ADVERTISEMENT

കേരളത്തിന്റെ നെഞ്ചകത്തിൽ അലിഞ്ഞു ചേർന്ന താളമാണ് വള്ളംകളിയുടെത്. നാടിന്റെ ഹൃദയതാളം കൂടിയാണിത്. കേള്‍ക്കാൻ ഇമ്പമുള്ള കവിത പോലെ മനോഹരം. ഭരത് ബാലെയുടെ ആയിരം സിനിമകളുടെ സങ്കലനമായ ‘വെർച്വൽ ഭാരതി’ലെ ആദ്യ സിനിമ മലയാളിക്കു പ്രിയപ്പെട്ടതായി മാറുന്നതും ഈ താളം ഒന്നു കൊണ്ടു മാത്രം. വള്ളംകളിക്കൊരു റിഥമുണ്ട്. ഇതുവരെ നമ്മൾ കേട്ടതിൽ നിന്നും വ്യത്യസ്തമായി അത് ആസ്വാദകരിലെത്തിക്കുകയാണ് ഈ ചെറുപ്പക്കാർ. ‘താളം’ എന്ന ആശയത്തിലേക്കു എത്തിച്ചേർന്നതിനെ കുറിച്ചു പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ സുദീപ് എളമണും സംഗീതം നൽകിയ വർക്കിയും. 

 

ഓരോ ചുണ്ടൻ വള്ളവും സഞ്ചരിക്കുന്നത് ഒരു താളത്തിലാണ്. ഒരുപാട്ടിൽ ഒരേതാളത്തിൽ അവർ തുഴയെറിയും. ആ കുതിപ്പിന്റ ഊർജവും തുഴക്കാരെ ചേർത്തു വയ്ക്കുന്നതും ഈ താളമാണ്. താളത്തെ കുറിച്ച് സംഗീത സംവിധായകൻ വർക്കിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ ഭരത്ബാല സാറാണ് ഇതിന്റെ ക്രിയേറ്റീവ് ഹെഡ്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻസിൽ 1000 സിനിമകൾ ഉണ്ടാക്കുന്നതിൽ ആദ്യത്തെ സിനിമയാണ് താളം. സുദീപും എഡിറ്റർ ക്രിസ്റ്റിയും ഞാനുമാണ് ഈ സിനിമയിൽ വർക്ക് ചെയ്തിരിക്കുന്നത്. വള്ളംകളിയുടെ താളവും ദൃശ്യങ്ങളും ആകർഷകമായ രീതിയിൽ എഡിറ്റ് ചെയ്തു കൊണ്ടുവന്നത് ക്രിസ്റ്റിയാണ്. ലൈവായി കളക്ട് ചെയ്ത ശബ്ദങ്ങൾ ഇതിൽ നമ്മൾ ഉപയോഗിച്ചു. തുഴക്കാർക്കു താളം ലഭിക്കാനായി ഉലക്ക പോലെയുള്ള തടികൊണ്ട് വള്ളത്തിൽ തട്ടും. അതിന്റെ താളത്തിലാണ് ഈ തുഴച്ചിൽ. ആ താളത്തിൽ കിട്ടുന്ന ശബ്ദം നമ്മൾ ഒരു സമയത്ത് ലൂപ് പോലെ വച്ചാണ് തുടങ്ങുന്നത്. പിന്നെ, കുട്ടനാടിന്റെ നാടൻ പാട്ടിന്റെ ചിലവരികൾ എടുത്ത് അതുകൂടി ചേർത്ത വയ്ക്കുകയായിരുന്നു. ഒരു ഹൈബ്രിഡ് അപ്രോച്ചിലായിരുന്നു ഇത്. ആ സ്കോറിൽ നിന്നും ഞാൻ ഒരു സോങ് ക്രിയേറ്റ് ചെയ്തു. അത് പിന്നീട് ഉൾപ്പെടുത്തിയാണ് ഫൈനൽ പ്രോഡക്ട് ഉണ്ടാകുന്നത്. ഇവിടുത്തെ ശബ്ദമെല്ലാം നമുക്ക് ഇന്റഗ്രേറ്റ് ചെയ്ത് ചെയ്യാൻ പറ്റി എന്നു തന്നെയാണ് എടുത്തു പറയേണ്ടത്. ആ സിക്വൻസ് ഭരത് ബാല സാറിന് അയക്കുയും ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ഭരത്ബാല സർ ഇത് റഹ്മാൻ സാറിനെ കേൾപ്പിക്കുകയും അദ്ദേഹം നമ്മുടെ സിനിമ ഇൻട്രൊഡ്യൂസ് ചെയ്യുകയും ചെയ്തു.’ 

 

2016ലാണ് താളം ഷൂട്ട് ചെയ്തതെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകൻ സൂദീപ് എളമണിന്റെ പ്രതികരണം. ‘ഇന്ത്യയിലെ പുതിയ സിനിമാ പ്രവർത്തകരെ കണ്ടെത്തി അവരിലൂടെ സിനിമ ചെയ്യുകയായിരുന്നു ഭരത് ബാലയുടെ ലക്ഷ്യം. അങ്ങനെയാണ് അദ്ദേഹം ഞങ്ങളോട് ഈ കണ്‍സെപ്റ്റിനെ പറ്റി പറയുന്നത്. ആലപ്പുഴയെ ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. ചുണ്ടൻ വള്ളംകളിയെ പറ്റി കുറെയേറെ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ചിലകാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചുകാണില്ല. ഈ തുഴച്ചിൽക്കാരെ നോക്കിയാൽ നമുക്കു മനസ്സിലാകും അവരാരും മുൻപോട്ട് നോക്കിയല്ല, താഴോട്ടു നോക്കിയാണ് തുഴയുന്നത്. ലുക്ക് അല്ല. റിഥം നോക്കിയാണ് അവർ തുഴയുന്നത്. ആ താളം തെറ്റിയാൽ മൊത്തം തെറ്റും. അത്രമാത്രം പ്രാധാന്യമുള്ളതാണ് റിഥം. മാത്രമല്ല, മുൻപിലിരിക്കുന്ന നാലുപേർ മാത്രം കുറച്ചു കഴിയുമ്പോൾ തുഴയുന്നത് ഇടതു നിന്നും എടുത്തു വലത്തോട്ടാകും. അതെല്ലാം കാണാൻ വളരെ ഭംഗിയാണ്. ഇവരാരും മുന്നിലെ ആളെ കാണുന്നില്ല. എങ്ങോട്ടാണ് ഇവർ പോകുന്നതെന്ന ദിശപോലും അവർ നോക്കാറില്ല. താഴോട്ടു നോക്കി താളം കേട്ടു മാത്രമാണ് ഇവർ തുഴയുന്നത്. അത്രമാത്രം പ്രധാനമാണ് റിഥം. അങ്ങനെയാണ് ഈ ആശയത്തിലേക്ക് എത്തിയത്. പിന്നെ ഇവരുടെ പ്രാക്ടീസ് സെഷൻ വളരെ പ്രധാനപ്പെട്ടതാണ്. കാരണം പരിശീലനം തുടങ്ങിയാൽ ഇവർ പിന്നെ വീടുകളിൽ പോലും പോകാറില്ല. കാരണം അത്രയേറെ കായികക്ഷമത കൈവരിക്കേണ്ടതുണ്ട്.’– ചിത്രത്തിന്റെ സംവിധായകൻ സുദീപ് പറയുന്നു.  

 

വെർച്വൽ ഭാരതിലെ ആദ്യ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്. റിലീസ് ചെയ്ത് രണ്ടുദിവസത്തിനകം തന്നെ പതിനൊന്നു ലക്ഷത്തോളം പേരാണ് കണ്ടത്. എ.ആർ. റഹ്മാനും ദുൽഖർ സൽമാനും ചേർന്ന് റിലീസ് ചെയ്ത ചിത്രത്തിനു  മികച്ച പ്രതികരണമാണു ലഭിക്കുന്നത്. അഞ്ചു വർഷത്തിനകം സീരിസിലെ ആയിരം സിനിമകളുടെ ചിത്രീകരണവും പൂർത്തിയാകും.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com