ADVERTISEMENT

സംഗീതജ്ഞനും പുല്ലാങ്കുഴൽ വിദഗ്ധനുമായ ജി.എസ് ശ്രീകൃഷ്ണൻ അന്തരിച്ചു. പുലർച്ചെ രണ്ടരയോടെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയിൽ ഏറെകാലം ആർട്ടിസ്റ്റായിരുന്നു.സംസ്കാരം നാളെ ബെംഗളൂരുവിൽ. 

പുല്ലാങ്കുഴൽ നാദത്താൽ ആസ്വാദക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയായിരുന്നു ജി.എസ് ശ്രീകൃഷ്ണൻ. ആറാം വയസ്സിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നവരാത്രിക്ക് കച്ചേരി അവതരിപ്പിച്ചാണ് ശ്രീകൃഷ്ണൻ ഓടക്കുഴലിൽ തന്റെ സംഗീത പ്രയാണം തുടങ്ങുന്നത്. ആകാശവാണിയിൽ ആർട്ടിസ്റ്റായി വന്ന് സ്റ്റേഷൻ ഡയറക്ടറായി വിരമിച്ചു. 

ഗുരുവായൂർ സ്വദേശിയാണ് ശ്രീകൃഷ്ണൻ. അച്ഛൻ ശങ്കരനാരായണ അയ്യർ തൃശൂർ സെന്റ് തോമസ് കോളജ് അധ്യാപകനായിരുന്നു. അമ്മ കനകമ്മാൾ. മകനു സപ്തസ്വരങ്ങൾ പറഞ്ഞുകൊടുത്തത് അമ്മയാണ്. വീട്ടിലുണ്ടായിരുന്ന ഓടക്കുഴൽ വായിക്കാൻ ശ്രീകൃഷ്ണൻ ശ്രമിക്കുന്നതു കണ്ടപ്പഓൾ അച്ഛനാണ് തൃശൂർ കൃഷ്ണഭാഗവതരുടെ അടുത്ത് എത്തിച്ചത്. മൂന്നുമാസമേ ആദ്യഗുരുവിന്റെ കീഴിൽ അഭ്യസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. പിന്നീട് ടി.കെ.ആർ. മഹാലിംഗം ഗുരുവായി. തൃശൂരിൽ ഫ്ലുട്ട് വായിക്കാൻ വന്നപ്പോൾ അച്ഛൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതാണ്. പിന്നീട് ജനാർദനൻ, രാമചന്ദ്രൻ എന്നീ സഹോദരന്മാരായി ഗുരുക്കന്മാർ. കൂടുതലും സ്കൂൾ അവധിക്കാലത്താണ് ഇവരുടെ അടുത്ത് പഠിക്കാൻ പോയിരുന്നത്.

എട്ടാം വയസ്സിൽ‌ ആദ്യ കച്ചേരി നടത്തിയപ്പോൾ കോമാട്ടിൽ അച്യുതമേനോൻ സമ്മാനമായി ഒരു ശ്രുതിപ്പെട്ടി നൽകിയത് വലിയ പ്രോത്സാഹനമായി.  ബാലനായിരിക്കുമ്പോൾതന്നെ പ്രോഗ്രാം ചെയ്തു പേരെടുത്തു. അങ്ങനെയാണ് കോഴിക്കോട് ആകാശവാണിയിലെത്തുന്നത്. 15 വയസ്സുള്ളപ്പോൾ റേഡിയോ പരിപാടികളിൽ പങ്കെടുത്തു. മൈനറായതിനാൽ പ്രതിഫലമായി നൽകുന്ന ചെക്ക് വാങ്ങാൻ അച്ഛനെയും കൂട്ടിയാണ് വന്നിരുന്നത്. 1954 ഡിസംബറിൽ ആകാശവാണിയിൽ പരിപാടിക്ക് വന്നപ്പോൾ സ്റ്റേഷൻ ഡയറക്ടർ പി.വി. കൃഷ്ണമൂർത്തി കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തെ കണ്ടു. ഫ്ലൂട്ട് ആർട്ടിസ്റ്റായി ശ്രീകൃഷ്ണനെ ആകാശവാണിയിൽ നിയമിക്കുകയും ചെയ്തു. കച്ചേരികൾക്കു പുറമേ ശ്രീകൃഷ്ണൻ ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം പകർന്നു.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഇന്റർവ്യൂ ജയിച്ച് 1975ൽ ശ്രീകൃഷ്ണൻ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി. ഇന്ത്യയിലെ വിവിധ സ്റ്റേഷനുകളിലും ഡൽഹി ഡയറക്ടറേറ്റിലും ജോലി ചെയ്തു. നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്ന ഒറ്റഗാനത്തിലൂടെ മലയാളിക്കു സുപരിചിതയായ ഭാര്യ ഗായത്രി ശ്രീകൃഷ്ണൻ അടുത്തിടെയാണു മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com