നേരംകൊല്ലികളാകാത്ത സിനിമാഗാനങ്ങൾ; ലെനിന്‍ വസന്തം

lenin-rajendran-8
SHARE

രചനാഭംഗി കൊണ്ടു വേറിട്ടുനിൽക്കുന്ന പത്തു മലയാള സിനിമാഗാനങ്ങളെടുത്താൽ അതിലൊന്ന് ലെനിൻ രാജേന്ദ്രന്റെ ചിത്രത്തിലേതാവും. 'ഒരു വട്ടം കൂടിയാപ്പുഴയുടെ തീരത്ത് വെറുതെ ഇരിക്കുവാൻ മോഹം' എന്നു നമ്മളിപ്പോഴും പാടുന്നില്ലേ? പോക്കുവെയിൽ പൊന്നുരുകി വീണ പുഴയെ മറക്കാനാകുമോ? സിനിമാഗാനങ്ങൾ നേരംകൊല്ലികളാവരുത് എന്നു വിശ്വസിച്ച സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ.

‘ദൈവത്തിന്റെ വികൃതികൾ’ എന്ന ചിത്രത്തിലെ അൽഫോൻസച്ചൻ എന്ന കഥാപാത്രം ഇന്നും മനസിൽ ഒരു നൊമ്പരമായി ബാക്കിയുണ്ടെങ്കിൽ അതിന് ഒഎൻവി കുറുപ്പിന്റെ വരികൾക്കു കൂടി നന്ദി പറയണം. ‘അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും....ഉരുകിനിൻ ആത്മാവിൻ ആഴങ്ങളിൽ വീണു പൊഴിയുമ്പോഴാണെന്റെ സ്വർഗം.. നിന്നിലലിയുന്നതേ നിത്യസത്യം...’ എന്ന വരികൾ മാത്രം മതി ആ കഥാപാത്രത്തിന്റെ മാനസികവ്യഥ നമ്മിലേക്കു പകർന്നെത്താൻ.

നഷ്‌ടമായ യുവത്വത്തെ, ഗൃഹാതുരമായി വർണിക്കുന്ന ‘ചില്ലി’ലെ പാട്ട് എത്രകേട്ടാലാണ് മതിവരിക? ‘അടരുന്ന കായ്‌മണികൾ പൊഴിയുമ്പോൾ ചെന്നെടുത്തു അതിലൊന്നു തിന്നുവാൻ മോഹം... വെറുതെ മോഹിക്കുവാൻ മോഹം...’ എന്നു കൂടി പാടാതെ എങ്ങനെ?

മലയാള സിനിമ കണ്ട ഏറ്റവും സംഗീതപ്രധാനമായ ചിത്രവും ലെനിന്റെ സൃഷ്‌ടിയായിരുന്നു; സ്വാതി തിരുനാൾ. സംഗീതത്തിന് പ്രാധാന്യമേറെ കൊടുത്ത മറ്റൊരു ലെനിൻ ചിത്രമായിരുന്നു ‘മഴ’. കെ. ജയകുമാർ എഴുതിയ ‘ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്ക് എത്ര കിനാക്കളുണ്ടായിരിക്കും...’ എന്ന പാട്ടും ഒ.വി. ഉഷയെഴുതിയ ‘ആരാദ്യം പറയും, പറയാതിനി വയ്യ, പറയാനും വയ്യ’ എന്ന പാട്ടും കഥ പറയുന്നവയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA