ADVERTISEMENT

സംസ്ഥാനം വീണ്ടുമൊരു പ്രളയത്തെ നേരിടുമ്പോൾ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഗായിക സയനോരയും സുഹൃത്തുക്കളും. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അഭ്യർത്ഥനകൾ നടത്തി അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനിടെ  കൈനിറയെ സാധനങ്ങളുമായി എത്തിയ കുട്ടിസംഘത്തെ കണ്ട് സയനോരയും സുഹൃത്തുക്കളും അമ്പരന്നു. അണ്ണാറക്കണ്ണനും തന്നാലായത് പോലെ എന്ന നിലയിൽ കുട്ടികൾ ചെയ്യുന്ന ഈ പ്രവർത്തി മറ്റുള്ളവർക്കും മാതൃകയാണെന്ന് പറയുകയാണ് സയനോര. 

 

'കൈകോർത്ത് കണ്ണൂർ' എന്ന പേരിലാണ് പ്രളയബാധിതർക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സയനോര ഏകോപിപ്പിക്കുന്നത്. കണ്ണൂരിലെ സെന്റ് മൈക്കിൾ സ്കൂളിൽ കലക്ഷൻ സെന്ററും തുറന്നു. അവിടേക്കാണ്, കുറച്ചു പെട്ടികളിൽ സാധനങ്ങളുമായി കുട്ടികളുടെ സംഘവുമെത്തിയത്. ഏഴുപേരടങ്ങുന്ന കുട്ടിസംഘം കുടിവെള്ളം, ബിസ്കറ്റ്, ബേബി ഡയപർ തുടങ്ങിയ സാധനങ്ങൾ കൈമാറി.  കുട്ടികൾ തന്നെ പലയിടങ്ങളിൽ പോയി ശേഖരിച്ച വസ്തുക്കളാണ് ഇവ. 

 

പ്രളയദുരിതാശ്വാസ പരിപാടികളിൽ ഭാഗമാകാൻ പലരും മടിച്ചു നിൽക്കുമ്പോൾ അതെല്ലാം അവഗണിച്ച് മുന്നിട്ടിറങ്ങിയ കുട്ടികളെ സയനോര ഫെയ്സ്ബുക്ക് ലൈവിലൂടെ പരിചയപ്പെടുത്തി. 'ദാ, ഇത്രയൊക്കെ മതി നമക്ക്. ഇവർ ചെയ്തതുപോലെ നിങ്ങൾക്കും ചെയ്തൂടെ? ഇതു കണ്ടിട്ട് കണ്ണ് നിറയണ്...' സയനോര പറഞ്ഞു. മഴക്കെടുതി സാരമായി ബാധിച്ച പൊയ്യം, കുറുമാത്തൂർ, തളിപ്പറമ്പ തുടങ്ങിയിടങ്ങളിൽ നേരിട്ടെത്തി സയനോരയും സുഹൃത്തുക്കളും അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. തിങ്കളാഴ്ച രണ്ടു മണി വരെയാണ് കണ്ണൂരിലെ സെന്റ് മൈക്കിൾ സ്കൂളിലെ കലക്ഷൻ സെന്ററിൽ സാധനങ്ങൾ സ്വീകരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com