‘സംഗീതമാണ് എന്റെ ആദ്യ ഭാര്യ’: പ്രണയത്തെക്കുറിച്ച് യേശുദാസ് പറയുന്നത്

yesudas-on-stage
SHARE

പ്രണയത്തെക്കുറിച്ച് ചോദിച്ച അവതാരകയെ കുഴപ്പിച്ച് ഗായകൻ യേശുദാസ്. നിരവധി പ്രണയഗാനങ്ങൾ ആലപിച്ചിട്ടുള്ള യേശുദാസിന്റെ പ്രണയം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിനാണ് മലയാളികളുടെ ഗാനഗന്ധർവൻ കുഴപ്പിക്കുന്ന മറുപടി നൽകിയത്. ‘തനിക്ക് രണ്ടു ഭാര്യമാരുണ്ട്’ എന്നായിരുന്നു ഇൗ ചോദ്യത്തിനുള്ള യേശുദാസിന്റെ മറുപടി. 

പ്രണയത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് സദസിലിരിക്കുന്ന തന്റെ ഭാര്യ പ്രഭയെ ചൂണ്ടിക്കാട്ടി സരസമായാണ് യേശുദാസ് പ്രതികരിച്ചത്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ ,‘നീ എന്നെ സ്നേഹിക്കുന്നുണ്ടോ’ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമൊന്നും തങ്ങളുടെ കാര്യത്തിൽ ഉണ്ടായില്ലെന്നും മറിച്ച് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുകയായിരുന്നെന്നും യേശുദാസ് പറഞ്ഞു. ‘എനിക്ക് രണ്ടു ഭാര്യമാരുള്ള കാര്യം അറിയാമോ?’, എന്നൊരു മറുചോദ്യവും യേശുദാസ് അവതാരകയോട് ഉന്നയിച്ചു. ഇതുകേട്ട് അമ്പരന്നു നിന്ന അവതാരകയോട് തന്റെ ഭാര്യമാരെക്കുറിച്ച് യേശുദാസ് വെളിപ്പെടുത്തി. ‘സംഗീതമാണ് എന്റെ ആദ്യത്തെ ഭാര്യ. രണ്ടു ഭാര്യമാരുണ്ടെങ്കിൽ പരസ്പരം വഴക്കുകൾ ഉണ്ടാകും. അക്കാര്യം ഉറപ്പാണ്. അതുകൊണ്ട്, ഒരു ഭാര്യയാണ് നല്ലത്. ഞാനും അതിനുള്ള ശ്രമത്തിലാണ്’ യേശുദാസ് ചെറുചിരിയോടെ പറഞ്ഞു. 

തന്റെ ആദ്യ ഭാര്യ സംഗീതമാണെന്ന് തുറന്നു പറഞ്ഞപ്പോൾ വേദിയിൽ കരഘോഷങ്ങളുയർന്നു. കാണികൾക്കൊപ്പം നിറഞ്ഞ ചിരയോടെയാണ് അദ്ദേഹത്തിന്റെ ഭാര്യ പ്രഭ ആ വാക്കുകൾ കേട്ടത്. സംഗീതപ്രതിഭകളായ എസ്.പി ബാലസുബ്രഹ്മണ്യം, കെ.എസ് ചിത്ര എന്നിവർക്കൊപ്പമാണ് യേശുദാസ് സിംഗപ്പൂരിലെ പരിപാടിയിൽ പങ്കെടുത്തത്. മൂവരും ആലപിച്ച തമിഴ് ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള പരിപാടി ആസ്വദിക്കാൻ ആയിരക്കണക്കിന് പേരാണ് സിംഗപ്പൂരിലെത്തിയത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA