Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിപ്പിടിച്ചുള്ള ഗാനരംഗം ഇഷ്ടമായിരുന്നില്ല; അനുഭവം ഓർത്ത് ഉർവശി

urvashi

ഉർവശിയെ ഓർക്കുമ്പോൾ മനസ്സിലേക്കു ഓടിയെത്തും കുറെ നല്ല പാട്ടുകൾ. തമിഴിലും മലയാളത്തിലും എത്ര മനോഹര ഗാനങ്ങളാണ് അഭിനയ മികവോടെ ഉർവശി നമുക്കു സമ്മാനിച്ചത്. മലയാളത്തിൽ ഏറ്റവും മികച്ച രണ്ടു ഗാനങ്ങളാണു 'മാളൂട്ടി'യിലെ സ്വർഗങ്ങൾ സ്വപ്നം കാണും, 'വെങ്കല'ത്തിലെ പത്തുവെളുപ്പിന്. ഇരുഗാനങ്ങളുടെയും ചിത്രീകരണ വേളയിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഉർവശി. മഴവില്‍ മനോരമ ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഉർവശി മനസ്സു തുറന്നത്. 

ഭരതൻ സംവിധാനം ചെയ്ത മാളൂട്ടിയിലെ 'സ്വർഗങ്ങൾ സ്വപ്നം കാണും' വെങ്കലത്തിലെ 'പത്തൂവെളുപ്പിന്' എന്നീ ഗാനങ്ങളുടെ ചിത്രീകരണ വേളയിലെ രസകരമായ അനുഭവങ്ങളാണ് ഉർവശി പങ്കുവച്ചത്. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ: 'പൊതുവെ പ്രണയ രംഗങ്ങൾ അഭിനയിക്കാൻ എനിക്കു മടിയാണ്. കെട്ടിപ്പിടിച്ചുള്ള രംഗങ്ങളൊക്കെ ഉണ്ടെങ്കിൽ പറയുകയും വേണ്ട. അത്തരം രംഗങ്ങൾ ഇഷ്ടമായിരുന്നില്ല. എന്നിട്ടും ചെയ്തിട്ടുണ്ട്. ഇഷ്ടമായിരുന്നില്ല എന്നു പറഞ്ഞാൻ എനിക്ക് അത്തരം രംഗങ്ങൾ അഭിനയിക്കാൻ അറിയില്ല. അങ്ങനെ ഒന്നായിരുന്നു  ഭരതൻ സാറിന്റെ മാളൂട്ടിയിലെ സ്വർഗങ്ങൾ സ്വപ്നം കാണും എന്ന ഗാനത്തിലേത്. അതിൽ ഞാൻ ജയറാമിനെ ഹഗ് ചെയ്യുന്ന രംഗമുണ്ട്. രംഗം മാറ്റണമെന്ന് ആവശ്യപ്പെട്ടാൽ അതൊരിക്കലും ഭരതൻ സാർ മാറ്റുകയില്ലെന്ന് എനിക്കറിയാം. പിന്നെ അദ്ദേഹത്തെ പോലെ വലിയ ഒരു സംവിധായകനോട് ആവശ്യപ്പെടാനുള്ള ധൈര്യവും ഇല്ല. സിനിമ പൂർണമാകണമെങ്കിൽ ഈ രംഗങ്ങളൊക്കെ ആവശ്യമാണല്ലോ. ആ രംഗം ചെയ്യുമ്പോൾ ഞാൻ നഖം നീട്ടി വളർത്തിയിരുന്നു. എന്തിനാണെന്നുവച്ചാൽ അത്രയും ഭാഗം കൈ നായകന്റെ ശരീരത്തിൽ സ്പർശിക്കില്ലല്ലോ. രംഗം എടുക്കുമ്പോൾ ജയറാമിനോടു പറഞ്ഞു. വേഗം എടുത്തു തീർക്കാൻ പറ. അപ്പോൾ ജയറാം പറയും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അദ്ദേഹത്തോടു പറയൂ. വെങ്കലത്തിലെ പത്ത് വെളുപ്പിനു എന്ന ഗാനം ചിത്രീകരിക്കുമ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. അത് ആദ്യരാത്രി ചിത്രീകരിക്കുന്ന ഗാനമാണ്. ഒന്നാമത് മുരളിച്ചേട്ടൻ. ഞാൻ കൊച്ചേട്ടാ എന്നാണു വിളിക്കുന്നത്. ഞങ്ങളുടെ അകന്ന ബന്ധുകൂടിയാണ് അദ്ദേഹം. ഇല്ല ഈ സീൻ പറ്റില്ലെന്നു ഞാൻ പറഞ്ഞു. എന്തു ചെയ്യുമെന്നു ചോദിച്ചു മുരളിചേട്ടൻ. അങ്ങനെ ആ പാട്ടുസീനിൽ അൽപം മാറ്റമൊക്കെ വന്നു.  സീൻ ശ്രദ്ധിച്ചാലറിയാം. ഒരു മൂശാരിയുടെ കഥാപാത്രമായതിനാൽ എല്ലാം ഒരു വിഗ്രഹത്തിലാണു ചിത്രീകരിച്ചിരിക്കുന്നത്. കഴുത്തിൽ ടച്ച് ചെയ്തുകഴിഞ്ഞാൽ പിന്നെ എല്ലാം തൊടുന്നതു വിഗ്രഹത്തിലാണ്. ബാക്കിയെല്ലാം ഷാഡോയിലായിരുന്നു എടുത്തത്.' 

മോഹൻലാലിനൊപ്പം അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ളതു കളിപ്പാട്ടത്തിലെ പാട്ടാണ്. മനോഹരമായ ഒരു ഗാനമായിരുന്നു കളിപ്പാട്ടമായ് കൺമണി എന്നും ഉർവശി പറഞ്ഞു. തുടർന്ന് ആ ഗാനം അവതാരികയായ റിമിടോമി പാടുകയും ചെയ്തു.. മാളൂട്ടിയിലെ സ്വർഗങ്ങൾ സ്വപ്നം കാണും എന്ന ഗാനം ആലപിക്കാമോ എന്ന് ഉർവശി റിമിയോടു ചോദിച്ചു. തങ്കത്തോണി തേൻമലയോരം കണ്ടേ.. എന്ന ഗാനം പാടിയാണു റിമി ഉർവശിയെ വേദിയിലേക്കു സ്വീകരിച്ചത്. തുടർന്ന് കസ്തൂരി എന്റെ കസ്തൂരി എന്ന ഗാനവും റിമി പാടി.അഭിനയിച്ച സിനിമയിലെ മനോഹരമായ ഗാനങ്ങൾ കേട്ടും വിശേഷങ്ങൾ പങ്കുവച്ചുമാണ് ഉർവശി മടങ്ങിയത്