Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരക രോഗത്തിന് അടിമയായിരുന്നു സ്റ്റീഫൻ ദേവസ്സി; അതിജീവന കഥ

stephen-cancer-life

സംഗീതത്തിനപ്പുറം ജീവിതത്തിലും എറെ വിസ്മയിപ്പിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റീഫൻ ദേവസി. കീബോർഡ് കൊണ്ട് വേദിയിൽ വൺമാൻഷോ നടത്തുമ്പോഴും ജീവിതത്തോടു പടപൊരുതിയ ഒാർമകളുണ്ട് സ്റ്റീഫന്. വിരലുകൾ കൊണ്ടു മാസ്മരിക സംഗീതം പൊഴിക്കുമ്പോൾ കാൻസറിനെ തോൽപ്പിച്ച കഥയും അദ്ദേഹം നേരേ ചൊവ്വേയിലൂടെ പങ്കുവച്ചു. കേരളം അറിയാത്ത മറ്റൊരു സ്റ്റീഫന്റെ കൂടി ഉദയമായിരുന്നു ഇൗ സംവാദം. രക്താർബുധത്തിന്റെ പിടിയിൽ നിന്നും ജീവൻ തിരികെ പിടിച്ച ആ ഒാർമകൾ അദ്ദേഹം പങ്കുവയ്ക്കുന്നതിങ്ങനെ.

‘എനിക്ക് പത്തുവയസുള്ളപ്പോഴാണ് നല്ല പനി വന്നത്. ആ പനി പതിയെ കൂടി. പിന്നീട് പരിശോധിച്ചപ്പോഴാണ് രക്താർബുധത്തിന്റെ തുടക്കമാണെന്നു കണ്ടെത്തിയത്. വീട്ടുകാരൊക്കെ ആകെ തകർന്നുപോയ നിമിഷം. പക്ഷേ, ആരംഭത്തിലെ കണ്ടെത്തിയതോടെ കൃത്യമായി ചികിൽസിച്ച് മാറ്റാൻ സാധിച്ചു. അത്തരമൊരു ജീവിതാനുഭവത്തിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. ദൈവം എനിക്കായി മാറ്റിവച്ച നിയോഗം പൂർത്തിയാക്കാനുള്ള  യാത്രയിലാണെന്ന തോന്നലാണ് ഇപ്പോൾ. ദൈവം ഭക്ഷണം കഴിക്കാനും ഉറങ്ങാനുമായി ആരെയും സൃഷ്ടിക്കാറില്ല. എല്ലാവർക്കും അവരവരുടേതായ ചിലത് ചെയ്ത് തീർക്കാനുണ്ട്.’ സ്റ്റീഫൻ പറയുന്നു.

പ്രീഡിഗ്രി തോറ്റ കഥയും ചെറിയ ചിരിയോടെ സ്റ്റീഫൻ ദേവസി പങ്കുവച്ചു. ‘പഠിപ്പല്ല എന്റെ ജീവിതത്തിലെ ലക്ഷ്യമെന്നു തിരിച്ചറിവുണ്ടായിരുന്നു എനിക്ക്. അതുകൊണ്ടു തന്നെ മനോഹരമായി ഞാൻ പ്രീഡിഗ്രി തോറ്റു. പക്ഷേ അന്നും ഇന്നും വിദ്യാഭ്യാസം കുറഞ്ഞുപോയോ എന്ന ചിന്ത എനിക്കില്ല. ഞാനൊരു ഡിഗ്രി പോലും ചെയ്യാതെ പഠനം ഉപേക്ഷിച്ചതിൽ വീട്ടുകാർക്ക് സങ്കടമുണ്ടായിരുന്നു.  പക്ഷേ പിന്നീട് ജീവിതം കൊണ്ട് ഞാൻ ആ തോൽവി വിജയമാക്കി എന്നു വിശ്വസിക്കുന്നു. നമ്മുടെ ലക്ഷ്യം എന്താണോ അതിനു വേണ്ടി പ്രവർത്തിക്കുക അത്രയുള്ളൂ.’

ജീവിതത്തിൽ പല പ്രതിസന്ധികളെയും തട്ടി മാറ്റി സ്റ്റീഫൻ തന്റെ സംഗീത യാത്ര തുടരുകയാണ്. അൻപതിലേറെ രാജ്യങ്ങൾ മൂവായിരത്തിലേറെ ഷോകൾ. മൂന്ന് സിനിമകൾക്ക് സംഗീതസംവിധാനം. വേദിയും വെള്ളിത്തിരയും മിനിസ്ക്രീനിയും വിരലുകൾ കൊണ്ടും വേറിട്ട സംഗീതം കൊണ്ട് വിസ്മയം തീർത്ത് അയാൾ മുന്നേറുകയാണ്. സംഗീതത്തിനപ്പുറം തനിക്ക് ജീവിതത്തിൽ ഒന്നുമില്ലെന്ന പൂർണ ബോധ്യത്തോടെ.