അന്നത്തെ ആ പ്രിയപാട്ട്, രാജലക്ഷ്മിയുടെ വിഷുക്കൈനീട്ടം

HIGHLIGHTS
  • ചിത്ര ചേച്ചിക്കും വിദ്യാസാഗർ സാറിനുമുള്ള കാണിക്ക
  • പാട്ടിന്റെ ഭംഗി പോകാതിരിക്കാൻ ഗിറ്റാറിൽ ചെയ്തു
SHARE

കാലങ്ങൾക്കപ്പുറത്തേക്ക് ഒഴുകുന്ന ചില പാട്ടുകളുണ്ട്. നിശബ്ദമായി. എപ്പോഴൊക്കെയോ അവ നമ്മുടെ മനസ്സിനെ ആർദ്രമാക്കും. നമ്മൾ പോലും അറിയാതെയായിരിക്കും ആ പാട്ടു നമ്മെ തേടി വരുന്നത്. ശാന്തമായി ഒഴുകുന്ന പുഴപോലെ, പുലർക്കാലത്തിലെ നനുത്ത മഞ്ഞുപോലെ, ഇളംകാറ്റുപോലെ ആ ഈണം. കാതിനിമ്പമായി...ആത്മാവിനെ തലോടി...ആ പാട്ടു നമ്മെയുണർത്തും. നമ്മൾ മറന്നുപോയ ഗതകാലത്തെ സ്വപ്നപ്പെയ്ത്തുണ്ടാകും അപ്പോൾ മനസ്സിൽ. അത്തരത്തിൽ ഒരു ഗാനമാണ് 1999ൽ പുറത്തിറങ്ങിയ ‘എഴുപുന്ന തരകനി’ലെ ‘മേലെ വിണ്ണിന്‍ മുറ്റത്താരെ.’

ഗിരീഷ് പുത്തഞ്ചേരിയുടെ കവിത തുളുമ്പുന്ന വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് വിദ്യാസാഗറാണ്. ചിത്രയുടെ മനോഹര ശബ്ദത്തിലെത്തുന്ന ഗാനം ആസ്വാദനത്തിന്റെ മറ്റൊരുതലത്തിലേക്കു നമ്മെ കൊണ്ടുപോയി. മറ്റുപലഗാനങ്ങൾക്കും കവർ സോങ്ങുകൾ വ്യാപകമായി വന്നപ്പോഴും ഈ ഗാനം കാര്യമായി എവിടെയും കേട്ടിരുന്നില്ല. ഇപ്പോൾ ‘മേലേ വിണ്ണിൻ മുറ്റത്താരേ...’ ഗാനത്തിന് അതിമനോഹരമായ കവർ സോങ്ങുമായി എത്തുകയാണു ഗായിക രാജലക്ഷ്മി. വില്യം ഐസക് ആണ് സംഗീതം ഒരുക്കുന്നത്. 

വിഷുവിനൊരു കവർസോങ് ചെയ്യണമെന്ന മോഹം തോന്നിയിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ യാദൃശ്ചികമായി ഈ ഗാനത്തിലേക്ക് എത്തുകയായിരുന്നു എന്ന് ഗായിക രാജലക്ഷ്മി പറഞ്ഞു. രാജലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ: ‘ഞാന്‍ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇറങ്ങിയ സിനിമയാണ് എഴുപുന്ന തരകൻ. അന്ന് മുതൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഇത്. ചിത്രച്ചേച്ചിയാണ് ഈ ഗാനം പാടിയിരിക്കുന്നത്. വിദ്യാസാഗർ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനും. മേടക്കാറ്റിൻ എന്നൊരു വാക്കൊക്കെയുള്ളതിനാൽ വിഷുവിന്റെ മൂഡൊക്കെ ഈ ഗാനത്തിനുണ്ട്. അതുകൊണ്ട് വിഷുക്കൈനീട്ടമായി അവതരിപ്പിക്കാമെന്നു കരുതി ഞാൻ എന്റെ സുഹൃത്ത് വില്യമിനെ വിളിച്ചു. മൂന്നു നാലു പാട്ടുകൾ പറഞ്ഞതിൽ വില്യമിനും ഈ ഗാനമാണ് ഇഷ്ടമായത്. അങ്ങനെ ഈ പാട്ടു തിരഞ്ഞെടുക്കുകയായിരുന്നു. സത്യത്തിൽ പാട്ട് റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോഴാണ്  ഈ പാട്ടിൽ വിഷുവിന്റെ ഒരു മൂഡൊക്കെയുണ്ടല്ലോ എന്നെനിക്കു തോന്നിയത്. ഗിറ്റാർ ആണ് ഉപയോഗിച്ചിരിക്കുന്നത്. പാട്ടിന്റെ ഭംഗി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ആരും ഈ ഗാനം അങ്ങനെ കവർസോങ്ങായൊന്നും എടുത്തു കണ്ടിട്ടില്ല. ’

ചിത്രയ്ക്കും വിദ്യാസാഗറിനും ആദരസൂചകമായാണ് ഗാനം രാജലക്ഷ്മി അവതരിപ്പിക്കുന്നത്. ഇങ്ങനെയൊരു കാര്യം ചിത്രയെ അറിയിച്ചപ്പോൾ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്നായിരുന്നു മറുപടിയെന്നും രാജലക്ഷ്മി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA