ADVERTISEMENT

സ്ത്രീകൾക്കു നിയന്ത്രണമുള്ള ശബരിമലയെപ്പറ്റി സ്തീപക്ഷ ഗാനങ്ങൾ തുലോം കുറവാണ്. രണ്ട് ആൽബമേ പൂർണമായി പെൺപാട്ടുകളുടേതായി പിറന്നിട്ടുള്ളൂ. ഓഡിയോ ട്രാക്സിനുവേണ്ടി ചിത്ര നിർമിച്ച്, ആലപിച്ച ശരണകീർത്തനം (1998),  മണിമാളികപ്പുറം (1999) എന്നിവ. ഇതിൽ ‘മണിമാളികപ്പുറ’ത്തിന്റെ ശിൽപികൾ ആർകെയും ടിഎസും തന്നെ. (‘ശരണകീർത്തന’ത്തിനു പിന്നിൽ എസ്. രമേശൻ നായരും രവീന്ദ്രനും.)

ആർകെ ദാമോദരൻ –ടിഎസ് രാധാകൃഷ്ണൻ ടീം തരംഗിണിക്കുവേണ്ടി ഏഴ് അയ്യപ്പഭക്തിഗാന ആൽബവും സുപ്രഭാത കീർത്തനമായി ‘സ്വാമി സുപ്രഭാത’വും പുറത്തിറക്കി. പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ മട്ടിൽ മലയാളത്തിൽ എഴുതിയതാണ് ഈ സുപ്രഭാതം.

ഗായകൻ ജയചന്ദ്രനുവേണ്ടി ഇരുപതിലേറെ അയ്യപ്പഭക്തിഗാന ആൽബങ്ങളിലും ആർകെ ദാമോദരൻ പാട്ടെഴുതിയിട്ടുണ്ട്. പി. സുശീല, ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, വിജയ് യേശുദാസ്, ഗണേഷ് സുന്ദരം  തുടങ്ങിയവർക്കുവേണ്ടിയുള്ള രചനകൾ വേറെ. 

ചെന്നൈയിൽ ‘മകരോത്സവം’ എന്ന ആൽബത്തിലെ പാട്ടുകളുടെ റിക്കോർഡിങ് നടക്കുന്ന സമയത്താണ് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലെ ഓരോ വരികൾ ചേർത്തു പല്ലവി തയാറാക്കിയ തന്റെ രചനാപരിശ്രമത്തെപ്പറ്റി സംഗീതസംവിധായകൻ എം.എസ്. വിശ്വനാഥനോട് ആർകെ പറയുന്നത്. തരംഗിണിക്കായി തയാറാക്കിയതായിരുന്നു ഈ ഗാനം. പക്ഷേ, അത് തനിക്കു ട്യൂൺ ചെയ്യണമെന്ന് എംഎസ്‌വിക്കു നിർബന്ധം. സമ്മർദത്തിനു വഴങ്ങി ‘മകരോത്സവ’ത്തിലെ ഒരു ഗാനം മാറ്റി പകരം ഇതു നൽകി. അതാണ് ‘തറവാട്ടിൽ മലയാളിക്കയ്യനയ്യൻ...’ എന്ന ബഹുഭാഷാ ഗാനം. ആലാപനം–ബിജു നാരായണൻ. എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ പുറത്തിറങ്ങാനായിരുന്നു അതിന്റെ നിയോഗം!

എന്തുകൊണ്ട് ഇത്രയേറെ അയ്യപ്പഭക്തിഗാനങ്ങൾ എഴുതി എന്നതിന് ആർ.കെ. ദാമോദരന് കൃത്യമായ ഉത്തരമില്ല. ‘തൃശൂർ ജില്ലയിലെ തിരുവുള്ളക്കാവിലെ ധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ നടയിലാണ് എന്നെ എഴുത്തിനിരുത്തിയത്. എല്ലാം മുൻനിശ്ചയങ്ങളാവാം.’ അദ്ദേഹം പറയുന്നു. ഹരിവരാസനം പുരസ്കാരമടക്കം അയ്യപ്പന്റെ പേരിലുള്ള നാല് അവാർഡുകളുടെ സുകൃതവുമുണ്ട് ഈ തൂലികയ്ക്ക്. 

പാട്ടുകളുടെ എണ്ണത്തിൽ ആർകെയെ പിന്നിലാക്കാൻ നാളെ മറ്റൊരു എഴുത്തുകാരൻ വന്നേക്കും. എന്നാൽ, അയ്യപ്പഭക്തിഗാനങ്ങളിൽ പരീക്ഷിച്ച വിഷയവൈവിധ്യത്തിൽ ഇദ്ദേഹത്തെ മറികടക്കുക എളുപ്പമായിരിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com