ADVERTISEMENT

'ഒരു അഡാറ് ലൗ' എന്ന ചിത്രത്തെ പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലനിൽക്കുമ്പോഴും ഗാനങ്ങളെ പറ്റി സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു: 'കൊള്ളാം എല്ലാം ഒന്നിനൊന്നു മെച്ചം'. പാട്ടുകള്‍ എല്ലാം ഇതിനോടകം തന്നെ ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച സംഗീതവും ആലാപനവും തന്നെയാണ് പാട്ടുകളെ ആസ്വാദകരുടെ പ്രിയപ്പെട്ടതാക്കിയത്. സിനിമയെ വിമർശിച്ചവര്‍ പോലും ഗാനങ്ങളെ നെഞ്ചേറ്റി. 

മാണിക്യ മലർ, ഫ്രീക്ക് പെണ്ണേ, മുന്നാലെ പോന്നാലേ, തനന പെണ്ണേ, ഫോർ എവർ ഫ്രണ്ട്, ആരും കാണാതിന്നെൻ, മാഹിയാ എന്നിങ്ങനെ ഏഴുഗാനങ്ങൾ ഉണ്ട് ചിത്രത്തിൽ. മെലഡിയും ഫാസ്റ്റ് നമ്പരുമായി എത്തുന്ന ഗാനങ്ങൾ ഒന്നിനൊന്നു മെച്ചം തന്നെയാണ്. മലയാളത്തിൽ അടുത്തിറങ്ങിയ ഫാസ്റ്റ് നമ്പരുകളിൽ ശ്രദ്ധനേടുമെന്നുറപ്പാണ് ഒരു അഡാറ് ലൗവിലെ ഫാസ്റ്റ് നമ്പറുകള്‍. മാണിക്യ മലരായ പൂവി എന്ന ഗാനത്തിനു വലിയ വിമർശനങ്ങള്‍ തുടക്കത്തിൽ നേരിടേണ്ടി വന്നു എങ്കിലും പിന്നീട് കഥമാറി. ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയ മലയാളം ഗാനമായി മാറി മാണിക്യ മലർ. 

ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന്റെയും അവസ്ഥ വിഭിന്നമായിരുന്നില്ല. ഡിസ്‌ലൈക്കുകൾ കൊണ്ടായിരുന്നു ഈ ഗാനം ശ്രദ്ധനേടിയത്. പക്ഷേ, ഇതിലും എത്രയോ മോശമായ ഗാനങ്ങൾ മലയാളത്തിൽ പിറന്നെങ്കിലും ഇങ്ങനെ ഒരു സോഷ്യൽ മീഡിയ ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. ചിലവൈരാഗ്യങ്ങളാൽ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇതെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ. 

എന്നാൽ, ഏറ്റവും ഒടുവിലെത്തിയ ഗാനങ്ങളുടെ അവസ്ഥ ഇതായിരുന്നില്ല. ഡിസ്‌ലൈക്ക് അടിച്ചവർ തന്നെ ഗാനങ്ങൾക്കു ലൈക് അടിച്ചു തുടങ്ങി. വിമർശനങ്ങൾ മാറി പ്രശംസകൾ നിറഞ്ഞു. പ്രത്യേകിച്ച് മുന്നാലേ പോന്നാലേ എന്ന ഗാനം കയ്യടിയോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. തനനനാ പെണ്ണേ, മാഹിയ, ആരും കാണാതെൻ എന്നീ ഗാനങ്ങളും ആസ്വാദകർ നെഞ്ചേറ്റി. മുഴുവൻ ഗാനങ്ങളും ജൂക് ബോക്സിൽ എത്തിയപ്പോൾ അതിനു താഴെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. 'സിനിമ എങ്ങനെയായാലും ഇതിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാണ്' എന്നാണു പലരുടെയും കമന്റുകൾ. ഷാൻ റഹ്മാന്റെതാണു സംഗീതം. സത്യജിത്ത്, പേളിമാണി, ബി.കെ. ഹരിനാരായണൻ എന്നിവരാണു വരികൾ എഴുതിയത്. വിനീത് ശ്രീനിവാസൻ, ഹരിചരൺ, നീതു നടുവത്തേറ്റ്, സൂരജ് സന്തോഷ്, ശ്രുതി ശിവദാസ്, സച്ചിൻ വാരിയർ, ജീനു നസീർ, ഹിഷാം അബ്ദുൾ വഹാബ് എന്നിവരാണു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com