ADVERTISEMENT

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബന്ധമുണ്ടെന്നു വിശ്വസിക്കുന്നതായി പിതാവ് കെ.സി. ഉണ്ണി. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ രൂപത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പാലക്കാട്ടെ ഡോക്ടറുമായി ബാലഭാസ്കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു.

 

∙ ഉണ്ണിയുടെ വാക്കുകള്‍:

 

ഇപ്പോള്‍ താമസിക്കുന്ന വീട് റോഡില്‍നിന്ന് ഉള്ളിലാണ്. റോഡരികില്‍ വീട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പണം തടസമായി. കുറച്ചു പണം സംഘടിപ്പിക്കാമെന്ന വിശ്വാസത്തിലായിരുന്നു. ബാലഭാസ്കറിനോട് സംസാരിച്ചപ്പോള്‍ പണത്തിനു വിഷമിക്കേണ്ടെന്നും പണം അവന്‍ തരാമെന്നും പറഞ്ഞു. തന്റെ അക്കൗണ്ടില്‍ പണമുണ്ടെന്നും പാലക്കാട്ടെ ഡോക്ടര്‍ക്ക് നല്ലൊരു തുക കൊടുത്തിട്ടുള്ളതായും ബാലു പറഞ്ഞു. തുക എത്രയെന്നു ബാലു പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല. ബാലഭാസ്കര്‍ കുറേ പണം പാലക്കാട് നിക്ഷേപിച്ചതായി പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ കോണ്‍ട്രാക്റ്റര്‍ ബാലുവിന്റെ മരണശേഷം തന്നോടു പറഞ്ഞിരുന്നു. കോണ്‍ട്രാക്റ്റര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കാത്തതിനാല്‍ അയാള്‍ ഡോക്ടര്‍ക്കെതിരെ ചെറുപ്പളശേരി പൊലീസിനു പരാതി നല്‍കിയിരുന്നു. പണം നല്‍കാമെന്നു പറഞ്ഞ് ഡോക്ടര്‍ പറ്റിക്കുകയായിരുന്നെന്നാണ് കോണ്‍ട്രാക്റ്റര്‍ പറഞ്ഞത്. 

 

കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലഭാസ്കറിന്റെ കൂടെയുണ്ട്. പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് 6-7 വര്‍ഷമാകുന്നതേയുള്ളൂ. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ കന്റീന്‍ നടത്തിയിരുന്നു. അവിടെവച്ചാണ് ബാലഭാസ്കറുമായി പരിചയത്തിലാകുന്നത്. ബാലുവിനെ ജിമ്മില്‍ കൊണ്ടുപോയത് ഇയാളായിരുന്നു. ജിമ്മില്‍ ട്രെയിനറാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിം ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല.

 

ബാലുവിന്റെ മരണത്തിനു മുന്‍പ് ഇവരെല്ലാം സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ആരും വരാറില്ല. ബാലുവിന്റെ മരണശേഷം ഫോണില്‍പോലും വിളിച്ചിട്ടില്ല. ബാലുവിന്റെ ഭാര്യ ഇപ്പോള്‍ അവരുടെ വീട്ടിലാണ്. ഇടയ്ക്ക് അവിടെ പോയപ്പോള്‍ പാലക്കാടുള്ള ഡോക്ടറുടെ ഭാര്യ ആ വീട്ടില്‍വന്നു താമസിക്കുന്നതായി മനസിലായി. അതു ചോദ്യം ചെയ്തതിനുശേഷം ആ വീട്ടിലേക്ക് പോയിട്ടില്ല. ബാലുവിന്റെ പേര് ഒന്നിലേക്കും വലിച്ചിഴയ്ക്കാന്‍ താല്‍പര്യമില്ല. പക്ഷേ അപകടത്തിനു പിന്നിലെ വസ്തുതകള്‍ പുറത്തുവരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com