Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനിമ ചോരാതെ അസ്ത്രയുടെ 'കുട്ടനാടൻ കായലിലെ...'

astra

മലയാളത്തിലെ പുത്തൻ സംഗീത സംഘമായ അസ്ത്ര 13 ഒരുക്കിയ ‘കുട്ടനാടൻ കായലിലെ’ എന്ന പാട്ടിന്റെ കവർ സോങ്ങ് യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. 2004-ൽ, ‘കാഴ്ച’ എന്ന ചിത്രത്തിനു വേണ്ടി മോഹൻ സിത്താര ഒരുക്കിയ ഈ ഗാനം അതിന്റെ തനിമ ചോരാതെ, ആലപ്പുഴ വട്ടക്കായലിന്റെ മനോഹാരിതയും, മാരാരിക്കുളം ബീച്ചിന്റെ പ്രകൃതി ഭംഗിയും, ഭരത് സജികുമാറിന്റെ ആലാപന മികവും കൊണ്ട് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാകുന്നു.

കഴിഞ്ഞ 5 വർഷമായി കേരളത്തിലെ സംഗീത വേദികളിൽ സജീവ സാന്നിധ്യമാണ് ‘അസ്ത്ര 13’. റോക്ക് മുതൽ തനി നാടൻ പാട്ടുകൾ വരെയുള്ള വിവിധതരം സംഗീത ശൈലികളുടെ സമന്വയം കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് അസ്ത്രയുടെ ഹൈലൈറ്റ്. ജി.കെ.പി ദിലീപ് നയിക്കുന്ന ബാൻഡിൽ ദീപക് നായർ, ഭരത് സജികുമാർ എന്നിവരാണ് പ്രധാന ഗായകർ. ഭരത് ഗിത്താറും ജി.കെ.പി ദിലീപ് ബാസ്സ് ഗിത്താറും, അനിറ്റ് പി ജോയി കീബോർഡും, ജിയോ ജയിക്കബ്ബ് ഡ്രംസ്സും, രാജേഷ് മടുക്കാനി ശബ്ദക്രമീകരണവും കൈകാര്യം ചെയ്യുന്നു.

തൊടുപുഴയിൽ തുടങ്ങിയ വിങ്സ് എന്ന ചെറിയൊരു ബാൻഡിൽ നിന്നാണ് അസ്ത്ര13ലേക്കെത്തിയത്. പാട്ടുകൾ ഒരു സ്നേഹാസ്ത്രമായി ഒരിക്കലും മറക്കാതെ ജനമനസുകളിൽ തറയ്ക്കണം എന്ന ആശയത്തിൽ നിന്നാണ് അസ്ത്ര13 എന്ന പേരു പിറക്കുന്നത്. അതു തെറ്റിയില്ല. അസ്ത്രയുടെ ഒരു പാട്ടെങ്കിലും കേട്ടിട്ടുള്ളവർ ഇവരെ പിന്നീടൊരിക്കലും മറക്കുകയില്ല.ചില കവർ സോങ്ങുകളുൾപ്പെടെ വലിയ സംഗീത സ്വപ്നങ്ങളിലേക്കാണിപ്പോൾ അസ്ത്രയുടെ യാത്ര.