ADVERTISEMENT

തൃശൂർ പൂരത്തിന്റെ ഓഡിയോ പകർപ്പാവകാശം സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്ക് സ്വന്തമാക്കിയതോടെ പൂരവുമായി ബന്ധപ്പെട്ട മറ്റു വിഡിയോകളും ഒാഡിയോകളും യൂട്യൂബിൽ നിന്ന് വിലക്കുന്നതായി ആരോപണം. പഞ്ചവാദ്യം, പഞ്ചാരി മേളം, ഇലഞ്ഞിത്തറ മേളം എന്നിവയുടെ കോപ്പിറൈറ്റ് ആണ് സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പൂരവുമായി ബന്ധപ്പെട്ട ഓഡിയോയും വിഡിയോയും മറ്റാരെങ്കിലും യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ യൂട്യൂബ് അത് നീക്കം ചെയ്യും. 

 

റസൂൽപൂക്കുട്ടിയുടെ ‘സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിനായി പൂരത്തിന്റെ വിവിധ ശബ്ദങ്ങൾ റെക്കോർഡ് ചെയ്തിരുന്നു. ചിത്രത്തിന്റെ പകർപ്പവകാശം വാങ്ങിയിരിക്കുന്നത് സോണി മ്യൂസിക്കാണ്. സോണി മ്യൂസിക്ക് കമ്പനിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഇനി മറ്റുള്ളവർക്ക് വിഡിയോ  യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കുകയുള്ളു. കോപ്പി റൈറ്റ് എടുത്തിരിക്കുന്ന ഓഡിയോയുമായി ബന്ധപ്പെട്ട് എന്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്താലും പകർപ്പവകാശ ലംഘനമാകും. യൂട്യൂബിനെ സംബന്ധിച്ച് ഇതു സ്വാഭാവിക പ്രക്രിയ ആണെങ്കിലും തൃശൂർ പൂരം പോലൊരു ഉൽസവത്തിന്റെ വിഡിയോകൾ വിലക്കുന്നതിനോട് വൈകാരികമായിട്ടാണ് ആളുകളുടെ പ്രതികരണം. 

 

എന്നാൽ ഓഡിയോയും വിഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും സോണിയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് റസൂൽ പൂക്കുട്ടിയുടെ പ്രതികരണം. ‘തൃശൂർ പൂരത്തിന്റെ ഓഡിയോ റെക്കോർഡ് ചെയ്തത് ആർക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വിഡിയോ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിൽ എനിക്കു പങ്കില്ല. പ്രശാന്ത് പ്രഭാകറും പോസ്റ്റൺ മീഡിയയുമാണ് നിർമിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്കു നൽകിയതെന്നാണ് അറിവ്. അല്ലാതെ ഐപിആറോ, കോപ്പി റൈറ്റ് ലഭിക്കുന്ന രീതിയിലുള്ള എന്തെങ്കിലുമോ അവർക്ക് നൽകിയിട്ടുള്ളതായി അറിയില്ല.’ റസൂൽ പൂക്കുട്ടി പറയുന്നു. തൃശൂർ പൂരം കേരള സംസ്കാരത്തിന്റെ ഭാഗമാണ്. തന്റെ തറവാട്ടു സ്വത്തല്ല.  ഏതെങ്കിലും കമ്പനിക്ക് അതിന്റെ കോപ്പി റൈറ്റ് എടുക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

തൃശൂർ പൂരത്തിന്റെ വിഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയതോടെ പൂരം ലൈവായി ഫെയ്സ് ബുക്കിലൂടെ നൽകാനും ഓൺലൈൻ മാധ്യമങ്ങൾക്ക് സാധിച്ചില്ല. ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്യുന്നു എന്നതാണു പ്രശ്നം. ദിവസങ്ങൾക്കു ശേഷം മാത്രമാണ് ഈ ബ്ലോക്ക് നീക്കം ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com