ADVERTISEMENT

ആർ.കെ. ദാമോദരൻ എന്നു കേൾക്കുമ്പോൾ സംഗീതപ്രേമികളുടെ മനസ്സിൽ വരുന്നത് എ.ബി. രാജ് സംവിധാനം ചെയ്ത ‘രാജു റഹിം’ എന്ന ചിത്രത്തിൽ അർജുനൻ മാഷ് സംഗീതം നൽകിയ ‘രവിവർമ ചിത്രത്തിൻ രതിഭാവമേ...’ എന്നായിരിക്കും. മഹാരാജാസ് കോളജിലെ വെറും ഡിഗ്രി വിദ്യാർഥിയാണ്, വയലാറിന്റേതെന്ന് ഇന്നും തെറ്റിദ്ധരിക്കപ്പെടുന്ന ഈ വരികൾ രചിച്ചതെന്നു വിശ്വസിക്കുക തെല്ലു പ്രയാസം! ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും...(മിഴിനീർപ്പൂവുകൾ–എം.കെ. അർജുനൻ), സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ...(രക്തം–ജോൺസൺ) തുടങ്ങിയ പാട്ടുകൾക്കും ആരാധകരുണ്ട്. ‘ആലായാൽ തറ വേണം...’ എന്ന നാടൻപാട്ടിന്റെ മട്ടിൽ ‘പെണ്ണായാൽ പൊന്നുവേണം...’ എന്ന ഭീമ ജ്വല്ലറിയുടെ പരസ്യഗാനവും നിത്യഹരിതമാണ്.

എന്നാൽ, ഈ മണ്ഡലകാലത്ത് ആർകെയെ ഓർക്കേണ്ടതു മറ്റൊരു വിധത്തിലാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ അയ്യപ്പഭക്തിഗാനങ്ങൾ വിരിഞ്ഞത് ആ തൂലികയിലാണ്. നാൽപതോളം ആൽബങ്ങളിലായി നാനൂറിലേറെ ഗാനങ്ങൾ! അയ്യപ്പഗാനങ്ങളിലെ വിഷയവൈവിധ്യവും ശ്രദ്ധേയം. (മുപ്പത് ആൽബത്തിലായി മുന്നൂറ്റൻപതോളം സുന്ദരമായ അയ്യപ്പഭക്തിഗാനങ്ങൾ എസ്. രമേശൻ നായർ നമുക്കു നൽകി).

ഭാവത്തിൽ പുലർത്തുന്ന വൈവിധ്യവും രൂപത്തിലെ പ്രാസഭംഗിയുമാണ് ആർ.െക. ദാമോദരന്റെ അനന്യത. കൊച്ചിയിലെ ഹരിശ്രീ കസെറ്റ്സ് 1981ൽ പുറത്തിറക്കിയ ‘ഹരിശ്രീപ്രസാദം’ എന്ന ആൽബത്തിലെ 

‘ഖൽബിന്റെ വാനിലൊരു ഹൂറിപ്പരുന്ത്

തട്ടമിട്ടു വട്ടമിട്ടു പറക്കുന്നേ...’ എന്ന ആർകെയുടെ ആദ്യ അയ്യപ്പഗാനം തന്നെ പിറന്നതു മാപ്പിളശൈലിയിൽ. ടി.എസ്. രാധാകൃഷ്ണനായിരുന്നു സംഗീതം. ആലപിച്ചതു ജൂനിയർ മെഹബൂബും കെ.ആർ. രമേഷും.

ഗായകൻ ജയചന്ദ്രനുവേണ്ടിയായിരുന്നു ആദ്യകാല അയ്യപ്പഗാനങ്ങൾ. സംഗീതം ടിഎസ് തന്നെ. 1986ൽ ജയചന്ദ്രൻ– ആർകെ–ടിഎസ് ടീം സ്വാതി കസെറ്റ്സിനുവേണ്ടി ഇറക്കിയ ‘കർപ്പൂരദീപം’ വലിയ ജനപ്രീതി നേടി. അതിലെ ‘ആയിരം ഉപമയാൽ അപദാനം പാടിയിട്ടും അനുപമനല്ലോ നീ...’, ‘പടിപൂജ ചെയ്യുന്ന പാദം പണിയുന്ന അടിയന്റെ മനസ്സൊരു ശബരിമല ...’ തുടങ്ങിയവ ഭക്തഹൃദയങ്ങൾ കീഴടക്കി. അക്കാലത്താണ് യേശുദാസ് ആർകെയെയും ടിഎസിനെയും എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിലേക്ക് കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കുന്നത്. അടുത്ത വർഷത്തെ തരംഗിണിയുടെ ആൽബം ചെയ്യണം എന്ന് ആവശ്യപ്പെടാനായിരുന്നു ആ കൂടിക്കാഴ്ച.  യേശുദാസുമായുള്ള ആ കൂടിക്കാഴ്ചയാണു വൈവിധ്യം പരീക്ഷിക്കണമെന്ന് ബോധപൂർവമായ ചിന്തയിലേക്കു തന്നെ നയിച്ചതെന്ന് ആർകെ പറയുന്നു:

ചർച്ചയ്ക്കിടെ യേശുദാസ് പറഞ്ഞു. ‘അയ്യപ്പഭക്തിഗാനത്തിൽ എന്താണു വൈവിധ്യമുള്ളത്? എല്ലാം പമ്പയും പനിനീരും തന്നെ...’ അപ്പോൾ ഞാൻ പറഞ്ഞു. ‘ഇല്ല, അടുത്ത ആൽബം തികച്ചും വ്യത്യസ്തമായിരിക്കും’. ‘എങ്കിൽ നല്ലത്’ എന്ന് യേശുദാസ് പറഞ്ഞെങ്കിലും അദ്ദേഹത്തിനു വലിയ വിശ്വാസമില്ലായിരുന്നു. എന്തായാലും പാട്ടുകൾ വേറിട്ടുനിൽക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. പഠനവും ഗവേഷണവും ആരംഭിച്ചു.

പരിശ്രമം ഫലം കണ്ടു. അന്നുവരെ കാണാത്ത വിഷയവൈവിധ്യത്തോടെയാണ് 1988ൽ തരംഗിണിയുടെ ‘അയ്യപ്പഭക്തിഗാനങ്ങൾ – വോള്യം 8’ ഇറങ്ങിയത്. പമ്പാഗണപതിയെപ്പറ്റിയുള്ള ‘പമ്പാ ഗണപതി സ്തംഭാ ചലപതി...’,  അയ്യപ്പ ഭക്തനായി മാറിയ കൊച്ചുതൊമ്മൻ കോൺട്രാക്ടറുടെ കഥ പറയുന്ന ‘കൊച്ചുതൊമ്മൻ സ്വാമിയുണ്ട് കൂട്ടുകാരുണ്ട്...’, മാളികപ്പുറത്തെ മണിമണ്ഡപത്തിൽ അയ്യപ്പനു കണ്ണുതട്ടാതിരിക്കാൻ പാടുന്ന പറകൊട്ടിപ്പാട്ടിനെപ്പറ്റിയുള്ള ‘പറകൊട്ടിപ്പാടുന്നേൻ...’ സംസ്കൃതകീർത്തന ശൈലിയിലുള്ള ‘ശ്രീദേവദേവ സുത...’ മാളികപ്പുറത്തിന്റെ സങ്കടം പറയുന്ന ‘ശരംകുത്തിയാലിന്റെ മുറിവേറ്റ മനസ്സോടെ...’, പദസൂത്രത്തിന്റെ ദർശനം പകരുന്ന ‘പാപം മറിച്ചിട്ടാൽ പമ്പ... തുടങ്ങിയ ഒന്നിനൊന്നു വ്യത്യസ്തമായ ഗാനങ്ങൾ ഭക്തർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com