായെത്തുന്നത്. 13 ഭാഗങ്ങളായാണ് ഷോ സംപ്രേഷണം ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 100 ഗായകരിൽ നിന്ന് മുംബൈയിൽ വച്ചു നടത്തിയ ഓഡിഷനിലൂടെ കണ്ടെത്തിയ 45 പേരാണ് ആദ്യഘട്ടത്തിൽ മാറ്റുരയ്ക്കുക. ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 30 പേർക്കായിരിക്കും റിയാലിറ്റി ഷോയുടെ ബൂട്ട്ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം. 

ചെന്നൈയിലെ എ.എം സ്റ്റുഡിയോയിൽ ഇരുന്നാണ് റഹ്മാനും സുഹൃത്തുക്കളും ക്യാമ്പിലേക്കുള്ള 30 ഗായകരെ തിരഞ്ഞെടുക്കുന്നത്. മുംബൈയിലെ ഓഡിഷനിൽ ഇവർ പാടി റെക്കോർഡ് ചെയ്ത വീഡിയോ സ്റ്റുഡിയോയിൽ ഇരുന്ന് വിധികർത്താക്കൾ കാണുന്നു. വിദ്യാ വോക്സ് അമേരിക്കയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഈ പ്രക്രിയയിൽ പങ്കു ചേരും. 

ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ മാത്രം കണ്ടിട്ടുള്ള എ.ആർ റഹ്മാന്റെ മറ്റൊരു അവതാരമാണ് റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് കാണാനാവുക. വാചാലമായി സംസാരിക്കുന്ന റഹ്മാൻ ആരാധകരെ അമ്പരപ്പിക്കുന്നു. ഷോയിൽ പങ്കെടുക്കുന്ന ഓരോ ഗായകരുടെ ശബ്ദത്തെയും അവതരണത്തെയും കുറിച്ചുള്ള റഹ്മാന്റെ അഭിപ്രായവും പ്രതികരണവും സംഗീതജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തെ കൂടുതൽ അറിയുന്നതിന് വഴിയൊരുക്കും. 

ഷാരൂഖ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം സീറോയിൽ ഒരു ഗാനം ആലപിക്കാനുള്ള സുവർണാവസരമാണ് റിയാലിറ്റി ഷോയുടെ വിജയികളെ കാത്തിരിക്കുന്നത്. പതിവ് ടെലിവിഷൻ റിയാലിറ്റി ഷോകളുടെ വഴികളിലൂടെയല്ല റഹ്മാന്റെ ഷോയുടെ സഞ്ചാരം എന്നതും 'എറൈവ്ഡി'നെ വ്യത്യസ്തമാക്കുന്നു.