Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്കിൾ ജാക്സന് ക്യാൻസർ വാർഡിൽ 'അനന്തരാവകാശി', കരളലിയിച്ച് നൃത്തം

jacksonlover

ചിലപ്പോഴെങ്കിലും സംഗീതം പ്രതീക്ഷയും ആശ്വാസവും നൽകാറുണ്ട്. അത്തരത്തിൽ സംഗീതത്തിൽ ആനന്ദം കണ്ടെത്തുകയാണ് അഞ്ചുവയസ്സുകാരൻ സോളമൻ. ട്യൂമർ ബാധിച്ചു ചികിത്സയിൽ കഴിയുന്നതിനിടെ മൈക്കിൾ ജാക്സൺന്റെ ഗാനങ്ങൾക്കു ചുവടുവെക്കുകയാണ് സോളമൻ. ജാക്സൺന്റെ മാന്ത്രിക സംഗീതത്തിലൂടെ സ്വന്തം വേദന മറക്കുകയാണ് ഈ കുരുന്ന്. മൈക്കൽ ജാക്സന്റെ പ്രശസ്തമായ ബാഡ് എന്ന ഗാനത്തിനാണു സോളമന്റെ നൃത്തം. ജാക്സന്റെ നൃത്തച്ചുവടുകളും സോളമൻ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്.  

സോളമന്റെ നൃത്തം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.അൽപം ഹൃദയ വേദനയോടെയാണ് വിഡിയോ ലോകം കണ്ടതെങ്കിലും വലിയ പ്രതീക്ഷയാണ് ഈ കുഞ്ഞിന്റെ നൃത്തം നൽകുന്നത്. നൃത്തം കണ്ടവർ 'മൈക്കിൾ ജാക്സൺന്റെ അനന്തരാവാകാശി' എന്നാണ് ഈ കുഞ്ഞിനെ വിശേഷിപ്പിച്ചത്. ഭാവിയിൽ ജാക്സണോളം തന്നെ ഇവൻ പ്രശസ്തനാകുമെന്നാണ് ആരാധകർ പറയുന്നത്. 

‌‌വിഡിയോ വൈറലായതോടെ നിരവധി സഹായങ്ങളും പ്രാർഥനകളും സോളമനെ തേടി എത്തി. ഡിസംബർ ഏഴിനു ട്വിറ്ററിലൂടെ സോളമന്റെ അമ്മ തന്നെയാണു വിഡിയോ പങ്കുവച്ചത്. സോളമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയുള്ള ഡാൻസിന്റെ വിഡിയോയാണു പങ്കുവച്ചത്. 

മൂന്നു വയസ്സു മുതൽ സംഗീതത്തോടും നൃത്തത്തോടുമുള്ള അഭിനിവേശം സോളമനിൽ പ്രകടമായിരുന്നു. മൈക്കിൾ ജാക്സൺന്റെ ബില്ലി ജീൻ, ത്രില്ലർ, ബീറ്റ് ഇറ്റ് എന്നീ ഗാനങ്ങൾ  സ്ഥിരമായി കേൾക്കും. തുടർന്ന് മൈക്കിൾ ജാക്സൺന്റെ കടുത്ത ആരാധകനായി മാറുകയായിരുന്നു സോളമൻ . അസുഖബാധയെ തുടർന്ന് ദീർഘനാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അമ്മയുടെ സഹോദരി മൈക്കിൾ ജാക്സൺന്റെ പാട്ടുകൾ അവനെ കേൾപ്പിക്കുമായിരുന്നു. പാട്ടുകേൾക്കുന്ന സോളമൻ ഗാനത്തിനൊപ്പം വേദന മറന്നു നൃത്തംചവിട്ടുകയും ചെയ്യും. 'അവന്റെ നൃത്തം കണ്ടാൽ അസുഖബാധിതനാണെന്നു നിങ്ങൾക്കു തോന്നില്ല' സോളമന്റെ അമ്മ പറയുന്നത്. 

വയറിലാണു സോളമനു ക്യാൻസർ ബാധിച്ചിരിക്കുന്നത്. ജനുവരിയിൽ ചികിത്സ പൂർത്തിയാകും. പൂർണ ആരോഗ്യവാനായി സോളമൻ തിരിച്ചു വരാൻ കാത്തിരിക്കുകയാണ് ലോകം.