ADVERTISEMENT

കെട്ട്യോളാണ് എന്റെ മാലാഖ ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘എന്നാ ഉണ്ട്ര ഉവ്വേ കേട്ടോ.....’ എന്ന് തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറക്കാർ പുറത്തു വിട്ടത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു. തനി തൊടുപുഴ നസ്രാണിയുടെ ലുക്കിൽ പ്രത്യക്ഷപ്പെട്ട ആസിഫ് അലിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 

വിവാഹത്തിന് തയ്യാറെടുക്കുന്ന ആസിഫ് അലിയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. പുതുമുഖം വീണാ നായരാണ് ആസിഫിന്റെ നായികയായെത്തുന്നത്. ഇരുവരും തമ്മിലുള്ള വിവാഹമാണ് ഗാനത്തിന്റെ പശ്ചാത്തലം. 

വില്യം ഫ്രാൻസിസ് സംഗീതം നൽകി ആലപിച്ചിരിക്കുന്ന നാടൻ ശീലുള്ള ഗാനം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ബി.കെ ഹരിനാരായണന്റേതാണ് വരികൾ. ആസിഫ് അലിയുടെ നാടൻ ലുക്കിനെക്കുറിച്ചാണ് ആരാധകരുടെ പ്രതികരണങ്ങളിലേറെയും. ഈ വർഷം പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും താരത്തിന്റെ പ്രകടനം മികച്ചതായിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖയും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ നിസാം ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റർ തങ്കത്തിന്റേതാണ് തിരക്കഥ. ലിസ്റ്റിൻ സ്റ്റീഫൻ, ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിങ്ങനെ മൂന്ന് പേർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com