സോഷ്യൽ മീഡിയയിൽ തരംഗമായി റേഡിയോ മാംഗോ ടീമിന്റെ വോക്കൽ കച്ചേരി. റേഡിയോ മാംഗോ ദുബായിലെ ആർജെകളാണ് തകർപ്പൻ വോക്കൽ കച്ചേരി ഒരുക്കിയത്. ആർജെമാരായ ആദർശ് അനൂപും സ്നിജയുമാണ് ഈ വോക്കൽ കച്ചേരിക്കു പിന്നിൽ.
'ഗോദ'യിലെ 'പൊന്നിൻ കണിക്കൊന്ന' എന്ന ഗാനത്തിന്റെ കവർ സോങ്ങാണ് വോക്കൽ കച്ചേരിയായി അവതരിപ്പിക്കുന്നത്. സ്നിജയുടെ ആലാപനത്തിന് വോക്കൽ സംഗീതമൊരുക്കുകയാണ് ആദർശ്. ഏതായാലും സംഗതി ഇപ്പോൾ തരംഗമാകുകയാണ്. ബീറ്റ് ബോക്സ് സിങ്ങിങ്ങ് എന്നാണ് ഇതിനു പറയുന്നത്. കവർസോങ്ങുകളിൽ വ്യത്യസ്തത പരീക്ഷിക്കുകയായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് ആദർശ് പറഞ്ഞു. മുൻപ് പരീക്ഷണാർഥം കർണാടക സംഗീതം വോക്കലിലൂടെ ചെയ്തിട്ടുണ്ട്. ഇൻസ്ട്രുമെന്റ്സ് ഇല്ലാതെ തന്നെ സംഗീതം ഒരുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഹിറ്റാകുന്ന ചിലഗാനങ്ങൾ ഇങ്ങനെ വോക്കൽ കച്ചേരി രൂപത്തിൽ അവതരിപ്പിക്കാനാണു ശ്രമമെന്നും ആദർശ് കൂട്ടിച്ചേർത്തു.
മികച്ച പ്രതികരണമാണ് വിഡിയോക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. രണ്ടുപേരും അടിപൊളിയാണെന്നാണു പലരുടെയും കമന്റുകൾ. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ഗാനം പങ്കുവെക്കുകയും ചെയ്തു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാർ ആണ്.