താങ്ങാൻ കഴിയുന്നതല്ല അവളുടെ വിയോഗം: ബിജു നാരായണൻ

sreelatha-biju narayanan
SHARE

തീർത്തും അപ്രതീക്ഷിതമായിരുന്നു ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. അതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും തിരിച്ചു കയറിയിട്ടില്ല ബിജുവും കുടുംബവും. ക്യാൻസറുമായുള്ള പോരാട്ടത്തിനൊടുവിൽ ശ്രീലത ഈ ലോകത്തോട് യാത്ര പറയുമ്പോൾ കൊച്ചിയിലെ വീട്ടിൽ ബിജുവും രണ്ടു മക്കളും മാത്രം. "സംഗീതം കൊണ്ട് മറികടക്കാനാവുന്നതല്ല ആ വിയോഗം",- ബിജു നാരായണൻ പറയുന്നു. മനോരമ ന്യൂസിലെ നേരെ ചൊവ്വെ എന്ന പരിപാടിയിൽ ശ്രീലതയുടെ ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. 

ആഴത്തിൽ അറിഞ്ഞവർ

ഞങ്ങൾ തമ്മിൽ സാധാരണ ഒരു ബന്ധമല്ല. വിവാഹം കഴിഞ്ഞിട്ട് 21 വർഷം കഴിഞ്ഞു. അതിനും പത്തു വർഷം മുൻപാണ് ഞങ്ങളുടെ ബന്ധം ആരംഭിക്കുന്നത്. മഹാരാജാസിൽ പ്രീഡിഗ്രിക്ക് ഞങ്ങൾ ഒരേ ക്ലാസിലായിരുന്നു. അതു കഴിഞ്ഞു ഡിഗ്രിയും ഒരേ ക്ലാസിലായിരുന്നു. ഡിഗ്രിക്കു ശേഷം അവൾ നിയമപഠനത്തിനു പോയി. പിന്നെ, എം.എയും ഞങ്ങൾ ഒന്നിച്ചാണ് പൂർത്തിയാക്കിയത്. വിവാഹത്തിനു മുൻപെ, അങ്ങനെ ഒരു പത്തു വർഷത്തോളം ഞങ്ങൾ ഒരുമിച്ചുണ്ട്. അപ്പോൾ തന്നെ അറിയാമല്ലോ ആ ബന്ധത്തിന്റെ ആഴം! ഇത്രയും വർഷത്തെ ബന്ധം പെട്ടൊന്നൊരു സുപ്രഭാതത്തിൽ നഷ്ടപ്പെടുക എന്നത് വലിയൊരു ആഘാതമാണ്, ബിജു നാരായണൻ പറഞ്ഞു തുടങ്ങി. 

പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർ പറഞ്ഞു

ഒരു ദിവസം പെട്ടെന്ന് സംഭവിച്ചത് ആയിരുന്നില്ല. ഒരു വർഷം മുൻപ് തന്നെ അസുഖം തിരിച്ചറിഞ്ഞിരുന്നു. ചികിത്സയും ചെയ്യുന്നുണ്ടായിരുന്നു. ഗംഗാധരൻ ഡോക്ടറുടെ കീഴിലായിരുന്നു ചികിത്സ. രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പരമാവധി ദിവസങ്ങൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കാം. വേറെ പ്രതീക്ഷയൊന്നും വയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാനും മക്കളും കുടുംബവുമൊക്കെ അക്കാര്യം തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് ഒരു വർഷം മുന്നോട്ടു പോയത്, ശ്രീലതയുടെ രോഗദിനങ്ങളെ ബിജു നാരായണൻ ഓർത്തെടുത്തു. 

പാട്ടിൽ അലിയില്ല ആ ദുഃഖം

കഴിഞ്ഞ ഒരു വർഷമായി എന്റെ ഭാര്യ ക്യാൻസർ ബാധിതയായി കിടക്കുകയായിരുന്നു. അപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളുടെ സഹായം ഉണ്ടായിരുന്നു. ഭാര്യയുടെ വിയോഗത്തിനുശേഷം സംഗീതത്തിനൊപ്പം എനിക്ക് എന്റെ സുഹൃത്തുക്കളുടെ പിന്തുണയും ഉണ്ട്. റെക്കോർഡിങ്ങുകളിലും മറ്റു തിരക്കിലായിരിക്കുമ്പോഴാണ് ഒരു പരിധി വരെ ഇതെല്ലാം മറക്കാൻ കഴിയുന്നത്. എന്നാൽ, സംഗീതത്തിന്റെ ആശ്വാസം കൊണ്ടു മാത്രം താങ്ങാൻ കഴിയുന്നതല്ല ആ വിയോഗം, ബിജു നാരായണൻ പറഞ്ഞു. 

ആ പാട്ട് വലിയ ഇഷ്ടമായിരുന്നു

ശ്രീലതയ്ക്ക് ഇഷ്ടപ്പെട്ട രണ്ടു മൂന്നു പാട്ടുകളുണ്ട്. ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും... എന്ന പാട്ടാണ് അതിലൊന്ന്. വളരെ ഇഷ്ടമായിരുന്നു ഈ പാട്ട്. ഇടയ്ക്ക് എന്നെക്കൊണ്ട് പാടിക്കുമായിരുന്നു. ശ്രീലത മരിച്ചതിനുശേഷം ഈ പാട്ട് ടിവിയിൽ ഞാൻ കേൾക്കാനിടയായി. സത്യം പറഞ്ഞാൽ, ഞാൻ വേറെ ഒരു ലോകത്തായിപ്പോയി. കാരണം, ഒരുപാടു ഓർമകൾ... ആദ്യം പരിചയപ്പെടുന്ന കാലഘട്ടവും ക്യാമ്പസിലെ കാര്യങ്ങളും തിരഞ്ഞെടുപ്പ് സമയവും ... അങ്ങനെ ഒരുപാടു ഓർമകൾ! ഇനി ഇതെല്ലാം ഓർമകൾ മാത്രമാണ് എന്ന തിരിച്ചറിവ് ഉണ്ടെങ്കിൽ പോലും അതെല്ലാം ഇടയ്ക്കിടെ വേട്ടയാടിക്കൊണ്ടിരിക്കും എന്ന സത്യവും തിരിച്ചറിയുന്നു. 

നല്ലൊരു അച്ഛനാകാനാണ് എന്റെ ശ്രമം

ഞാൻ നല്ലൊരു അച്ഛൻ ആണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. കാരണം, മക്കളെ വളർത്തുന്ന കാര്യത്തിൽ ശ്രീലതയാണ് എല്ലാ കാര്യങ്ങളും നോക്കിക്കൊണ്ടിരുന്നത്. ഞാൻ പലപ്പോഴും സ്റ്റേജ് പരിപാടികളും റെക്കോർഡിങ്ങുകളുമായി വീട്ടിൽ ഉണ്ടാകില്ല. ചിലപ്പോൾ ഒരു മാസമൊക്കെ കഴിഞ്ഞാണ് വീട്ടിലെത്തുക. അതുകൊണ്ടു തന്നെ അവർ രണ്ടു പേരും അമ്മയായിട്ടായിരുന്നു എല്ലാം പങ്കുവച്ചിരുന്നത്. ശ്രീലതയുമായി വല്ലാത്തൊരു അടുപ്പം അവർക്കുണ്ടായിരുന്നു. സൂര്യനായി തഴുകി ഉറക്കമുണർത്തുന്ന എന്ന പാട്ട് പലപ്പോഴും വേദികളിൽ പാടിയതിനു ശേഷം ഞാൻ തമാശയ്ക്ക് പറയാറുണ്ട്, എന്റെ രണ്ടു മക്കൾക്ക് അമ്മയെ ആണ് ഇഷ്ടമെന്ന്! പക്ഷെ, ഇന്ന് ശ്രീലത ഞങ്ങൾക്കൊപ്പമില്ല. എന്റെ ഉത്തരവാദിത്തം വർധിച്ചു. ഞാനിപ്പോൾ നല്ലൊരു അച്ഛനാകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA