ADVERTISEMENT

യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായ ‘മുന്തിരി മൊഞ്ചനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘പതിയെ ഇതൾ വിടരും....’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. കെ.എസ് ചിത്രയും കെ.എസ് ഹരിശങ്കറും ചേർന്ന് ആലപിച്ച ഗാനം ആരാധകഹൃദയങ്ങൾ കീഴടക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ആലാപനം വളരെ  ഹൃദ്യമാണെന്ന് പറഞ്ഞ് പലരും പ്രശംസയുമായെത്തി. മുരളീധരൻ ഗുരുവായൂർ രചിച്ച വരികൾക്ക് ഈണം പകർന്നത് സംവിധായകൻ വിജിത്ത് നമ്പ്യാർ തന്നെയാണ്. 

ഇത് വെറും റൊമാന്റിക് ഗാനമല്ല ഹൃദയം തൊടുന്ന മെലഡിയാണെന്നാണ് ആരാധകപക്ഷം. പ്രണയാർദ്രമായ വരികൾക്കൊപ്പം ചിത്രയുടെയും ഹരിശങ്കറിന്റെയും ശബ്ദമാധുരി കൂടെ ചേർന്നപ്പോൾ ഗാനത്തിന് ഒരു പ്രത്യേക ഫീൽ ലഭിക്കുന്നു. മനേഷ് കൃഷ്ണൻ ഗോപിക അനിൽ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ഇരുവരും തമ്മിലുള്ള പ്രണയനിമിഷങ്ങളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തേ റിലീസ് ചെയ്തിരുന്നു. ‘ഓർക്കുന്നു ഞാനാ....’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ശങ്കർ മഹാദേവൻ ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നത് സംവിധായകൻ വിജിത്ത് നമ്പ്യാർ ആണ്. ശ്രേയാ ഘോഷാൽ, ശ്രേയ ജയദീപ്, വിജേഷ് ഗോപാൽ, സുധാമയി നമ്പ്യാർ എന്നിവരും ചിത്രത്തിന് വേണ്ടി മറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

വിശ്വാസ് മൂവീസിന്റെ ബാനറിൽ പി.കെ അശോകന്‍ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മനു ഗോപാലും മൊഹറലി പൊയിലുങ്ങൽ ഇസ്മായിലും ചേർന്നാണ്. സലിം കുമാർ, ഇന്നസെന്റ്, ഇർഷാദ്, കൈരാവി തക്കർ, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ, ദേവൻ, സലീമ തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബർ ഇരപത്തിയഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com