ADVERTISEMENT

പേരിൽ ഒരു ഉത്തരേന്ത്യൻ നഗരമുണ്ടെങ്കിലും ബോംബെ ജയശ്രീ തെന്നിന്ത്യൻ സംഗീതപ്രേമികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്. ആവർത്തിച്ചു കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്ന ഒരു മാന്ത്രികതയുണ്ട് ആ ശബ്ദത്തിന്. ശുദ്ധസംഗീതത്തെ ഒരു സാധനയായി പിന്തുടരുമ്പോഴും ഇടയ്ക്കിടെ അതിമനോഹരമായ ചലച്ചിത്രഗാനങ്ങൾ പാടി സംഗീതപ്രേമികളെ അവർ വിസ്മയിപ്പിക്കാറുണ്ട്. വളരെ കുറച്ചു ഗാനങ്ങളെ മലയാളത്തിൽ ആലപിച്ചിട്ടുള്ളൂ എങ്കിലും പാടിയവയെല്ലാം ആരാധക മനസുകളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.

മലയാളവുമായുള്ള ആത്മബന്ധം ബാല്യം മുതലുണ്ടെന്ന് തുറന്നു പറയുകയാണ് ബോംബെ ജയശ്രീ. ബാബുരാജിന്റെ പാട്ടുകളുടെ വലിയ ആരാധികയാണ്. താമസമെന്തേ വരുവാൻ എന്ന ഗാനം എപ്പോൾ കേട്ടാലും കണ്ണു നിറഞ്ഞു പോകും, ബോംബെ ജയശ്രീ പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രിയഗായിക പഴയകാലത്തെ ഓർത്തെടുത്തത്. 

"എന്റെ ഹൃദയത്തെ ജ്വലിപ്പിച്ച ഒരു പാട്ടായിരുന്നു താമസമെന്തേ വരുവാൻ! എന്റെ മാത്രമല്ല, വീട്ടിൽ എല്ലാവരുടെയും പ്രിയപ്പെട്ട ഗാനമാണ് അത്. ഇപ്പോൾ കേട്ടാലും... അല്ലെങ്കിൽ ആ പാട്ടിനെക്കുറിച്ച് ചിന്തിച്ചാൽ പോലും എനിക്ക് രോമാഞ്ചം വരും. കണ്ണുകൾ നിറയും. വല്ലാത്തൊരു ഫീൽ ആണ് ആ പാട്ടിന്," ബോംബെ ജയശ്രീ പറഞ്ഞു. 

"എന്റെ അമ്മ വലിയൊരു സംഗീത ആസ്വാദകയാണ്. പാട്ടിൽ ശാസ്ത്രീയ സംഗീതമെന്നോ ചലച്ചിത്ര സംഗീതമെന്നോ ഉള്ള ഒരു വേർതിരിവ് അമ്മയ്ക്കുണ്ടായിരുന്നില്ല. ഞങ്ങളെ അങ്ങനെയാണ് വളർത്തിയത്. എല്ലാ പാട്ടുകളും കേൾപ്പിക്കും. വീട്ടിൽ ചെറിയൊരു ഫിലിപ്സ് ട്രാൻസിസ്റ്റർ ഉണ്ടായിരുന്നു. അതിരാവിലെ അതിൽ പാട്ടുകൾ വയ്ക്കും. ദാസേട്ടന്റെ പാട്ടുകളൊക്കെ കേട്ടാണ് ഞാൻ വളർന്നത്. ഹിന്ദുസ്ഥാനി ക്ലാസിക്കൽ... ചലച്ചിത്ര ഗാനങ്ങൾ... അങ്ങനെ എല്ലാ പാട്ടുകളും വയ്ക്കും. അമ്മയുടെ ശീലം അതായിരുന്നു," ബോംബെ ജയശ്രീ കുട്ടിക്കാലത്തെ പാട്ടോർമകൾ പങ്കുവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com