ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകാൻ വോട്ടർമാരോടു അഭ്യർഥിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സ്വന്തമായി പുറത്തിറക്കിയ റാപ് വിഡിയോയിലൂടെയാണ് താരത്തിന്റെ അഭ്യർഥന. മ്യൂസിക് വിഡിയോ പുറത്തിറക്കാൻ അൽപം വൈകിയെങ്കിലും വോട്ടു ചെയ്യാൻ ആ കാലതാമസം ഉണ്ടാകരുതെന്നും കിങ് ഖാൻ ആമുഖമായി കുറിച്ചു. 

 

രാജ്യത്തെ കലാ–കായിക–സാംസ്കാരിക മേഖലയിലുള്ള പ്രമുഖരോട് ജനങ്ങളെ വോട്ടു ചെയ്യാൻ ബോധവത്ക്കരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികരണം എന്ന നിലയിലാണ് ഷാരൂഖ് ഖാൻ റാപ് വിഡിയോ പുറത്തിറക്കിയത്. "പ്രധാനമന്ത്രി 'ക്രിയേറ്റിവിറ്റി' ആവശ്യപ്പെട്ടിരുന്നു. വിഡിയോ നിർമിക്കാൻ ഞാനൽപം വൈകിപ്പോയി. എന്നാൽ നിങ്ങൾ വോട്ടു ചെയ്യാൻ വൈകരുത്. വോട്ട് നമ്മുടെ അവകാശം മാത്രമല്ല, നമ്മുടെ അധികാരം കൂടിയാണ്. ദയവു ചെയ്ത് അതു വിനിയോഗിക്കൂ," ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു. 

 

താരത്തിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മോദിയുടെ വാക്കുകൾ ഇങ്ങനെ- "ഗംഭീര പ്രയത്നം! രാജ്യത്തെ വോട്ടർമാർ, പ്രത്യേകിച്ചും കന്നി വോട്ടർമാർ തീർച്ചയായും താങ്കളുടെ അഭ്യർത്ഥന കേൾക്കുകയും വലിയ തോതിൽ വോട്ടു ചെയ്യാൻ എത്തുമെന്ന് എനിക്കുറപ്പുണ്ട്!" 

 

തനിഷ്ക് ബാഗ്ചിയാണ് ഷാരൂഖിന്റെ മ്യൂസിക് വിഡിയോക്ക് സംഗീതം നൽകിയത്. എബി വിരാലിന്റെതാണ് വരികൾ. ഏതെങ്കിലും പ്രത്യേക പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ വേണ്ടിയല്ല മ്യൂസിക് വിഡിയോ പുറത്തിറക്കിയിരിക്കുന്നതെന്നും സമ്മതിദാന അവകാശം വിനിയോഗിക്കാൻ ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com