ADVERTISEMENT

സംവിധായകന്റെ മനസ്സിൽ സംഗീതമുണ്ടെങ്കിൽ ആ സിനിമയിലെ പാട്ടുകൾക്കു തീർച്ചയായും ചാരുത ഉണ്ടാകുമെന്നതിന് ഭരതൻ അടക്കം പല അടയാളങ്ങൾ മലയാള സിനിമയിൽ ഉണ്ട്. അപ്പോൾ സംവിധായകൻ സംഗീതം പഠിച്ചയാൾ കൂടിയാണെങ്കിലോ? ചലച്ചിത്ര ഗാനങ്ങൾക്കു തനിമ കുറയുന്നു എന്നു പൊതുവെ പരാതി ഉയരുന്ന ഈ കാലത്ത് ജോൺ പോൾ ജോർജ് അതുകൊണ്ടാണ് സംഗീത പ്രേമികളുടെ പ്രതീക്ഷയാകുന്നത്. തിരുവനന്തപുരം സംഗീത കോളജിൽ പഠിച്ച ജോണിന്റെ ആദ്യ സിനിമ ‘ഗപ്പി’യിലെ പാട്ടുകൾ മലയാളികൾ ശ്രദ്ധിച്ചു. ‘തനിയെ...’ എന്ന ഗാനം പ്രത്യേകിച്ചും. രണ്ടാമത്തെ ചിത്രം ‘അമ്പിളി’യിലെ ‘ആരാധികേ...’ എന്ന ഗാനം വലിയ ഹിറ്റായിക്കഴിഞ്ഞു.

രണ്ടു ചിത്രത്തിലും സംഗീത സംവിധായകനായ വിഷ്ണു വിജയ് ആരാണെന്നോ? തിരുവനന്തപുരം സംഗീത കോളജിൽ ജോൺ പോളിന്റെ സഹപാഠി. ‘പഠിക്കുന്ന കാലത്തേ ഞങ്ങൾ തമ്മിൽ അഭിരുചികളുടെ കാര്യത്തിൽ നല്ല ചേർച്ചയുണ്ട്. ആ ചേർച്ചയാണ് പാട്ടിൽ ഫലമണിയുന്നത്’ വിഷ്ണു പറയുന്നു. പഠനകാലം കഴിഞ്ഞു പ്രഫഷൻ രൂപീകരിക്കാനുള്ള ചെന്നൈ ജീവിതത്തിലും ഇവർ ഒരുമിച്ചായിരുന്നു. കൂട്ടിനു ഗായകൻ സൂരജ് സന്തോഷും. ശരിക്കും ഈ സ്നേഹകുടുംബത്തിന്റെ പാട്ടാണ് ‘ആരാധികേ’. ഈ യുഗ്മഗാനത്തിലെ പുരുഷ ശബ്ദം സൂരജിന്റേതാണ്. ഒപ്പം പാടിയ മധുവന്തിയാകട്ടെ സംഗീത സംവിധായകൻ വിഷ്ണുവിന്റെ ഭാര്യയും. ഈ വീട്ടിലേക്കു വിരുന്നുകാരനായി എത്തി എന്നു പറയാവുന്നതു രചയിതാവ് വിനായക് ശശികുമാർ മാത്രം. ‘മനസ്സിൽ തൊടണം. എന്നാൽ എല്ലാവർക്കും പാടാൻ പറ്റണം. അതാണ് ഞങ്ങൾ വിഭാവനം ചെയ്തത്. കംപ്യൂട്ടറിനെയൊക്കെ പരമാവധി പുറത്തു നിർത്തി സത്യസന്ധമായ സൃഷ്ടി. നന്നായി വന്നെന്നു ഞങ്ങൾക്കു തോന്നി.  ദിവസം ചെല്ലുംതോറും പാട്ടിനു കൂടുതൽ ഇഷ്ടക്കാർ ഉണ്ടാകുന്നു.’ ജോൺ പോൾ പറയുന്നു.

‘നീ എന്തെഴുതിയാലും ഞാൻ ഒകെ പറയില്ല. എന്നാണ് ജോൺ പോൾ എന്നോട് പറഞ്ഞത്. അതൊരു വെല്ലുവിളിയായി എടുത്താണ് എഴുതിയത്. എന്തായാലും ആദ്യ എഴുത്തിലെ ഒരു 80 ശതമാനവും ഒകെ ആയി.’ രചയിതാവ് വിനായക് പറയുന്നു. പാട്ടിൽ ഒരു ഹുക്‌ ലൈൻ വേണം എന്നു നിർദേശിച്ചതു സംവിധായകൻ ആണ്. ‘എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ...’ എന്ന വരി അങ്ങനെ പിറന്നതാണ്. അതു ചെറുപ്പക്കാർ ഏറ്റെടുത്തു. സംഗീതപരമായി കുറേ സൂക്ഷ്മതകളും പരീക്ഷണങ്ങളുമുള്ള പാട്ടാണിത്. ‘എന്റെ നെഞ്ചാകെ....’ എന്ന ഹുക്‌ ലൈനിലും അവസാന ഭാഗത്തും മാത്രമെ റിഥമുള്ളൂ. ആരുമതു ശ്രദ്ധിക്കുന്നില്ലെന്നതു സംഗീത സംവിധായകന്റെ വിജയം. ഈ പാട്ടിന്റെ ആദ്യഭാഗത്തെ പശ്ചാത്തല സംഗീതമാണ് സിനിമയുടെ തീം മ്യൂസിക്കായി ഉപയോഗിച്ചിരിക്കുന്നത്. ടൈറ്റിൽ മുതൽ ക്ലൈമാക്സ് വരെ അതുണ്ട്.  നൂറുകണക്കിന് കവർ വേർഷൻ ഏതാനും ആഴ്ചകൾ കൊണ്ടുതന്നെ യൂട്യൂബിൽ നിറയുന്നു എന്നതു തന്നെ ഈ ഗാനത്തിന്റെ വലിയ വിജയത്തിന്റെ ഉദാഹരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com