ADVERTISEMENT

ചരിത്രത്തിലാദ്യമായി സംഗീതലോകത്ത് പെൺതാരങ്ങളുടെ ഗംഭീര വിജയത്തിന് സാക്ഷിയായി ഗ്രാമി വേദി. ആൽബം ഓഫ് ദി ഇയർ പുരസ്കാരം ഉൾപ്പടെ പ്രമുഖ പുരസ്കാരങ്ങൾ കരസ്ഥമാക്കി പെൺതാരങ്ങൾ കരുത്തു തെളിയിച്ചു. കെയ്സി മസ്ഗ്രേവ്സ്, ലേഡി ഗാഗ, ദുവ ലിപ എന്നിവരാണ് ഗ്രാമി പുരസ്കാര പ്രഖ്യാപനത്തിൽ തിളക്കമേറിയ വിജയങ്ങൾ സ്വന്തമാക്കിയത്. 

 

ഗോൾഡൻ അവർ എന്ന ആൽബത്തിന് 'ആൽബം ഓഫ് ദി ഇയർ' പുരസ്കാരം കെയ്സി നേടിയത് ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ്. ആൽബം ഓഫ് ദി ഇയറിനു പുറമെ ബെസ്റ്റ് കൺട്രി സോങ് (സ്പെയ്സ് കൗബോയ്), ബെസ്റ്റ് കൺട്രി സോളോ പെർഫോർമൻസ് (ബട്ടർഫ്ലൈസ്), ബെസ്റ്റ് കൺട്രി ആൽബം എന്നീ പുരസ്കാരങ്ങളും കെയ്സി സ്വന്തമാക്കി. അങ്ങനെ, 2019 ൽ ഏറ്റവുമധികം ഗ്രാമി നേടിയ റെക്കോർഡ് ചൈൽഡിഷ് ഗാംമ്പിനോക്കൊപ്പം കെയ്സി പങ്കിട്ടു.   

lady-gaga

 

ലേഡി ഗാഗയാണ് ഗ്രാമിയിലെ തിളങ്ങിയ മറ്റൊരു വനിതാരത്നം. ബെസ്റ്റ് പോപ് ഡുവോ, ബെസ്റ്റ് സോങ് റിട്ടൻ ഫോർ വിഷ്വൽ മീഡിയ, ബെസ്റ്റ് പോപ് സോളോ പെർഫോർമൻസ് എന്നീ വിഭാഗങ്ങളിലായി മൂന്നു ഗ്രാമി പുരസ്കാരങ്ങൾ ലേഡി ഗാഗ സ്വന്തമാക്കി. 

 

ചരിത്രത്തിൽ പേരെഴുതി ചേർത്താണ് അമേരിക്കൻ റാപ് ഗായിക കാർഡി ബി ഗ്രാമി വേദി വിട്ടത്. കാർഡി ബിയുടെ ഇൻവേഷൻ ഓഫ് പ്രൈവസി ബെസ്റ്റ് റാപ് ആൽബത്തിനുള്ള ഗ്രാമി സ്വന്തമാക്കി. ബെസ്റ്റ് റാപ് സോളോ പുരസ്കാരം നേടുന്ന ആദ്യ വനിതയാണ് കാർഡി ബി. 

cardy-b

 

ബ്രിട്ടീഷ് ഗായിക ദുവാ ലിപയും രണ്ടു ഗ്രാമി പുരസ്കാരങ്ങൾ നേടി കരുത്തറിയിച്ചു. ബെസ്റ്റ് ന്യൂ ആർടിസ്റ്റ്, ബെസ്റ്റ് ഡാൻസ് റെക്കോർഡിങ് എന്നീ രണ്ടു വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണ് ദുവാ ലിപ കരസ്ഥമാക്കിയത്. 

 

ഇത് കാലം കാത്തുവച്ച മധുര പ്രതികാരം

പുരസ്കാര പ്രഖ്യാപനത്തിലെ ആൺമേൽക്കോയ്മയെ പെൺതാരങ്ങൾ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കഴിഞ്ഞ ഗ്രാമി കടന്നുപോയത്. സ്ത്രീകളെ മാറ്റി നിറുത്തുന്ന കാലം കഴിഞ്ഞുപോയെന്ന് വ്യക്തമാക്കി ഗായികയും അഭിനേത്രിയുമായ ജാനെൽ മോനേ നടത്തിയ പ്രസംഗം ലോകം ഏറ്റെടുത്തു. ജാനെൽ മോനേയുടെ ആഹ്വാനത്തിന് ഏറ്റവും മനോഹരമായ പ്രതികരണമാണ് 2019ലെ ഗ്രാമി വേദി സാക്ഷിയായത്. അവതാരകയായ അലീസിയ കീസ് മുതൽ വേദിയിൽ വന്നുപോയ എല്ലാവരും കഴിഞ്ഞ വർഷത്തെ പിഴവ് ആവർത്തിക്കാതിരിക്കുന്നതിൽ ശ്രദ്ധിച്ചു. കരുത്തരായ സ്ത്രീകളെ അണിനിരത്തിയായിരുന്നു ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങിന്റെ തുടക്കം. മിഷേൽ ഒബാമ, ലേഡി ഗാഗ, ജെന്നിഫർ ലോപസ്, ജഡാ പിൻകെറ്റ് സ്മിത്ത് എന്നിവർക്കൊപ്പമാണ് അവതാരകയായ അലീസിയ കീസ് വേദിയിലെത്തിയത്. "നമ്മിൽ ഓരോരുത്തരിലുമുള്ള മഹത്വത്തെ സംഗീതത്തിലൂടെ ഈ രാത്രിയിൽ ആഘോഷിക്കാം," എന്ന മുഖവുരയോടെ തുടങ്ങിയ അലീസിയ കീസ് കാണികൾക്കു നേരെ പ്രശസ്തമായ ചോദ്യമെറിഞ്ഞു, 'ആരാണ് ഈ ലോകം നിയന്ത്രിക്കുന്നത്'!

 

കാമില കാബെല്ലോ, ഡയാന റോസ്, ജെന്നിഫർ ലോപസ്, കാർഡി ബി, ഹെർ എന്നിങ്ങനെ പെൺതാരങ്ങൾ അണി നിരന്ന സംഗീത വിരുന്ന് പെൺകരുത്തിന്റെ മുഖചിത്രമായി. ലോകസംഗീതത്തിന്റെ നെറുകയിൽ നിന്നുകൊണ്ട് ഈ പെൺതാരങ്ങൾ വിളിച്ചു പറയുന്നത് ഇതാണ്, മാറ്റി നിറുത്തലിന്റെ കാലം കഴിഞ്ഞു... ഇനിയുള്ള കാലം ഞങ്ങളുടേതു കൂടിയാണ്! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com