ADVERTISEMENT

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനാണ് ചിത്രത്തില് നായികയായെത്തുന്നത്. സിനിമയ്ക്കു വേണ്ടി സംഗീതം പകരുന്നത് ഹെഷാം അബ്ദുൾ വഹാബ് ആണ്. എന്നാൽ ഷാൻ റഹ്മാൻ ആണ് ഗാനങ്ങൾ ഒരുക്കുന്നതെന്നായിരുന്നു പലരും വിചാരിച്ചത്. ആ തെറ്റിദ്ധാരണ മാറ്റാനായി ഇപ്പോൾ ഷാൻ തന്നെ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്.   

 

ഷാൻ റഹ്മാന്റെ കുറിപ്പിന്റെ പൂർണ രൂപം: ‘പ്രിയപ്പെട്ടവരെ എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു. ഇന്നലെ മുതൽ ചില കാര്യങ്ങൾ എന്നെ വല്ലാത അലട്ടുകയായിരുന്നു. അത് എന്താണെന്ന് തുറന്നു പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനത്തോടെ എന്റെ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കില്ല. വിനീതിന്റെ ‘ഹൃദയം’ എന്ന ചിത്രത്തിനു വേണ്ടി ഞാൻ പാട്ട് ചിട്ടപ്പെടുത്തുന്നില്ല. മറിച്ച് എന്റെ സഹോദര തുല്യനായ ഹെഷാം അബ്ദുൾ വഹാബ് ആണ് അതു ചെയ്യുന്നത്. എന്നാൽ അതിൽ നിങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടായേക്കാം എന്ന് എനിക്കറിയാം. അല്ല നിങ്ങൾക്ക് ഇപ്പോൾ തന്നെ സംശയം ഉണ്ട്. അതു കൊണ്ട് എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനുണ്ട്. ഞാനും വിനീതും ഇപ്പോഴും പഴയതു പോലെ തന്നെയാണ്. ഞങ്ങൾ തമ്മിൽ അടിച്ചു പിരിഞ്ഞു എന്നാണ് പലരും കരുതുന്നത്. ‘കുഞ്ഞെൽദോ’ എന്ന ചിത്രത്തിനു വേണ്ടി പാട്ടുകൾ ഒരുക്കുകയാണ് ഞാനിപ്പോൾ. കഴിഞ്ഞ ദിവസം ഞാനും വിനീതും തമ്മിൽ കണ്ടിരുന്നു. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല. 

 

ഇനി ഹെഷാമിനെക്കുറിച്ചു പറയാം. സംഗീത ജീവിതത്തിൽ അർഹിച്ചതു പോലൊന്നും ലഭിച്ചിട്ടില്ലാത്ത ആളാണ് അവൻ. അവന് ഒരു അവസരം ലഭിച്ചാൽ അവന്റെ കഴിവ് ലോകം മുഴുവൻ അറിയും. സംഗീത ലോകത്തിന് ഒരു പ്രതിഭയെ കൂടി ലഭിക്കുകയും ചെയ്യും. അതു കൊണ്ട് ഞാനും വിനീതും കൂടി തീരുമാനിച്ചതാണ് ഹൃദയം ഹെഷ്മാനെ ഏൽപ്പിക്കാം എന്ന്. ലവ് ആക്്ഷൻ ഡ്രാമ, ഹെലെൻ, കുഞ്ഞെൽദോ എന്നീ ചിത്രങ്ങളുടെ പ്രവർത്തനം ഒരേ സമയത്തു നടന്നതാണ്. അതിലെല്ലാം വിനീതും ഭാഗമായിരുന്നു. ഹെഷാം പാട്ടൊരുക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. കാരണം ഞങ്ങൾക്ക് അവനെ ഒരുപാട് ഇഷ്ടമാണ്. ഹൃദയത്തിന് പാട്ടൊരുക്കുന്നതിനു വേണ്ടി ഹെഷാമിന് എന്റെ സ്റ്റുഡിയോ ഉപയോഗിക്കാം എന്നും ഞാൻ വിനീതിനോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സൗഹൃദം എന്നത് സിനിമയ്ക്കും സംഗീതത്തിനും അപ്പുറമാണ്. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. ഇനിയും അങ്ങനെയായിരിക്കും. ഒരിക്കൽ വിനീത് എന്നോടു പറഞ്ഞു ‘നീ ആരെയെങ്കിലും കൊന്നാലും ഞാൻ നിന്റെ കൂടെ നിൽക്കും.’ അതാണ് ഞങ്ങൾ അതാണ് ഹൃദയം. 

 

‘ഹൃദയം മ്യൂസിക് പൊളിക്കണം’ എന്നു പറഞ്ഞ് പലരും എനിക്ക് ഇന്നലെ മെസേജുകൾ അയച്ചു. അപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി. കാരണം ആ നല്ല ആശംസകൾ എല്ലാം ലഭിക്കേണ്ടത് ഹെഷാമിനാണ്. അവൻ ഹൃദയത്തിനു വേണ്ടി എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിക്കഴിഞ്ഞു. 2020–ലെ ഓണക്കാലത്ത് ‘മിന്നൽ മുരളി’ എന്ന ചിത്രത്തിലൂടെ ഞാൻ നിങ്ങളുടെ അടുത്തേയ്ക്കെത്തും. അതിനു ശേഷം ആട് 3 എന്ന ചിത്രത്തിലൂടെയും. 

 

ഹൃദയം നിറയെ സ്നേഹവുമായി ഞാൻ’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com