ADVERTISEMENT

പ്രായത്തിന്റെ അവശത പരിഗണിച്ച് അവതാരകർ പി. സുശീലയോടു പറഞ്ഞു: ‘അമ്മ പാടേണ്ട, സ്റ്റേജിൽ നിന്നാൽ മതി.’  അവരും അങ്ങനെ തീരുമാനിച്ചിരുന്നുവെന്നു തോന്നുന്നു.  മഴവിൽ മനോരമ മ്യൂസിക് അവാർഡ് സമർപ്പണച്ചടങ്ങിൽ  സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പി. സുശീലയ്ക്കു നൽകുന്ന സുനിമിഷങ്ങളായിരുന്നു അത്.

 

സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു തുടങ്ങിയതു ഗായകൻ പി. ജയചന്ദ്രനാണ്. അവാർഡ് നൽകാൻ വേദിയിലെത്തിയ ജയചന്ദ്രൻ സുശീലയെ താണുവണങ്ങി, പെട്ടെന്ന് അദ്ദഹം അവരുടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. നിനച്ചിരിക്കാത്ത ഈ പ്രതികരണത്തിൽ ഒരു നിമിഷം സദസ്സ് നിശ്ശബ്ദമായി, വേദി വൈകാരികമായി. പിന്നീടുവന്ന ഗായിക ചിത്രയും സുശീലയും തമ്മിലുള്ള ആലിംഗനത്തിന് ഉപചാരത്തേക്കാൾ ദൈർഘ്യമുണ്ടായി. വേർപെടാൻ വേദനിച്ച ആശ്ലേഷം. അവാർഡ് നൽകിയശേഷം ജയചന്ദ്രൻ പറഞ്ഞ വാക്കുകൾ ആദ്യം നൽകിയ സാഷ്ടാംഗപ്രണാമത്തിന്റെ വിശദീകരണമായിരുന്നു. ‘ഞാൻ ഏറ്റവും ആരാധിക്കുന്ന സ്ത്രീശബ്ദമാണ് സുശീലാമ്മ. 2 പേരാണ് ഈ പ്രപഞ്ചത്തിൽ എന്റെ ആരാധനാമൂർത്തികൾ. പി.സുശീലയും മുഹമ്മദ് റഫിയും. എല്ലാ ദിവസവും രാത്രി 9 മുതൽ ഇവരുടെ പാട്ടുകൾ ഞാൻ കേട്ടിരിക്കും.’ സദസ്സ് വൈകാരികതയുടെ മറ്റൊരു തലത്തിലേക്ക് ഉയർന്നു.

 

‘വാഴ്‌വേ മായ’ത്തിൽ വയലാർ രചിച്ചു ദേവരാജൻ ഈണം നൽകി ജയചന്ദ്രനും സുശീലയും ആലപിച്ച് അനശ്വരമാക്കിയ ‘സീതാദേവി സ്വയംവരം ചെയ്തൊരു...’ എന്ന യുഗ്മഗാനം ജയചന്ദ്രൻ തനിച്ചു പാടിയതോടെ നിർത്താത്ത കയ്യടി. സംഗീതത്തിന്റെ അനിർവചനീയമായ ആ ശക്തിപ്രവാഹത്തിൽ അദ്ഭുതം സംഭവിച്ചു. പി. സുശീല മൈക്കിനായി കൈ നീട്ടി. അഞ്ചര പതിറ്റാണ്ടു മുൻപത്തെ ഓർമകൾ നാദമായി. വിറയ്ക്കുന്ന ശബ്ദത്തിൽ അവർ പാടി.

‘ഉന്നൈ കാണാത കണ്ണും കണ്ണല്ല

ഉന്നൈ എണ്ണാത നെഞ്ചും നെഞ്ചല്ല...’

 

രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ആദ്യ ദേശീയ പുസ്കാരം സ്വന്തമാക്കിയ 1969 നും നാലു വർഷം മുൻപ്, കെ.വി. മഹാദേവന്റെ സംഗീതത്തിൽ ‘ഇദയകമലം’ സിനിമയിൽ പാടിയ സൂപ്പർ ഹിറ്റ്. ചിത്ര ഏറ്റുപാടി. സദസ്സ് ഒപ്പം പാടി. ഓർമകൾ ഒരു വർഷം കൂടി പിന്നോട്ട്... 1964ൽ എം.എസ്. വിശ്വനാഥൻ– രാമമൂർത്തി സഖ്യം ‘പുതിയ പറവൈ’ക്കുവേണ്ടി സംഗീതം ചെയ്ത ‘ഉന്നൈ ഒൺട്രു കേൾപ്പേൻ...’, ‘പാർത്ത ഞാപകം ഇല്ലയോ...’ തുടങ്ങിയ ഗാനങ്ങൾ വീണ്ടും ആനന്ദധാരകളായി. ‘താങ്ക്‌യു ചിത്രാജി...’ പാട്ടുകളെല്ലാം വരിതെറ്റാതെ ഒപ്പം പാടിയ  ചിത്രയ്ക്ക് നന്ദി പറഞ്ഞും ആലിംഗനങ്ങൾ നൽകിയും മതിയായില്ല സുശീലയ്ക്ക്.

 

അനശ്വര ഗായികയുടെ അപ്രതീക്ഷിത ആലാപനങ്ങളിൽ മതിമറന്നുപോയ അവാർഡ് നിശയിലെ വിസ്മയമായി അടുത്ത ഗാനം, മറ്റൊരു ഗായികയുടെ പാട്ട്! ലതാ മങ്കേഷ്കറിന്റെ സൂപ്പർ ഹിറ്റ് ‘സത്യം ശിവം സുന്ദരം...’ പാടി അവസാനിപ്പിച്ച് സുശീല പറഞ്ഞു: ‘ ലത എന്റെ ഗുരുവാണ്’. 

ഒരേ രംഗത്തുള്ളവർ പരസ്പരം പേരുപോലും പരാമർശിക്കാൻ മടിക്കുന്ന വർത്തമാനകാലത്തിനുള്ള തിരുത്തായി ലതയെപ്പറ്റിയുള്ള സുശീലയുടെ വാക്കുകളും ആ പാട്ടിന്റെ ആലാപനവും. കണിശക്കാരനെന്നു കേൾവിപ്പെട്ട സംഗീതസംവിധായകൻ ശരത്തിനും തന്റെ വികാരങ്ങളെ അടക്കാനായില്ല. സുശീലയുടെ പാദങ്ങളിൽ അദ്ദേഹവും സാഷ്ടാംഗം പ്രണമിച്ചു.

 

വികാരാധീനരായ കലാകാരന്മാരും സദസ്സുമായി അവാർഡ് നിശയിലെ അടുത്ത പരിപാടിയിലേക്കു കടക്കാനാവാതെ അവതാരകർ വിഷമിച്ചപ്പോൾ, നിറഹൃദയങ്ങൾ സംഗീതത്തിന്റെ പൊരുളറിയാത്ത നിർവൃതിയിൽ ഒഴുകുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com