ADVERTISEMENT

പനജി∙കാണികളെ തന്റെ മാസ്മരിക സംഗീതത്തിൽ ആറാടിച്ച് ഇളയരാജ. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുളള  മാസ്റ്റർ ക്ലാസ് സെഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ ആർ.ബാൽകിയാണു ഇളയരാജയുമായുളള സംവാദം നയിച്ചത്. പശ്ചാത്തല സംഗീതമായിരുന്നു പ്രധാന ചർച്ചാ വിഷയം. സംഗീതത്തിനു നിങ്ങളെ േമഘങ്ങളുടെ മുകളിലേക്ക് ഉയർത്താൻ കഴിയുമെന്നു ഇളയരാജ പറഞ്ഞു.ബാൽകി വിശദീകരിച്ച രംഗത്തിനു തൽസമയം സംഗീതമൊരുക്കി ഇളയരാജ സദസിനെ വിസ്മയിപ്പിച്ചു. സിനിമകളെ കാണികളുടെ ഹൃദയത്തിലേക്കു എത്തിക്കുന്നതു പശ്ചാത്തല സംഗീതമാണെന്നും വെറും ഒരു ക്ലോസ് അപ് ഷോട്ടിനെ കാമുകിയെയോ, അച്ഛനെയോ ഒാർക്കുന്ന കഥാപാത്രമാക്കാൻ സംഗീതത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

     കണ്ണൈ കലൈമാനേ, തെൻട്രൽ വന്തു തീണ്ടുമ്പോത്, ഇളയനിലാ, എൻ ഇനിയ പൊൻനിലാവേ തുടങ്ങിയ ഹിറ്റുകളും ഇളയരാജ അവതരിപ്പിച്ചു. പുന്നകൈ മന്നൻ എന്ന ചിത്രത്തിലെ പ്രശ്സതമായ പശ്ചാത്തല സംഗീതവും രാജയും സംഘവും അവതരിപ്പിച്ചു. തെൻട്രൽ വന്തു തീണ്ടുമ്പോത് എന്ന ഗാനത്തിന്റെ കോറസ് കാണികളെ കൊണ്ടു പാടിച്ചാണു ഇളയരാജ സദസിനെ ഒപ്പം കൂട്ടിയത്. ഫെസ്റ്റിവലിലെ ഏറ്റവും തിരക്കേറിയ വേദിയായിരുന്നു ഇളയാരാജയുടേത്. ആയിരത്തോളം പേർ തിങ്ങി നിറഞ്ഞ ഒാഡിറ്റോറിയത്തിൽ ഇളയരാജയ്ക്കൊപ്പമുളള ഒാരോ നിമിഷവും ആസ്വദിക്കുകയായിരുന്നു കാണികൾ.

     അച്ഛനെ കൊല്ലാൻ മകൻ തയാറായി വരുന്ന രംഗത്തിനാണു സംവിധായകൻ ബാൽകി ഇളയരാജയോടു തൽസമയം പശ്ചാത്തല സംഗീതം ഒരുക്കാൻ ആവശ്യപ്പെട്ടത്.5 മിനിറ്റിനുളളിൽ നൊട്ടേഷനുകൾ എഴുതിയ പേപ്പർ ഇളയരാജ വയലിനിസ്റ്റിന് കൈമാറി.ഒരു താരാട്ടു പാട്ടിന്റെ ഈണമായിരുന്നു ആ പശ്ചാത്തല സംഗീതത്തിന്. ഒരാളെ കൊലപ്പെടുത്താൻ പോകുമ്പോൾ എന്തിനാണു താരാട്ടിന്റെ താളം എന്നായിരുന്നു ബാൽകിയുടെ ചോദ്യം. അച്ഛൻ മകനെ പണ്ടു പാടിയുറക്കിയിരുന്ന താരാട്ടാണു പശ്ചാത്തലത്തിൽ മുഴങ്ങുന്നതെന്നായിരുന്നു ഇളയരാജയുടെ വിശദീകരണം. വൻ കൈയടിയോടെയാണു പ്രേക്ഷകർ ആ ഉത്തരം സ്വീകരിച്ചത്. ഇളയരാജയ്ക്കൊപ്പം  വേദി പങ്കിടുന്നതു തന്റെ ഫാൻ ബോയി മൊമന്റാണെന്നു ബാൽകി പറഞ്ഞു.ആദ്യ ചിത്രത്തിനു സംഗീതം നൽകുന്ന അതേ ത്രില്ലാണ് ഇപ്പോഴും ഒാരോ പാട്ടു ചെയ്യുമ്പോഴും രാജ സാർ പ്രകടപ്പിക്കുന്നത്. ചെന്നൈ നഗരത്തിന് ചൂടും വൃത്തിക്കുറവും ഒക്കെയുണ്ടെങ്കിലും അവിടെ റോസാപ്പൂന്തോട്ടങ്ങളും പച്ചതലപ്പുകളുമൊക്കെയുണ്ടെന്ന തോന്നലുണ്ടാക്കി, മറ്റൊരു ലോകം കേൾവിക്കാരന്റെ മനസ്സിലുണ്ടാക്കാൻ ഇളയരാജയുടെ പാട്ടുകൾക്കു  കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഗീതത്തിനു ആത്മീയതലമുണ്ട് തെളിയിക്കുന്നു രാജയുടെ പാട്ടുകൾ.ജീവിതത്തിന്റെ ഏതു ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും ആസ്വദിക്കാവുന്ന നൂറുകണക്കിനു പാട്ടുകളാണു ഇളയരാജ നമ്മൾക്കു നൽകിയിട്ടുളളതെന്നും  ബാൽകി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com