സംവിധായകനും നടനും നർത്തകനുമായ പ്രഭുദേവ സൂപ്പർ താരം സൽമാൻ ഖാനെ നായകനാക്കി ഒരുക്കുന്ന ദബാംഗ് 3–യിലെ തകർപ്പൻ വിഡിയോ ഗാനം പുറത്തിറങ്ങി. ‘മുന്നാ ബദ്നാം ഹുവാ’ എന്ന കളർഫുൾ ഐറ്റം സോങ്ങാണ് ചിത്രത്തിന്റെ റിലീസിനു ഒരു മാസം മുമ്പ് തന്നെ അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന്റെ രംഗങ്ങളിൽ ആവേശത്തോടെ ചുവടു വയ്ക്കുന്ന സൽമാനൊപ്പം ഗംഭീര സ്റ്റെപ്പുകളുമായി സാക്ഷാൽ പ്രഭുദേവയും എത്തുന്നുണ്ട്.
സാജിദ് വാജിദ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബാദ്ഷാ, കമാൽ ഘാൻ, മംമ്ത ശർമ എന്നിവർ ചേർന്നാണ്. ഡാനിഷ് ശബരിയാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ദബാംഗിന്റെ ആദ്യ രണ്ടു ഭാഗങ്ങൾക്കും സംഗീതമൊരുക്കിയതും സാജിദ് വാജിദ് തന്നെയായിരുന്നു. ക്രിസ്മസ് റിലീസായെത്തുന്ന ദബാംഗിനു പുറമെ രാധെ എന്ന സിനിമയും സൽമാൻ ഖാനെ നായകനാക്കി പ്രഭുദേവ ഒരുക്കുന്നുണ്ട്.
ചുൽബുൾ പാണ്ഡെ എന്ന പൊലീസ് ഒാഫീസറായാണ് സൽമാൻ ഇൗ സിനിമയിൽ വേഷമിടുന്നത്. സൽമാന്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നായതു കൊണ്ടു മുൻ ഭാഗങ്ങൾ നേടിയ വൻ വിജയങ്ങളുമാണ് പുതിയ ഭാഗം ഒരുക്കാൻ അണിയറക്കാരെ പ്രേരിപ്പിച്ചത്. സൊനാക്ഷി സിൻഹയാണ് ചിത്രത്തിൽ സൽമാന്റെ നായികയായി എത്തുന്നത്.