Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാംക്ഷ നിറച്ച് ശ്രീഹരിയുടെ കൊണ്ടോരാം; കയ്യടിച്ച് സോഷ്യൽ മീഡിയ

kondoram-sreehari

'കൊണ്ടോരാം കൊണ്ടോരാം' എന്ന ഗാനത്തിനു കവർ സോങ് ഒരുക്കി മഴവിൽ മനോരമ സൂപ്പർ ഫോർ വിജയി ശ്രീഹരിയും സഹോദരൻ ശ്രീരാഗും. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇവരുടെ കവർസോങ്. ആസ്വാദരെ പിടിച്ചിരുത്തുന്ന കവർസോങ്ങിനു മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 

പുല്ലാങ്കുഴല്‍നാദത്തിലാണ് ഗാനത്തിന്റെ തുടക്കം. ഗാനത്തിന്റെ നാടോടി തനിമ നഷ്ടപ്പെടുത്താതെയാണ് ദൃശ്യാവിഷ്കാരം. ബിഷോയ് അനിയനാണ് കവർ സോങ്ങിനു പുല്ലാങ്കുഴൽ വായിക്കുന്നത്. ഗാനത്തിനൊടുവിൽ മോഹൻലാലിന്റെ ഒടിയൻ രൂപം കളിമണ്ണിൽ തീർക്കുന്നുണ്ട് ശ്രീരാഗ്. 

odiyan-4

ശ്രീഹരിയുടെയും സഹോദരന്റെയും ആലാപനത്തെ പുകഴ്ത്തുംവിധമാണ് പലരുടെയും കമന്റുകൾ. ഭയങ്കര ഫീലാണ് ആലാപനത്തിനെന്നും ഇരുവരും മിന്നിച്ചു എന്നുമാണ് പലരുടെയും അഭിപ്രായം. ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. 

ഒടിയൻ റിലീസ് ആകുന്നതിനു മുൻപുതന്നെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം ആസ്വാദകമനം കവർന്നിരുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തി ഗാനം. റഫീഖ് അഹമ്മദിന്റെ വരികൾക്കു എം. ജയചന്ദ്രന്‍ ഈണം നൽകിയിരിക്കുന്നു. ശ്രേയ ഘോഷാലും സുദീപ് കുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.