ADVERTISEMENT

കേരളത്തിന്റെ ശബ്ദങ്ങളെ പിന്തുടർന്ന് കേരള ടൂറിസം പുറത്തിറക്കിയ വിഡിയോക്ക് സമൂഹമാധ്യമങ്ങളിൽ ഗംഭീരൻ പ്രതികരണം. ദേവവാദ്യം എന്നറിയപ്പെടുന്ന ഇടയ്ക്കയെക്കുറിച്ചുള്ള ചെറു വിഡിയോ ഒരാഴ്ചയ്ക്കുള്ളിൽ കണ്ടത് നാൽപതു ലക്ഷത്തിലേറെ പേരാണ്. 

 

ഇടയ്ക്കയെക്കുറിച്ച് കൗതുകമുള്ള അറിവുകളും വിഡിയോ പങ്കു വയ്ക്കുന്നുണ്ട്. അതിമനോഹരമായാണ് ഈ അറിവുകൾ പ്രേക്ഷകരിലേക്കു പകരുന്നത്. സാധാരണക്കാർക്ക് സുപരിചിതമായ ഇടയ്ക്കയുടെ അസാധാരണത്വം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്നു. കെട്ടിലും മട്ടിലും ചെണ്ടയുടെ ഗണത്തിൽപ്പെടുന്ന വാദ്യോപകരണമാണ് ഇടയ്ക്ക. എന്നാൽ,സപ്തസ്വരങ്ങളും ഇടയ്ക്കയിൽ വായിക്കാൻ കഴിയുമെന്നതു കൗതുകകരമായ അറിവാണ്. 'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ' എന്ന നഴ്സറിപ്പാട്ടു മുതൽ 'വന്ദേ മുകുന്ദ ഹരേ' വരെ ഇടയ്ക്കയിൽ ലളിതമായി ഒഴുകി വരും. കേരളത്തിന്റെ സ്വന്തം ശബ്ദ സാന്നിധ്യമായ ഇടയ്ക്ക ആള് ചില്ലറക്കാരനല്ല എന്നു ചുരുക്കം. 

 

കേരളത്തിന്റെ ശബ്ദങ്ങളെ ലോകത്തിനു പരിചയപ്പെടുത്തുന്നതിനായി കേരള ടൂറിസം വകുപ്പ് പുറത്തിറക്കിയ 'ഫോളോ ദി സൗണ്ട്' എന്ന സീരീസിലെ രണ്ടാമത്തെതാണ് 'അൺവെയിലിങ് ഇടയ്ക്ക' എന്ന വിഡിയോ. കേരളത്തെ കേൾക്കാൻ സഞ്ചാരികളെ ക്ഷണിക്കുന്ന ഓഡിയോ ബ്രാൻഡിങ് ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉദ്യമം. ഇടയ്ക്ക വിദ്വാനായ സുരേഷ് മാരാരാണ് വിഡിയോയിൽ ഇടയ്ക്ക പരിചയപ്പെടുത്തുന്നത്. 

 

"ഇടയ്ക്കയെക്കുറിച്ചു പറയാൻ ഒരുപാടുണ്ട്. അതിൽക്കുറച്ചു മാത്രമെ, വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇടയ്ക്കയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള ശ്രമം. കൊട്ടിപ്പഠിച്ചതല്ലാതെ പുതിയ രീതികൾ പരീക്ഷിക്കുന്നത് ആവേശകരമായ അനുഭവമായിരുന്നു"-എന്ന് സുരേഷ് മാരാർ പറയുന്നു. 

 

കേരള ടൂറിസത്തിനു വേണ്ടി സ്റ്റാർക് കമ്യൂണിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്ന വിഡിയോ കാഴ്ചയുടെയും കേൾവിയുടെയും മോഹിപ്പിക്കുന്ന അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നെപ്പോളിയൻ ആണ് സംവിധാനം. ആശയം അലൻ ടോമിന്റേതാണ്. 

 

വിഡിയോയ്ക്കായി ട്രാക്ക് ഒരുക്കിയിരിക്കുന്നത് ലിയോ ടോമാണ്. പ്രേക്ഷകരെ മോഹിപ്പിക്കും വിധം ഇടയ്ക്കയുടെ ശബ്ദം പരിചയപ്പെടുത്തുക എന്നത് ഏറെ ശ്രമകരമായിരുന്നെന്ന് ലിയോ പറയുന്നു. "ഇടയ്ക്കയുടെ ശബ്ദത്തെ അതേപടി കേൾവിക്കാരെ അനുഭവിപ്പിക്കുന്നതിന് നിരവധി സാങ്കേതിക പ്രക്രിയയിലൂടെ കടന്നു പോയി. റെക്കോർഡിങ് മുതൽ ഫൈനൽ ഔട്ട് എടുക്കുന്നതു വരെ നീണ്ട ശ്രമകരമായ പ്രയത്നം അതിനു പിന്നിലുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു വാദ്യോപകരണത്തെ സസൂക്ഷ്മം അറിയാനും പഠിക്കാനും ശ്രമിക്കുകയായിരുന്നു ഞങ്ങൾ. സാങ്കേതികവിദ്യ പുതിയ സാധ്യതകൾ തുറന്നു തരും. ലോകത്തിന്റെ അത്തരം സാധ്യതകളിലേക്ക് നമ്മുടെ വാദ്യോപകരണങ്ങളെ തുറന്നുവയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," ലിയോ ടോം പറഞ്ഞു. 

 

കേരളത്തിന്റെ പച്ചപ്പിനെ ഇടയ്ക്കയുടെ കാഴ്ചകളിലേക്ക് കൊണ്ടുപോകുന്നത് ജിഷ്ണു വെടിയൂരിന്റെ ക്യാമറയാണ്. ആർടിസ്റ്റോറി പ്രൊഡക്ഷൻ ഹൗസാണ് നിർമാണം.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com