ഇവിടെയൊന്നും ജനിക്കേണ്ട ആളല്ല; 'പിഷു' മാമനൊപ്പം പാട്ടുപാടി അനന്യക്കുട്ടി

Ramesh-Pisharody
SHARE

പലപ്പോഴും പാട്ടുകളുമായി എത്തി പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ആളാണ് രമേഷ് പിഷാരടി. മിക്കപ്പോഴും സുഹൃത്തും സിനിമാതാരവുമായ ധർമജനോടൊപ്പമാണ് പാട്ടുകളുമായി എത്താറുള്ളത്. എന്നാൽ ഇത്തവണ ധർമജനല്ല. കുട്ടിപാട്ടുകാരി അനന്യയാണ് പിഷാരടിക്കൊപ്പമുള്ളത്. 

‌'ആനച്ചന്തം ഗണപതി മേളച്ചന്തം' എന്ന പാട്ടാണ് ഇരുവരും ചേർന്ന് ഈണത്തിൽ പാടുന്നത്. 'ഇത് ഇവിടെ ഒന്നും ജനിക്കേണ്ട ആളല്ല, ചെറുതാകും തോറും സന്തോഷം വലുതാകും' എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. ചുരുങ്ങിയ കാലയളവിൽ തന്നെ റിയാലിറ്റി ഷോളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പാട്ടുകൾ കൊണ്ടു നിരവധി ആരാധകരെ ഉണ്ടാക്കിയ കുട്ടിത്താരമാണ് അനന്യ.

അനന്യയുടെ കുസൃതിയും ആലാപന മികവും ആസ്വാദക ഹൃദയം കീഴടക്കിയിരുന്നു. ഒടുവിലിപ്പോൾ പിഷാരടിക്കൊപ്പമുള്ള അനന്യയുടെ പാട്ടും  സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രമേഷ് പിഷാരടി തന്നെയാണു വിഡിയോ പങ്കുവച്ചത്. നിരവധി പേർ വിഡിയോ കാണുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

മുകേഷ്, ഇന്നസെന്റ്, കെപിഎസി ലളിത, സുനിത എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗജകേസരിയോഗം.  പി.വി വിശ്വംബരൻ സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതം ഒരുക്കിയത് ജോൺസൺ ആണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെതാണു വരികൾ. ഇന്നസെന്റ് ആണു ഗാനം ആലപിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA