Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി അമൃതാ സുരേഷിന്റെ ക്യാംപെയ്ൻ; എറ്റെടുത്ത് സോഷ്യൽ മീഡിയ

amrutha

ഹാഷ് ടാഗ് ക്യാംപെയ്‌നുകൾ അരങ്ങുവാഴുന്ന സൈബര്‍ ലോകത്താണു നമ്മളിന്ന് ജീവിക്കുന്നത്. പറയാന്‍ മടിച്ചതും അറിയാന്‍ കൊതിച്ചതും അംഗീകരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുള്ള സത്യങ്ങളുമെല്ലാം ആ ഹാഷ് ടാഗുകളിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുന്നു. അങ്ങനെ ഹാഷ് ടാഗുകള്‍ കണ്ടു തോന്നിയ ഒരു ഐഡിയ പ്രാവര്‍ത്തികമായതിന്റെ സന്തോഷത്തിലാണ് ഗായിക അമൃത സുരേഷ്. അമേസിങ് മീ എന്നാണ് അമൃത ഹാഷ് ടാഗ് ക്യാംപെയിനു തുടക്കമിട്ടത്. എന്നത്തേയും പോലെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് എന്ന നിലയില്‍ ചെയ്തതാണെങ്കിലും ഫോളോവേഴ്‌സില്‍ വലിയൊരു വിഭാഗം അത് ഏറ്റെടുത്തു. 

വേറെ വലിയ ചിന്തയൊന്നുമില്ല ഈ ഹാഷ് ടാഗിനു പിന്നില്‍. അമൃത പറയുന്നു. 'നമ്മള്‍ രാവിലെ എത്ര പേരോട് ഗുഡ് മോണിങ് പറയാറുണ്ട് എത്ര പേര്‍ക്ക് ആശംസകള്‍ പറയാറുണ്ട്. ഒത്തിരിപ്പേരോട് അല്ലേ...പക്ഷേ എപ്പോഴെങ്കിലും നമ്മള്‍ നമ്മളോട് ഒരു ആശംസ പറഞ്ഞിട്ടുണ്ടോ...ഒരു ഗുഡ് മോണിങ്ങ് എന്ന് എങ്കിലും. ഞാന്‍ വിശ്വസിക്കുന്നത് നമ്മള്‍ തന്നെയാണ് ആദ്യം നമ്മളെ അംഗീകരിക്കേണ്ടതും സ്‌നേഹിക്കേണ്ടതും തിരിച്ചറിയേണ്ടതുമെല്ലാം എന്നാണ്. നമ്മള്‍ നമ്മളെ കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ...നമ്മുടെ കഴിവുകളേയും നമ്മളിലുള്ള നല്ല കാര്യങ്ങളേയും കുറിച്ച്. അമേസിങ് എന്നു വിളിക്കാവുന്ന ഒരുപാട് കാര്യങ്ങള്‍ അതിലുണ്ടാകും. ഒരുപക്ഷേ മറ്റുള്ളവര്‍ അംഗീകരിച്ചതോ അംഗീകരിക്കാന്‍ മടിച്ചതോ ഒക്കെ. അത് തിരിച്ചറിയുമ്പോള്‍ വല്ലാത്ത സന്തോഷമായിരിക്കും. വലിയ കാര്യങ്ങളൊന്നുമല്ല, ചിലപ്പോള്‍ നമുക്കു തോന്നാം നമ്മളൊരു നല്ല സുഹൃത്താണെന്ന്, നല്ല പാട്ടുകാരിയോ പാചകക്കാരിയോ വാചകമടിക്കുന്നയാളോ ഒക്കെയാണെന്ന്. എന്തു തന്നെയായാലും നമുക്ക് പോസ്റ്റിവ് ആണെന്ന കാര്യം ഉറപ്പായാല്‍ വല്ലാത്ത സന്തോഷമായിരിക്കും. അതൊന്നു പങ്കുവയ്ക്കാനാണ് ഞാന്‍ പറഞ്ഞത്. അപ്രതീക്ഷിതമായി ഒരുപാട് പേര്‍ അതിനോട് പ്രതികരിച്ചു.' 

Untitled

സോഷ്യല്‍ മീഡിയ വലിയ പിന്തുണയാണു തന്നിട്ടുള്ളത്. പക്ഷേ പലപ്പോഴും നേരിടേണ്ടി വന്നതു കഠിനമായതും വിഷമമേറിയും കുഴപ്പിക്കുന്നതും ഒരുപാട് നെഗറ്റീവ് എനര്‍ജി മനസ്സിലേക്ക് തളളിവിടുന്നതുമായ കമന്‌റുകളും ചോദ്യങ്ങളുമൊക്കെയാണ്. ഇപ്പാള്‍ തരംഗമാകുന്ന ഹാഷ് ടാഗുകളെല്ലാം പ്രശ്‌നങ്ങളിലേക്കും അസ്വസ്ഥതകളിലേക്കുമാണ് നയിക്കുന്നതും. അതില്‍ നിന്ന് എനിക്കു തന്നെ ഒരു മോചനം വേണമെന്നു തോന്നി. അതുകൊണ്ടാണ് ലൈവില്‍ വന്ന് ഇക്കാര്യം സംസാരിച്ചത്. അമൃത പറഞ്ഞു.

റിയാലിറ്റി ഷോകളിലൂടെ സുപരിചിതയായ അമൃത നിരവധി ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 'അമൃതം ഗമയ' എന്ന മ്യൂസിക് ബാന്‍ഡും സ്വന്തമായുള്ള അമൃത മോഡലിങ് രംഗത്തും തിളങ്ങുന്നുണ്ട്.