‘പത്തു പാട്ട് പാടാൻ പത്തു വേഷം’: റിമി ടോമിയെ ട്രോളി രമേശ് പിഷാരടി

ramesh-pisharody-rimi-tomy-image
SHARE

നടനും സംവിധായകനും ഹാസ്യതാരവുമായ രമേശ് പിഷാരടി ഏതെങ്കിലും വേദിയിൽ എത്തിയാൽ ഒന്നുറപ്പാണ്. പൊട്ടിചിരിക്കാനുള്ള വക അവിടെയുണ്ടാകും. കൂടെയുള്ളവരെക്കുറിച്ച് നർമത്തിൽ കലർന്ന എന്തെങ്കിലുമൊക്കെ കഥകൾ രമേശ് പിഷാരടി പറയുമ്പോൾ വേദിയിലും സദസിലും പൊട്ടിച്ചിരികളുയരും. മഴവിൽ മനോരമയുടെ 'പാടാം നമുക്ക് പാടാം' എന്ന റിയാലിറ്റി ഷോയുടെ വേദിയിൽ പിഷാരടി എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഗായിക റിമി ടോമിയെയാണ് പിഷാരടി കൂടുതൽ ട്രോളിയത്. 

സ്റ്റേജ് ഷോകൾക്ക് പോകുമ്പോഴുള്ള അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പിഷാരടി തുടങ്ങിയത്. ഏതു സ്റ്റേജ് ഷോയ്ക്കു പോയാലും  ചിത്രചേച്ചി എല്ലാ കോമഡി സ്കിറ്റുകളും മുഴുവൻ ഇരുന്നു കാണാറുണ്ടെന്നും എന്നാൽ സ്വന്തം പാട്ടു കഴിഞ്ഞാൽ റിമി ടോമിയെ കാണാൻ കിട്ടാറില്ലെന്നായിരുന്നു പിഷാരടിയുടെ കമന്റ്. ഉടൻ തന്നെ റിമിയുടെ വിശദീകരണമെത്തി. തനിക്ക് കോസ്റ്റ്യൂം മാറ്റാനുള്ളതുകൊണ്ടാണ് പാട്ടു കഴിയുമ്പോൾ അപ്രത്യക്ഷമാകുന്നതെന്ന് റിമി വ്യക്തമാക്കി. വേഷം മാറ്റിയെത്തിക്കഴിഞ്ഞാൽ മുഴുവൻ കോമഡി പരിപാടികളും കാണാറുണ്ടെന്നും റിമി പറഞ്ഞു. 

റിമിയുടെ വാദം ശരിയെന്നു സമ്മതിച്ചുകൊണ്ട് രമേശ് പിഷാരടി നൽകിയ മറുപടി വിധികർത്താക്കളെയും സദസിനെയും പൊട്ടിച്ചിരിപ്പിച്ചു. ‘റിമി സ്കിറ്റ് കാണാൻ നിൽക്കാത്തതിന് ഒന്നും പറയാൻ പറ്റില്ല. കാരണം, റിമിക്ക് വേഷം മാറാൻ പോണം. അങ്ങനെ ഇരുന്നു കാണാൻ കഴിയില്ല. പത്തു പാട്ടിന് പത്തു വേഷമാണ്. ഇത് വേറെ ഐറ്റമാണ് പൊയ്ക്കൊണ്ടിരിക്കുന്നത്’. സ്വതസിദ്ധമായ ശൈലിയിൽ പിഷാരടി പറഞ്ഞു.

ചിത്ര പങ്കെടുക്കുന്ന പരിപാടികളിൽ സ്കിറ്റ് അവതരിപ്പിച്ചാൽ ചില ഗുണങ്ങളുണ്ടെന്നും രമേശ് പിഷാരടി വെളിപ്പെടുത്തി. ‘ചിത്രചേച്ചി അങ്ങനെയൊന്നും തമാശ പറയില്ലെങ്കിലും തമാശ കേട്ടാൽ ചിരിക്കും. ചേച്ചിയുള്ള ഷോയ്ക്ക് പരിപാടി അവതരിപ്പിക്കാൻ പോയാലുള്ള ഗുണമെന്താണെന്നു വച്ചാൽ ചിത്ര ചേച്ചി അവിടെ ഇരുന്ന് മുഴുവൻ പരിപാടികളും കാണും. ഞങ്ങളുടെ സ്കിറ്റ് നടക്കുമ്പോൾ ചെറിയ തമാശയ്ക്കു പോലും ചിത്ര ചേച്ചി ഭയങ്കരമായി ചിരിക്കും. അതു കാണുമ്പോൾ കാണികൾക്ക് ചിരിക്കാതിരിക്കാൻ കഴിയില്ല’.പിഷാരടി പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA