ADVERTISEMENT

പ്രതീക്ഷയുടെ സ്നേഹത്തുരുത്തുകൾ തേടാറുണ്ട് മനുഷ്യർ. പ്രണയം, സൗഹൃദം  ഏതുമാകാം അങ്ങോട്ടുള്ള വഴി. വരില്ലെന്നുറപ്പുണ്ടായിട്ടും ചില കാത്തിരിപ്പില്ലേ...അവിടെയും വിദൂരത്തെവിടെയോ പ്രതീക്ഷ നാമ്പിടാറുണ്ട്. ചിലപാട്ടുകൾ അങ്ങനെയാണ്. മൗനത്തിലേക്ക് പതിയെ വഴുതിവീഴുകയാണെന്നു തോന്നുന്ന നിമിഷത്തിൽ നമ്മൾ പോലുമറിയാതെ തേടിവരും. പ്രതീക്ഷയുടെ ഗന്ധവും പേറിക്കൊണ്ട്.  

 

‘നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

നിന്നെ പ്രതീക്ഷിച്ചു നിന്നു.

ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ

എന്നും പ്രതീക്ഷിച്ചു നിന്നു.

നീയിതു കാണാതെ പോകയോ.. 

നീയിതു ചൂടാതെ പോകയോ..’

 

‘എത്ര പ്രതീക്ഷയോടെയാണ് ഞാൻ ഓരോ ദിവസവും നിന്നെയും കാത്തിരിക്കുന്നത്. എന്നിട്ടും നീ അതു കാണാതെ കടന്നു പോകുന്നു.’ പ്രണയിനിയുടെ സ്നേഹ പരിഭവവും പ്രതീക്ഷയും നിറയുകയാണു വരികളിലാകെയും.  കെ. ജയകുമാറിന്റെ വരികൾക്കു രവിന്ദ്രന്റെ സംഗീതം. ചിത്രയുടെ അതിമനോഹരമായ ആലാപനവും ചേർന്നപ്പോള്‍ ഗാനം ആസ്വാദകഹൃദയത്തിൽ കുളിർമഴയായി പെയ്തിറങ്ങി. ദേശ് ആണ് രാഗം. 

 

‘ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന

മിഴിമുനയാരുടേതാവാം 

ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന

നിനവുകളാരെയോർത്താവാം

അറിയില്ലെനിക്കറിയില്ല

പറയുന്നു സന്ധ്യതൻ മൗനം’

 

മൗനത്തിൽ കണ്ടെത്തുന്ന പ്രണയത്തിന്റെ ഉറവ. അതാണ്  ഈ ഗാനം. രാഗം മേഘമൽഹാർ. ഒഎൻവി കുറുപ്പിന്റെ വരികൾക്കു സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണ്‍. യേശുദാസാണു ഗാനം ആലപിച്ചിരിക്കുന്നത്. നനുത്ത പ്രണയത്തിന്റെ കാത്തിരിപ്പും പ്രതീക്ഷയുമാണ് ഈ ഗാനങ്ങൾ.

 

ഇരുഗാനങ്ങൾക്കും വേറിട്ട രീതിയിൽ കവർ സോങ് ഒരുക്കുകയാണ് ഗായിക മൃദുല വാര്യർ. ഈ ഗാനങ്ങള്‍ തന്നെ കവർ സോങ്ങാക്കി എടുക്കാൻ ഉണ്ടായ കാരണത്തെ പറ്റി മൃദുല പറയുന്നത് ഇങ്ങനെ: ‘ചിത്രച്ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ, ഒരു കവർ സോങ് ചെയ്യുമ്പോള്‍ രവീന്ദ്രൻ മാഷുടെ സംഗീതത്തിലുള്ളത് എടുക്കണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരു നറുപുഷ്പമായ് എന്ന പാട്ടാണെങ്കിൽ നിരവധി വേദികളിൽ ഞാൻ പാടിയിട്ടുണ്ട്. രമേഷ് നാരായൺ സാറിന്റെതാണു സംഗീതം. രണ്ടും വ്യത്യസ്തമായ രാഗത്തിലുള്ള പാട്ടുകളായതിനാൽ എടുക്കുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ, പാടിക്കഴിഞ്ഞപ്പോൾ ഇരുഗാനങ്ങളും യോജിച്ചു പോയി. ഇത് എന്റെ ആദ്യത്തെ കവർസോങ്ങാണ്.’

 

വിഡിയോ കണ്ട് സംവിധായകൻ കമലും സംഗീത സംവിധായകൻ എം. ജയചന്ദ്രനും നല്ല അഭിപ്രായമാണു പറഞ്ഞതെന്നും മൃദുല പറഞ്ഞു. മധു പോളാണ് കീബോർഡ് പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത്. ശ്യാംലിൻ ജേക്കബ് ആണ് സംവിധാനം. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു സുപരിചിതയായ മൃദുല കളിമണ്ണിലെ ‘ലാലീ ലാലീ’ എന്ന പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com