Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയനോര ഇനി ചാരുലത ശങ്കറും; പെൺകരുത്തിന്റെ ശബ്ദമാകുന്നു

sayanora-philip

റേഡിയോ നാടകങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിക്ക്. അങ്ങനെ ഒരു കാലത്തിലേക്കു കൂട്ടി കൊണ്ടുപോവുകയാണ് ഗായിക സയനോര ഫിലിപ്പ്. നാടകത്തിൽ പാട്ടുപാടിയല്ല സയനോര വരുന്നത്. പകരം ശക്തമായ കഥാപാത്രമായാണ്. 

ദേശീയ പുരസ്കാര ജേതാവ് കെ.വി. ശരത് ചന്ദ്രന്റെ രക്തം സാക്ഷി എന്ന നാടകത്തിലാണ് സയനോര കഥാപാത്രമാകുന്നത്. ചാരുലത ശങ്കർ എന്ന കരുത്തുള്ള സ്ത്രീ കഥാപാത്രമാണ് സയനോര നാടകത്തിൽ. കേരള റേഡിയോ ഡ്രാമാ ഫെസ്റ്റിവെലിന്റെ ഭാഗമായി ആകാശവാണിയില്‍ നാടകം പ്രക്ഷേപണം ചെയ്തു. 

സയനോരയുടെ വാക്കുകൾ ഇങ്ങനെ: 'പാട്ടുപാടുംപോലെ അല്ല ഒരു കഥാപാത്രത്തിനു ജീവൻ നൽകുക എന്നത്. ഞാൻ അധികം കൈവെക്കാത്ത ഏരിയയാണ്. പക്ഷേ, ഡബ്ബിങ്ങ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ആര് ഡബ്ബിങ് ചെയ്യാമോ എന്നു ചോദിച്ചാലും ഞാൻ ഉടൻ സമ്മതിക്കും. അങ്ങനെയായിരുന്നു ഈ നാടകത്തിലേക്കുള്ള വരവും. ചാരുലത എന്ന കഥാപാത്രം യഥാർഥത്തിൽ എന്റെ സ്വഭാവവുമായി വളരെ ബന്ധമുള്ളതാണെന്നു തോന്നി.' 

മികച്ച പ്രതികരണമാണു നാടകത്തിനു ലഭിക്കുന്നത്. നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചതായി സയനോര പറഞ്ഞു. ഇപ്പോഴും നാടകത്തെ സ്നേഹിക്കുന്നവരുണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി. പാട്ടുപാടുമ്പോൾ ശബ്ദത്തിന്റെ മോഡുലേഷൻ ശ്രദ്ധിച്ച ശരത് സർ പിന്നീട് സ്ക്രിപ്റ്റ് നൽകുകയായിരുന്നു എന്നും സയനോര കൂട്ടിച്ചേർത്തു. ആകാശവാണി കണ്ണൂർ നിലയമാണ് നാടകം പ്രക്ഷേപണം ചെയ്തത്. നേരത്തെ ഹേയ് ജൂഡ്, റാബിറ്റ് ഹോൾ എന്നീ ചിത്രങ്ങൾക്കു സയനോര ശബ്ദം നൽകിയിരുന്നു.