ADVERTISEMENT

ചില ദൃശ്യങ്ങൾ കാണുമ്പോൾ ഇതു നമ്മുടെ ജീവിതം തന്നെ പകർത്തിയതല്ലേ എന്നു ചിന്തിക്കും. അത്തരത്തിൽ ഒരു ഗാനവുമായി എത്തുകയാണ് ബിജു മേനോനും സംവൃതയും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലേതാണു ഗാനം. ‘ഇല്ലിക്കൂടിനുള്ളില്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുദീപ് കുമാറും മെറിന്‍ ഗ്രിഗറിയും ചേർന്നാണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണു സംഗീതം. 

 

യഥാർഥ ജീവിതത്തിന്റെ പകർപ്പാണ് ഗാനമെന്നു ആസ്വാദകര്‍ വിലയിരുത്തുന്നു. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഒന്നരലക്ഷത്തോളം ആളുകൾ ഗാനം യൂട്യൂബിൽ കണ്ടു. 

 

ഷാൻ റഹ്മാന്റെ സംഗീതത്തെയും ബിജുവിന്റെയും സംവൃതയുടെയും അഭിനയ മികവിനെയും പുകഴ്ത്തിയാണ് ആരാധകരുടെ കമന്റുകൾ. സംവൃതയും ബിജുവും അഭിനയിക്കുകയാണെന്നു തോന്നില്ല, ശരിക്കും ജീവിക്കുകയാണെന്നു തോന്നും, സംവൃത മലയാളി പ്രേക്ഷകരുടെ എക്കാലത്തയും പ്രിയപ്പെട്ട നായികയാണെന്നുമാണ് ചിലരുടെ കമന്റുകൾ. മറ്റുചിലർ പറയുന്നത് ഇങ്ങനെ: ‘എത്രമനോഹരമാണ് ഈ ഗാനത്തിന്റെ സംഗീതം. ഷാൻ റഹ്മാന്‍ ശരിക്കും മലയാളികളുടെ എ.ആർ. റഹ്മാനാണ്.’

 

ഏതായാലും ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അലൻസിയർ, സുധി കോപ്പ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവൽ, ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സജീവ് പാഴൂരിന്റെതാണ് കഥയും തിരക്കഥയും. ജി. പ്രജിത്ത് സംവിധാനം ചെയ്ത ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ ഫാമിലി എന്റർടെയ്നറാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com