ആരും അറിയാതെ റഹ്മാൻ വന്നു, കണ്ടു: ഭാഗ്യലക്ഷ്മി

rahman-bhagyalakshmi
SHARE

പ്രശസ്ത ഗിറ്റാറിസ്റ്റ് ജോണ്‍ ആന്തണിയുടെ ഓർമകൾ പങ്കുവച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജോൺ ആന്റണിയെ ഏറ്റവും നന്നായി മനസ്സിലാക്കിയ സുഹൃത്തുക്കളായിരുന്നു റഹ്മാനും ശിവമണിയുമെന്ന് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു. 

ഭാഗ്യലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണരൂപം

ഞങ്ങളുടെ പ്രിയപ്പെട്ട ജോണി(ജോൺ ആന്റണി)നാളെ യാത്രയാവുന്നു.. ജോണി എപ്പോഴും പറയുമായിരുന്നു ഇതൊരു കപട ലോകമാണ്,സ്നേഹത്തിനും ആത്മാർത്ഥതക്കും യാതൊരു വിലയുമില്ല ഇവിടെ,അതാണ് ഞാൻ 24മണിക്കൂറും എന്റെ ഗിറ്റാറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്ന്..

35 വർഷത്തോളം സിനിമാ സംഗീതലോകത്ത് പ്രവർത്തിച്ചിട്ടും ജോണിയുടെ മനസ്സിന് സന്തോഷം തരുന്ന സംഗീതം തേടി അലഞ്ഞു.ഒടുവിൽ ജോണിക്ക് മനസ്സിലായി സിനിമ ഉപേക്ഷിക്കണം,അങ്ങനെയാണ് 2011 ൽ ഇനി സിനിമാ സംഗീതം എനിക്ക് വേണ്ട എന്ന തീരുമാനവുമായി ജോണി ചെന്നൈ ഉപേക്ഷിച്ച് തിരുവനന്തപുരത്ത് താമസം ഉറപ്പിച്ചത്.(ഒടുവിൽ ചെയ്ത സിനിമ "വിണ്ണൈ താണ്ടി വരുവായാ).

സത്യത്തിൽ "പൊൻവീണേ എൻ ഉളളിൽ" എന്ന പാട്ടിൽ ഒടുവിൽ കേൾക്കുന്ന ഗിറ്റാർ സംഗീതം ജോണിയുടേതാണെന്ന് ആരെങ്കിലും പറയുമ്പോൾ ജോണിക്ക് ദേഷ്യമായിരുന്നു..അതാണോ എന്റെ കഴിവ്, എന്റെ കഴിവിനെ എത്ര ചെറുതായി കാണുന്നു എന്ന് പറയുമായിരുന്നു..മലയാള തമിഴ് സിനിമാ സംഗീത ലോകത്തെ എല്ലാ കപടതകളും ജോണി എന്നോട് പറയുമായിരുന്നു...

ജോണിയെ ഏറ്റവും നന്നായി മനസ്സിലാക്കിയ രണ്ട് സുഹൃത്തുക്കൾ ആണ് എ ആർ റഹ്മാനും ശിവമണിയും..1985 ൽ ഞാൻ ജോണിയെ ആദ്യമായി ചൈന്നെയിൽ വെച്ച് കാണുമ്പോൾ സാലിഗ്രാമത്തിലെ ഒരു വീടിന്റെ മുകളിലത്തെ ചെറിയ വാടക വീട്ടിലായിരുന്നു താമസം.

അന്ന് A R REHMAN, SIVAMANI,JOJU എന്ന SOUTH AFRICAN സുഹൃത്ത് എല്ലാവരും ചേർന്നുളള കളിയും ചിരിയും സംഗീതവും ഞാൻ നേരിൽ കണ്ടതാണ്.കൂട്ടത്തിൽ ഏറ്റവും ചെറിയ പയ്യനായിരുന്നു A R REHMAN.

ജോണിച്ചേട്ടാ ജോണിച്ചേട്ടാ എന്ന് വിളിച്ചു എപ്പോഴും കൂടെയുണ്ടാവും.

അതുകൊണ്ടാണ് ഈയടുത്ത കാലത്ത് റഹ്മാൻ ആരുമറിയാതെ ജോണിയെ കാണാൻ വന്നതും ഒരു ദിവസം മുഴുവൻ ജോണിയോടൊപ്പം ചിലവിട്ടതും..

അന്ന് റഹമാൻ പറഞ്ഞുവത്രേ എത്ര നല്ല കാലമായിരുന്നു നമ്മുടെ ചെന്നൈ ജീവിതം, ഇത്രയും വലിയൊരു സിനിമ ലോകത്ത് നല്ല തിരക്കുളള കാലത്തും അത് വലിച്ചെറിഞ്ഞ് സ്വന്തം ഇഷ്ട സംഗീതത്തിനായി ജീവിക്കാനുളള ധൈര്യം എല്ലാവർക്കും കിട്ടില്ല എങ്ങനെ ജോണിച്ചേട്ടന് അത് സാധിച്ചു എന്ന്.

തിരുവനന്തപുരത്തെ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു ജോണി.

ഈ വർഷം വിദേശത്ത് നിരവധി പരിപാടികൾ ജോണിക്ക് ഉണ്ടായിരുന്നു..അതേക്കുറിച്ച് ജോണി ആവേശത്തോടെ എന്നോട് പറഞ്ഞിരുന്നു. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് ജോണി പോയത്..യാതൊരു ദുരാഗ്രഹവുമില്ലാത്ത ആരേയും ദ്രോഹിക്കാത്ത സംഗീതം സംഗീതം സംഗീതം എന്ന ലോകത്ത് മാത്രം ജീവിച്ച ജോണി,എന്റെ സുഹൃത്തും സഹോദരനുമായിരുന്നു എന്നതിൽ ഞാനഭിമാനിക്കുന്നു..

പുനർജന്മത്തിൽ വളരേയധികം വിശ്വാസമുണ്ടായിരുന്നു ജോണിക്ക്.

എല്ലാ ജന്മത്തിലും ഞാൻ ഈ ഗിറ്റാറുമായി തന്നെ ജീവിക്കും എന്ന പറയുമായിരുന്നു.അങ്ങനെയെങ്കിൽ ജോണി വീണ്ടും ജനിക്കും...

ഭാഗ്യലക്ഷ്മി.

24.1.2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA