ADVERTISEMENT

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഗായിക രാജലക്ഷ്മി എ.ആർ റഹ്മാന്റെ സൂപ്പർഹിറ്റ് ഗാനമായ റോജയിലെ പുതുവെള്ളെ മഴൈ ഗായകൻ ഉണ്ണി മേനോനൊപ്പം ഒരു വേദിയിൽ പാടുന്നത്. അന്നു മുതൽ ഇങ്ങോട്ട് എണ്ണിയാൽ തീരാത്ത വേദികളിൽ രാജലക്ഷ്മി ഈ ഗാനം ആലപിച്ചു. ഓരോ തവണ പാടുമ്പോഴും ആ പാട്ടിനോടുള്ള ഇഷ്ടം കൂടുന്നതല്ലാതെ ഒട്ടും കുറഞ്ഞില്ല. ആ ഇഷ്ടങ്ങളൊക്കെ ചേർത്തു വച്ച് 'പുതുവെള്ളെ മഴൈ'ക്ക് മനോഹരമായ കവർ ഒരുക്കിയിരിക്കുകയാണ് രാജലക്ഷ്മി. 

 

Rajalekshmy-3

"ഈ പാട്ടുമായി എനിക്ക് ഒരുപാടു കാലത്തെ ബന്ധമുണ്ട്. സിനിമയിൽ സുജാത ചേച്ചിക്കൊപ്പം ഈ ഗാനം ആലപിച്ച ഉണ്ണി ചേട്ടനൊപ്പമാണ് ആദ്യമായി ഒരു സ്റ്റേജ് ഷോയിൽ ഈ പാട്ട് ഞാൻ പാടുന്നത്. അന്ന് ഏഴാം ക്ലാസിൽ പഠിക്കുകയാണ്. ദൂരദർശനിൽ പോപ്പുലറായിരുന്ന ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടതിെന തുടർന്നാണ് ഉണ്ണി ചേട്ടനൊപ്പം പാടാൻ എനിക്ക് അവസരം ലഭിക്കുന്നത്. ആ ഷോയിലെ ജഡ്ജായിരുന്നു അദ്ദേഹം. ദുബായിയിൽ ആയിരുന്നു ആ സ്റ്റേജ് ഷോ. എന്റെ ആദ്യത്തെ വിദേശ പരിപാടി കൂടിയായിരുന്നു അത്. അങ്ങനെ ഈ പാട്ടുമായി ബന്ധപ്പെട്ട് നിരവധി ഓർമകളുണ്ട്," രാജലക്ഷ്മി പറയുന്നു. 

 

പുതുവെള്ളെ മഴൈ എന്ന ഗാനം സിനിമയിൽ അനശ്വരമാക്കിയ ഗായിക സുജാതയുമായും ദീർഘനാളത്തെ അടുപ്പമുണ്ട് രാജലക്ഷ്മിക്ക്. "ഞാൻ ആദ്യമായി ഒരു കവർ സോങ് പാടുന്നത് സുജാത ചേച്ചി പാടിയ കാവൽമാലാഖമാരെ എന്ന ഗാനമാണ്. ഒരു മകളോടുള്ള ഇഷ്ടവും വാത്സല്യവുമാണ് സുജാത ചേച്ചിക്ക് എന്നോട്. എന്റെ ഓരോ പാട്ട് ഇറങ്ങുമ്പോഴും ഞാൻ ആദ്യം അയച്ചുകൊടുക്കുന്ന ഒരാളാണ് സുജാത ചേച്ചി. ഞാൻ എന്തു ചെയ്യുമ്പോഴും ചേച്ചിയുടെ അനുഗ്രഹം തേടാറുണ്ട്, രാജലക്ഷ്മി പറഞ്ഞു."

 

ഒറി‍ജിനൽ ഗാനത്തിന് ഒട്ടും കോട്ടം വരുത്താതെ, ഗായിക എന്ന നിലയിൽ തന്റെ കയ്യൊപ്പുള്ള കവർ സോങ്ങാണ് രാജലക്ഷ്മി ഒരുക്കിയിരിക്കുന്നത്. വില്യം ഐസകാണ് ഗിറ്റാറിൽ പശ്ചാത്തലം ഒരുക്കിയത്. "പലരും ഈ പാട്ടിന് കവർ ഒരുക്കിയിട്ടുണ്ടെങ്കിലും എനിക്ക് എന്റേതായ രീതിയിൽ ഈ പാട്ട് അവതരിപ്പിക്കണമെന്നു തോന്നി. വളരെ ചെറുപ്പത്തിൽ തന്നെ എന്റെ കഴിവിനെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ച ഉണ്ണി ചേട്ടനും ഒരു മകളെപ്പോലെ എന്നെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുജാത ചേച്ചിയ്ക്കും എന്റെയൊരു സർപ്രൈസ് സമ്മാനമാണ് ഈ കവർ സോങ്," രാജലക്ഷ്മി പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു. 

Watch in Youtube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com