ADVERTISEMENT

മലയാളത്തിന്റെ മഹാകവയിത്രി സുഗതകുമാരിയുടെ സുപ്രസിദ്ധ കവിതയാണ് ‘കൃഷ്ണാ നീയെന്നെ അറിയില്ല’. 1977–ൽ എഴുതപ്പെട്ട ഈ കവിത പിൽക്കാലത്ത് പലരും പലവിധത്തിൽ  ഈണമിട്ട് പാടി. ഇപ്പോഴിതാ മഹാകവി ഒ.എൻ.വി. കുറുപ്പിന്റെ കൊച്ചു മകളും പിന്നണി ഗായികയുമായ അപർണ രാജീവ് കവിതയുടെ അവതരണവുമായി എത്തിയിരിക്കുകയാണ്. അപർണയുടെ അച്ഛനും സംഗീത സംവിധായകനും ഗായകനുമായ രാജീവ് ഒ.എൻ.വി ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. 

1997–ലാണ് ഈ കവിത എഴുതപ്പെട്ടത്. അമ്പാടിയിൽ കൃഷ്ണനെ പ്രണയിക്കുന്ന ഒരുവൾ ഉണ്ടായിരുന്നു. എന്നാൽ അരികിലണയാതെ അകലെ മാറി നിന്നാണ് അവൾ കൃഷ്ണനെ പൂജിച്ചത്. ജീവിതത്തിൽ ആനന്ദം അറിയാത്ത ഒരുവൾ. അവൾ ആ പ്രണയത്തിൽ ലൗകികത ആശിച്ചിരുന്നില്ല. ഇഷ്ടങ്ങൾ മനസ്സിലൊതുക്കി വച്ചെങ്കിലും കൃഷ്ണൻ രാജ്യം വിട്ടു പോകുന്നു എന്നറിഞ്ഞപ്പോൾ അവളിൽ അതിയായ ദുഃഖമുണ്ടാകുന്നു. ആ വേദന ആരോടും പങ്കു വയ്ക്കാനാകാതെ ഉമ്മറത്തിണ്ണയിൽ തളർന്നിരുന്നു. മനസ്സിൽ ആരാധിച്ചിരുന്ന വിഗ്രഹം ജീവനോടെ മുൻപിൽ നിന്നപ്പോഴും അവൾക്ക് ഒരു ശിലാബിംബമായി നിൽക്കാനേ സാധിച്ചുള്ളു. 

എന്നാൽ പെട്ടെന്ന്, ശ്രീകൃഷ്ണൻ തന്റെ പ്രണയം തിരിച്ചറിഞ്ഞു എന്ന് അവൾ മനസ്സിലാക്കുന്നു. തന്റെ വീടിനു മുന്നിലൂടെ കടന്നു പോയ രഥത്തിൽനിന്ന് ശ്രീകൃഷ്ണൻ അവളെ നോക്കി മന്ദസ്മിതം പൊഴിച്ചപ്പോഴും നീ എന്നെ അറിയുമോ കൃഷ്ണാ എന്ന ചോദ്യമാണ് ആ പ്രണയിനിയുടെ മനസ്സിൽ. ഇതാണ് സുഗതകുമാരി കടലാസിലേക്കു പകർത്തിയത്. അത് ഹൃദ്യമായ ആലാപനത്തിലൂടെ അപർണ ശ്രോതാക്കളിലേക്ക് എത്തിച്ചിരിക്കുകയാണ്. 

ഏഴാം വയസ്സിൽ അപർണ കർണാട്ടിക് സംഗീത പഠനം ആരംഭിച്ചു. പിന്നീട് ഹിന്ദുസ്ഥാനി സംഗീതവും സ്വായത്തമാക്കി. സ്കൂൾ കാലം മുതൽ സംഗീതത്തിൽ കഴിവു തെളിയിച്ച അപർണ, റിയാലിറ്റി ഷോയിലും വിജയി ആയിരുന്നു. 2005–ൽ പുറത്തിറങ്ങിയ മെയ്ഡ് ഇൻ യുഎസ്എ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേയ്ക്ക് പ്രവേശിച്ചു. പിന്നീട് നിരവധി സിനിമകളിൽ പാടി. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരവും അപർണ സ്വന്തമാക്കി. ‘കൃഷ്ണ നീ എന്നെ അറിയില്ല’ എന്ന കവിതയുടെ ആവിഷ്കാരത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com