Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മോളുടെ ശബ്ദം തൂവൽ സ്പർശം പോലെ', ആ പാട്ടുകേട്ട് സുജാത പറഞ്ഞത്!

rajalkshmi-sujatha

പാട്ടിന്റെ നക്ഷത്രവെളിച്ചമുണ്ട് ഓരോ ക്രിസ്മസ് കാലത്തിനും. മഞ്ഞുപെയ്യുന്ന ഈ രാവുകളില്‍ കാലങ്ങൾതാണ്ടി ചില പാട്ടുകൾ നമ്മെ തേടിവരാറുണ്ട്. കാതുകൾക്ക് ശ്രവണ സുഖം നൽകുന്ന, കണ്ണുകളെ ആർദ്രമാക്കുന്ന, ഹൃദയം നിർമലമാക്കുന്ന ചിലഗാനങ്ങൾ. അതിൽ മുന്നിലാണ് കാവൽ മാലാഖമാരേ എന്ന മനോഹരമായ ക്രിസ്തീയ ഭക്തിഗാനം. 

1986ൽ തരംഗിണി പുറത്തിറക്കിയ സ്നേഹ പ്രതീകം എന്ന ക്രിസ്മസ് ആൽബത്തിലേതാണു കാവൽ മാലഖമാരെ എന്ന ഗാനം. എ.ജെ.ജോസഫ് സംഗീതം നൽകി, മലയാളത്തിന്റെ പ്രിയഗായിക സുജാതയുടെ ശബ്ദത്തിലൂടെ ഈ ഗാനം ഒഴുകി എത്തിയത് ആസ്വാദക ഹൃദയത്തിലേക്കാണ്.  സുജാതയുടെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണു കാവല്‍ മാലാഖമാരേ. കാവൽ മാലാഖമാരേ എന്ന ഗാനത്തിന് ഈ ക്രിസ്മസ് കാലത്ത് വേറിട്ടൊരു കവർ തയ്യാറാക്കിയിക്കുകയാണ് ഗായിക രാജലക്ഷ്മി. 

ഗാനത്തിന്റെ തനിമ ചോരാതെ അതിമനോഹരമായാണ് രാജലക്ഷ്മി കവർ വിഡിയോ ഒരുക്കിയിരിക്കുന്നത്. വർക്കിയാണു ഗാനത്തിനായി സംഗീതം ഒരുക്കിയത്. ഋതു വൈശാഖിന്റെ വയലിൻ നാദം, രാജലക്ഷ്മിയുടെ മനോഹര ശബ്ദം ഇവ ചേർന്നപ്പോൾ ഗാനം സ്വർഗീയ അനുഭൂതി സമ്മാനിക്കുന്നുണ്ട്. 

ക്രിസ്മസ് കാലത്ത് നൽകാവുന്ന ഏറ്റവും മികച്ചസമ്മാനമാണ് കാവൽ മാലാഖമാരെ എന്നു രാജലക്ഷ്മി പറയുന്നു. 'സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരാശയം തോന്നുന്നത്. തിരുവനന്തപുരം സ്വദേശികളായ വര്‍ക്കിയും ഋതുവുമാണ് ഈ ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. വളർന്നുവരുന്ന സംഗീത പ്രതിഭകളാണ് ഇരുവരും. ആദ്യം പാടി റെക്കോർഡ് ചെയ്തു പിന്നീട് വിഷ്വൽസ് എടുക്കുകയായിരുന്നു.'- രാജലക്ഷ്മി പറഞ്ഞു.

rajalakshmi-2

സ്വന്തം ഗാനം രാജലക്ഷ്മിയുടെ ശബ്ദത്തിൽ കേട്ടപ്പോൾ സുജാതയ്ക്കും അതിയായ സന്തോഷം. തൂവൽ സ്പർശം പോലെ മനോഹരമായ ശബ്ദമാണ് രാജലക്ഷ്മിയുടേത്. എക്കാലവും അങ്ങനെ തന്നെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു സുജാത ആശംസിക്കുകയും ചെയ്തു. ഈ ഗാനത്തിനു സുജാതയിൽ നിന്നും ലഭിച്ച അനുമോദനത്തോളം വലുതായി ഒന്നും ലഭിക്കാനില്ലെന്നും രാജലക്ഷ്മി കൂട്ടിച്ചേർത്തു.

മികച്ച പ്രതികരണമാണു രാജലക്ഷ്മിയുടെ ആലാപനത്തിനുസമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മുകളിലിരുന്ന് ഈ ഗാനം കേട്ട് അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നായിരുന്നു എ.ജെ ജോസഫിന്റെ മകന്റെ പ്രതികരണം. അതിമനോഹരമാണ് ആലാപനമെന്നാണു പലരുടെയും അഭിപ്രായം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി പേർ ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു.