ADVERTISEMENT

മനോഹരഗാനങ്ങൾ കോർത്തിണക്കി ഒരു ഗുരുവന്ദനം. കോട്ടയം ജറുസലം മാർതോമ്മാ പള്ളിയിൽ നാല് പതിറ്റാണ്ടുകളായി സംഗീതാർച്ചന നടത്തുന്ന വിസിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓർഗനിസ്റ്റ് വി.സി ചെറിയാനാണ് സംഗീതത്തിലൂടെ തന്നെ ആദരമേകിയത്. അറുപത്തിയെട്ടു വർഷമായി കോട്ടയത്തെ വിവിധ ക്വയറുകളിലെ സജീവ സാന്നിധ്യമാണദ്ദേഹം. വി.സി ചെറിയാന് സംഗീതാദരമേകാൻ ഇന്നലെ അഞ്ച് ക്വയറുകൾ ഒത്തു ചേർന്നു. ജറുസലം മാർതോമ്മാ പള്ളിയിലെ ക്വയറിന്റെ നേതൃത്വത്തിലൊരുക്കിയ ‘ഗ്രേറ്റ് ഈസ് ദൈ ഫെയ്ത്ഫുൾനെസ് എന്ന ചടങ്ങിലാണ് പ്രിയപ്പെട്ട വിസിസിക്ക് ഗായകസംഘം ഗുരുവന്ദനം അർപ്പിച്ചത്. 

മനോഹര ഗാനങ്ങൾ സമൂഹത്തിന് സമ്മാനിച്ച വി.സി ചെറിയാൻ ദൈവകൃപയുള്ള കലാകാരനാണെന്ന് ഡോ.ജോസഫ് മാർതോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ജസ്റ്റിസ് കെടി തോമസ്, ജസ്റ്റിസ് സതീഷ് നൈനാൻ, സംഗീതസംവിധായകൻ റവ.സാജൻ പി.മാത്യു എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. വി.സി.ചെറിയാന്റെ ഗാനങ്ങളടങ്ങിയ സിഡിയും പുസ്തകവും പ്രകാശനം ചെയ്തു. വി.സി.ചെറിയാനു സ്നേഹാദരവുമായി കോട്ടയം മിക്സഡ് വോയ്സസ്, സി എസ് ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ ക്വയർ, മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച് ക്വയർ, സി എം എസ് കോളജ് ക്വയർ, ദ് ഇംഗ്ലീഷ് ഫെലോഷിപ്പ് (നോർത്ത് ഈസ്റ്റ് ക്വയർ) എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. അവസാനം ക്വയറുകൾ ഒത്തൊരുമിച്ച് പാടിയപ്പോൾ ഓർഗനിൽ വിസ്മയം തീർത്ത് വി.സി.ചെറിയാനും ഒപ്പം കൂടി. അദ്ദേഹത്തിന്റെ മകൻ ചെറിയാൻ വർഗീസും കൊച്ചുമകൻ റോഹൻ ചെറിയാനും ക്വയറിലുണ്ടായിരുന്നു. 

വാഴവയലിൽ കുടുംബാംഗമായ ചെറിയാൻ ആദ്യമായി ക്വയറിൽ ഓർഗൻ വായിക്കുന്നത് 1952ലാണ്. ഇരുപതാം വയസിലാണ് ‘നമസ്കാരം ദേവാ നമസ്കാരം’ എന്ന ആദ്യ ഗാനം ചിട്ടപ്പെടുത്തിയത്. അറുപത് ഗാനങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ശേഖരം ഡോ.അശ്വിൻ തോമസിന്റെ ‘ഹാർപ് എൻ ലയർ’ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിഎംഎസ് കോളജിൽ ജീവനക്കാരനായിരുന്ന കാലത്ത് കോളജ് ക്വയറിലും പങ്കെടുത്തിരുന്നു. എൺപത്തിയഞ്ചിന്റെ നിറവിലും ക്വയർ എന്ന പോലെ ക്രിസ്മസ് കാരളിലും സജീവമാണ്  അദ്ദേഹം. കഴിഞ്ഞ ഒൻപിനായിരുന്നു വി.സി.ചെറിയാന്റെ ജന്മദിനം ആഘോഷിച്ചത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com